'അത് ചാറ്റ്ജിപിടി എഴുതിയ നോവൽ'; വെളിപ്പെടുത്തലുമായി ജപ്പാനിലെ സാഹിത്യ പുരസ്‌കാര ജേതാവ്‌-വിവാദം

റൈ കുഡാൻ രചിച്ച സയൻസ് ഫിക്ഷൻ നോവൽ 'ടോക്യോ സിംപതി ടവർ' ആണു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്

Update: 2024-01-24 08:31 GMT
Editor : Shaheer | By : Web Desk

വിവാദ നോവലുമായി റൈ കുഡാന്‍

Advertising

ടോക്യോ: ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയ നോവലിനെച്ചൊല്ലി വിവാദം. റൈ കുഡാൻ രചിച്ച സയൻസ് ഫിക്ഷൻ നോവൽ 'ടോക്യോ ടു ദോജോ ടൂ'(ടോക്യോ സിംപതി ടവർ) ആണു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്താൽ തയാറാക്കിയതാണ് നോവലെന്ന എഴുത്തുകാരിയുടെ വെളിപ്പെടുത്തലാണു ചര്‍ച്ചയായിരിക്കുന്നത്. ജപ്പാനിലെ ഏറ്റവും മൂല്യമേറിയ സാഹിത്യ പുരസ്‌കാരമായ അകുതാഗവയാണ് കൃതിയെ തേടിയെത്തിയിരിക്കുന്നത്.

പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു 33കാരിയുടെ വെളിപ്പെടുത്തൽ. ചാറ്റ്ജിപിടി പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സഹായത്തോടെയാണ് നോവൽ എഴുതിയതെന്നായിരുന്നു റൈ കുഡാൻ പറഞ്ഞത്. പുസ്തകത്തിന്റെ അഞ്ചു ശതമാനത്തോളം പൂർണമായും എ.ഐ ടൂൾ ആണ് എഴുതിയതെന്നും അവർ സമ്മതിച്ചു.

എ.ഐ സാങ്കേതികവിദ്യ തന്നെയാണ് നോവലിന്റെ പ്രമേയവും. ടോക്യോയിൽ ഉയരമേറിയതും സൗകര്യപ്രദവുമായൊരു ജയിൽ നിർമിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ട ആർക്കിടെക്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് നോവൽ ചർച്ച ചെയ്യുന്നത്. പ്രായോഗികമായി ഒരു പിഴവുമില്ലാത്ത കൃതിയാണെന്നാണ് പുരസ്‌കാരനിർണയ സമിതി നോവലിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. ഇനിയും എ.ഐ ഉപയോഗിച്ച് നോവൽ എഴുത്ത് തുടരുമെന്നും റൈ കുഡാൻ വ്യക്തമാക്കിയിട്ടുണ്ട്.

എ.ഐ ഉപയോഗിച്ച് നോവൽ എഴുതിയത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നാണു പുരസ്‌കാരനിർണയ സമിതി അംഗമായ കീച്ചിറോ ഹിറാനോ പ്രതികരിച്ചത്. പുസ്തകം വായിച്ചാൽ എ.ഐയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഭാവിയിൽ എ.ഐ ഉപയോഗം വിഷയമാകാനിടയുണ്ടെങ്കിലും ടോക്യോ സിംപതി ടവറിൽ അത്തരം പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജർമനിയിലും എ.ഐയുടെ പേരിൽ ഒരു പുരസ്‌കാര വിവാദം നടന്നിരുന്നു. സോണിയുടെ 2023ലെ വേൾഡ് ഫോട്ടോഗ്രഫി പുരസ്‌കാരം സ്വന്തമാക്കിയ ബോറിസ് എൽഡാജ്‌സെന്റെ വെളിപ്പെടുത്തലാണു വിവാദം സൃഷ്ടിച്ചത്. ക്രിയേറ്റീവ് വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹമായ ചിത്രം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ബോറിസ് സമ്മതിക്കുകയായിരുന്നു. തുടർന്ന് പുരസ്‌കാരം തിരസ്‌കരിക്കുകയും ചെയ്തു അദ്ദേഹം.

Summary: Japanese top literary award winner Rie Kudan admits using ChatGPT to write novel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News