മുങ്ങിമരണങ്ങൾ എങ്ങനെ തടയാം?

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം നാലായിരത്തോളമാണ്.

Update: 2024-07-23 11:21 GMT
Advertising

കഴിഞ്ഞ ഏതാനും വർഷങ്ങളായി മുങ്ങിമരണങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവിന് കേരളം സാക്ഷിയായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം നാലായിരത്തോളമാണ്. 2016 മുതൽ 2021 വരെ മാത്രം 6710 പേർ മരിച്ചെന്നാണ് മുമ്പ് നിയമസഭയിൽ കൊച്ചി എം.എൽ.എ കെ.ജെ മാക്‌സിയുടെ മുങ്ങിമരണങ്ങളുടെ എണ്ണം കൂടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഒരു വർഷം ആയിരത്തോളം പേരെങ്കിലും കേരളത്തിൽ മുങ്ങിമരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. പലപ്പോഴും മുങ്ങിമരണങ്ങൾ പ്രാദേശിക വാർത്തകളിൽ മാത്രം ഒതുങ്ങി പോവാറാണ് പതിവ്. 2019ൽ മാത്രം കേരളത്തിൽ 1452 സംഭവങ്ങളിലായി 1490പേർ മുങ്ങി മരിച്ചിരുന്നു. അതായത് റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അപകടങ്ങളിൽ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്.

മുൻവർഷങ്ങളെക്കാൾ വർധനവ് മുങ്ങിമരണങ്ങളിൽ ഉണ്ടായെന്ന സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രശ്‌നത്തിന്റെ തീവ്രത ഉയർത്തിക്കാട്ടുന്നുവെങ്കിലും ഈ വിഷയത്തിൽ കേരളത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്ന വസ്തുത നിരാശാജനകമാണ്. സമഗ്ര ജലസുരക്ഷാ വിദ്യാഭ്യാസത്തിന്റെയും സജീവ നടപടികളുടെയും നിർണായക ആവശ്യകതയെ ഇനിയെങ്കിലും കാര്യമായി എടുക്കേണ്ടതുണ്ട്.

നദികൾ, തോടുകൾ, കുളങ്ങൾ, കായൽ എന്നിവയുടെ വിപുലമായ ശൃംഖലയുള്ള കേരളം പ്രത്യേകിച്ചും ജലസുരക്ഷയുടെ കാര്യത്തിൽ ദുർബലമാണ്. ഗ്രാമപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലും പുഴകളിലുമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മുങ്ങിമരണ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ആകെ മുങ്ങിമരണങ്ങളിൽ മുപ്പത് ശതമാനത്തോളം 14 വയസിന് താഴെയുള്ള കുട്ടികളാണ് എന്നതും ഇതുമായി ബന്ധപ്പെട്ട ദുരന്ത തയാറെടുപ്പുകളും അപകടങ്ങളുടെ പ്രതിരോധവും നിർണായകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മുങ്ങിമരണങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ ജല-വിദ്യാഭ്യാസത്തിലും അവബോധത്തിലുമാണ് തുടങ്ങേണ്ടത്. ചെറുപ്പം മുതൽ നീന്തൽ പഠിക്കുന്നത് മുങ്ങിമരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നത് എല്ലാവർക്കും അറിയാമെന്നിരിക്കെ കേരളത്തിലെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും നീന്തൽ അറിയില്ലെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. നീന്തൽ സ്വയം പഠിക്കുന്നതിന്റെയും മറ്റുള്ളവരെ പഠിപ്പിക്കുന്നതിന്റെയും പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല, അത് ജലസ്രോതസ്സുകൾക്ക് ചുറ്റും ജീവിക്കുന്ന എല്ലാവരുടെയും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉയർത്താൻ കൂടെ സഹായിക്കുന്നുണ്ട്. മുങ്ങിമരണങ്ങൾ തടയുന്നതിന് വിവിധ തലങ്ങളിൽ നിന്നുള്ള ഏകോപിത ശ്രമം ആവശ്യമാണ്.

1. പ്രാദേശിക ജലാശയങ്ങളെ അറിയുക, പുതുതലമുറയ്ക്ക് മനസിലാക്കികൊടുക്കുക എന്നത് അപകടങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്. ഓരോ നദിക്കും കുളത്തിനും വെള്ളക്കെട്ടുകൾക്കും വ്യത്യസ്തമായ അപകടസാധ്യതകൾ ഉണ്ടാക്കാൻ കഴിയുന്ന തനതായ സവിശേഷതകളുണ്ട്. പലപ്പോഴും പ്രദേശവാസികൾക്ക് മാത്രമായിരിക്കും ഇതിനെക്കുറിച്ച് വ്യക്തമായി അറിയുക.

2. മാതാപിതാക്കൾ കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ നീന്തൽ പഠിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയും അത്തരം നീന്തൽ പരിശീലന പരിപാടികളിൽ അവരുടെ സുരക്ഷിതമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. അപകടങ്ങൾ ഉണ്ടാവുമ്പോൾ പുഴകളിൽ നിന്നോ കുളങ്ങളിൽ നിന്നോ ആളുകളെ അകറ്റുക എന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല, മറിച്ച് പുഴകളെയും തോടുകൾ, കുളങ്ങൾ, പാറമടകൾ തുടങ്ങി എല്ലാ പ്രാദേശിക ജലസ്രോതസ്സുകളെയും കൂടുതൽ പരിചയപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകളാണ് നമുക്കാവശ്യം.

