അഡ്രസ് നൌഷാദിന് വാട്സ്ആപ്പ് ചെയ്യൂ; ദൂരമോ രാജ്യമോ തടസ്സമല്ല, പുസ്തകം വീട്ടിലെത്തിച്ചിരിക്കും

ആവശ്യക്കാർ ഒന്ന് വിളിക്കേണ്ടതേ ഉള്ളൂ. ആവശ്യമുള്ള പുസ്തകം ദിവസങ്ങൾക്കകം വീടുകളിലെത്തിച്ചിരിക്കും കോഴിക്കോട്ടുകാരന്‍ നൌഷാദ്

Update: 2021-06-19 06:59 GMT
By : Web Desk
Advertising

സ്മാർട്ട് ഫോൺ കൊണ്ട് ലോകമലയാളികളെ ഒറ്റക്കണ്ണിയിൽ കോർക്കുന്ന ഒരു പുസ്തക വിൽപ്പനക്കാരൻ ഉണ്ട് കോഴിക്കോട്. കല്ലായിയിൽ താമസിക്കുന്ന നൗഷാദ് കൊല്ലമാണ് ആ പുസ്തക വിൽപനക്കാരൻ. ഇതുവരെ ഒന്നരലക്ഷം പുസ്തകങ്ങളാണ് വായനക്കാർക്ക് നൗഷാദ് വീടുകളിലെത്തിച്ച് നൽകിയത്.

ആവശ്യക്കാർ ഒന്ന് വിളിക്കേണ്ടതേ ഉള്ളു. ആവശ്യമുള്ള പുസ്തകം ദിവസങ്ങൾക്കകം വീടുകളിലെത്തും. അതിന് ദൂരമോ രാജ്യങ്ങളോ തടസമല്ല. എവിടെയും കൃത്യമായി എത്തിക്കും. തിരഞ്ഞിട്ട് കിട്ടാത്ത പുസ്തകങ്ങൾ ഉണ്ടെകിലും നൗഷാദിനെ വിളിക്കാം. സംഘടിപ്പിച്ച് തരുമെന്ന് ഉറപ്പ്. പുസ്തക പരിചയപ്പെടുത്തലിനും വിൽപ്പനക്കുമായി സമൂഹമാധ്യമത്തെ ഉപയോഗപ്പെടുത്തി വ്യത്യസ്തനാവുകയാണ് ഇദ്ദേഹം. വീട്ടിലെ കിടപ്പുമുറിയിൽ ക്രമീകരിച്ചിരിക്കുന്ന പുസ്തക കെട്ടുകൾ കൊണ്ടും അഞ്ഞൂറിലധികം വരുന്ന പുസ്തകലോകം എന്ന വാട്ട്സ് ആപ് കൂട്ടായ്മകൾ വഴി വിവിധ ദേശങ്ങളിലുള്ള മലയാളികള്‍ക്ക് ആശ്രയമായിരിക്കുകയാണ് ഈ പുസ്തക വിൽപ്പനക്കാരൻ.

ആളുകള്‍ക്ക് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്താനായിട്ട് വാട്സ്ആപ്പ് കൂട്ടായ്മയാണ് ആദ്യം തുടങ്ങിയത്. ആദ്യം 25 പേരായിരുന്നു ആ കൂട്ടായ്മയിലുണ്ടായിരുന്നത്. വിപണിയിലിറങ്ങുന്ന പുസ്തകങ്ങളും അവയുടെ കവര്‍ ചിത്രങ്ങളും വിലയും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ആ 25 പേര് അവരുടെ സുഹൃത്തുക്കളെ ഗ്രൂപ്പിലേക്ക് ചേര്‍ത്തു.. അങ്ങനെ പുസ്തകലോകം എന്ന ആ ഗ്രൂപ്പ് വളരുകയായിരുന്നു. വാട്സ്ആപ്പും ഫെയ്സ്ബുക്കും ടെലഗ്രാമും അടക്കമുള്ള സോഷ്യല്‍മീഡിയ വഴി 500 ലധികം കൂട്ടായ്മകളിലൂടെയാണ് ഇപ്പോള്‍ പുസ്തകവില്‍പ്പന മുന്നോട്ടു പോകുന്നത് നൗഷാദ് കൊല്ലം പറയുന്നു.

23 വർഷത്തിലധികമായി പുസ്തക വിൽപ്പന നടത്തുന്ന ഇദ്ദേഹം ബസിലും ട്രെയിനുകളിലും സ്കൂളുകളിലും വീട് വീടാന്തരം കയറിയിറങ്ങിയും പുസ്തകങ്ങൾ വിറ്റുകൊണ്ടാണ് ഈ രംഗത്തേക്ക് കടക്കുന്നത്. ഇതിനിടയിൽ കൂലിപ്പണികൾ, ചെറുനാരങ്ങാവിൽപ്പന, പച്ചക്കറി വിൽപ്പന തുടങ്ങി മറ്റ് പല പണികളിലേക്കും കടന്നു.

പോസ്റ്റൽ അയക്കുവാനുള്ള പുസ്തകങ്ങൾ കൃത്യമായി വിലാസങ്ങൾ എഴുതിക്കെട്ടി ഒരു തോൾ സഞ്ചിയിലാക്കി നൗഷാദ് എന്നും പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി നീങ്ങും. എത്രയും വേഗം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനായി. 

Full View


Tags:    

By - Web Desk

contributor

Similar News