3. സർക്കാർ ജലസുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങൾ കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനോടൊപ്പം വ്യാപകമായി നീന്തൽ പരിശീലനവും ജല സുരക്ഷാ വർക്ക്ഷോപ്പുകളും പോലെയുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് അതിനുള്ള ധനസഹായം നൽകുകയും, ആളുകൾ കൂടുതലായി കുളിക്കാനിറങ്ങുന്നയിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം

4.തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്, ഓരോ പ്രദേശവാസിയെയും ഉൾപ്പെടുത്തി (പ്രത്യേകിച്ച് കുട്ടികളെ) പ്രദേശിക ജലാശയങ്ങളെ പരിചയപ്പെടുത്തുന്നതിന് ചെറിയ പഠനയാത്രകൾ പോലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ പറ്റിയാൽ അതൊരു വലിയ മാറ്റത്തിന് കാരണമാകും. ഈയൊരു സമീപനം സുരക്ഷിതമായ ജലാശയങ്ങൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും അപകടസാധ്യതകളെക്കുറിച്ചും ജല സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അവരെ പഠിപ്പിക്കാനും സഹായിക്കും. ആളുകൾ പതിവായി വരുന്ന ജനപ്രിയ നീന്തൽ സ്ഥലങ്ങളിൽ തുടർച്ചയായ പരിശോധന നടത്തുക, മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിക്കുക, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവ പഞ്ചായത്തുകൾക്ക് മുൻകൈയെടുത്ത് ചെയ്യാം

5. സ്‌കൂളുകളും കോളജുകളും അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിന് മുൻഗണന നൽകുന്നുണ്ടെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സൗജന്യമായോ അല്ലാതെയോ നൽകുന്ന നീന്തൽ ക്ലാസുകൾ പോലുള്ള സംരംഭങ്ങൾക്ക് ഇനിയും അകമഴിഞ്ഞ പിന്തുണയും സഹായങ്ങളും നൽകേണ്ടതുണ്ട്. ഇത്തരത്തിലുള്ള നീന്തൽ പരിശീലന പരിപാടികൾക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും. കൂടാതെ, സ്‌കൂൾ പ്രോഗ്രാമുകളിൽ ജലസുരക്ഷാ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകുന്നതും ജലാശയങ്ങളിൽ സുരക്ഷിതമായി ഇടപഴകാൻ കുട്ടികളെ പ്രാപ്തരാക്കും. പലപ്പോഴും ഇത്തരത്തിൽ നൽകുന്ന പരിശീലന പരിപാടികൾ ഒരു ചെറിയ ശതമാനം കുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നത് ഒരു പോരായ്മയായതിനാൽ പറ്റുമെങ്കിൽ നിർബന്ധമായും നീന്തൽ പഠിക്കണമെന്ന നിർദേശം സർക്കാർ തലത്തിൽ നിന്ന് വന്നാൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.

നീന്തൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• പരിചയ സമ്പന്നരായ നീന്തൽ വിദഗ്ധർ മാത്രം പഠിപ്പിക്കുക.

• കുട്ടികൾ വെള്ളത്തിനടുത്ത് ആയിരിക്കുമ്പോൾ എപ്പോഴും മേൽനോട്ടം വഹിക്കുക.

• നീന്തൽ സ്ഥലങ്ങൾ വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക.

• ലൈഫ് ജാക്കറ്റുകളുടെയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച് അനുഭവപരിചയമില്ലാത്തവർക്ക്.

• ജലസുരക്ഷാ സംരംഭങ്ങളിൽ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. കുട്ടികൾ, സ്ത്രീകൾ എന്നിവരെ പരമാവധി ഉൾപ്പെടുത്തുക.

അനേകായിരം കുളങ്ങളും വെള്ളക്കെട്ടുകളും തോടുകളും പുഴകളും നിറഞ്ഞ കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനവ് മുങ്ങിമരണങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നത് ജലസുരക്ഷയുടെ പ്രാധാന്യത്തിന്റെ നേർക്കാഴ്ചയാണ്.

നീന്തൽ പഠിപ്പിക്കുന്നതിലൂടെയും പ്രാദേശിക ജലാശയങ്ങളുമായി പ്രദേശവാസികളെ പരിചയപ്പെടുത്തുന്നതിലൂടെയും അവബോധത്തിന്റെയും തയാറെടുപ്പിന്റെയും (Awareness and preparedness) പുതിയൊരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇത്തരത്തിലുള്ള ദാരുണമായ അപകടങ്ങൾ നമുക്ക് തടയാനാകുമെന്നതിൽ സംശയമില്ല. സർക്കാരും സ്‌കൂളുകളും കുടുംബങ്ങളും ഒന്നിച്ചു നിന്ന് കൂട്ടായ ഉത്തരവാദിത്വത്തിലൂടെ കേരളത്തിലെ മുങ്ങിമരണങ്ങൾക്ക് അറുതി വരുത്താനാവും.

(പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി സോഷ്യൽ വർക്ക് വിഭാഗം ഗവേഷകനാണ് ലേഖകൻ)

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - മുഹമ്മദ് നാഫിഹ് കെ.എം

contributor

Similar News