മലപ്പുറം: കെ.ടി ജലീലിന്റെ വാദവും വസ്തുതകളും

ഭരണവികേന്ദ്രീകരണത്തിന്റെ പ്രാധാന്യം മുന്നോട്ടുവച്ച് ഏറ്റവും ശക്തമായി നിയമസഭയില്‍ മലപ്പുറം ജില്ലയുടെ ആവശ്യം ആദ്യം അവതരിപ്പിക്കുന്നത് എം.പി.എം അഹമ്മദ് ഗുരുക്കള്‍ എന്ന ബാപ്പു ഗുരുക്കള്‍ ആയിരുന്നു.

Update: 2024-10-09 07:09 GMT
Advertising

നിയമസഭയില്‍ മലപ്പുറം പ്രശ്‌നം ചര്‍ച്ചക്കെടുക്കവേ, നിലവിലുള്ള ആര്‍എസ്എസ് - സിപിഎം ബന്ധം എന്ന കേന്ദ്ര വിഷയത്തില്‍ നിന്ന് ചര്‍ച്ച വ്യതിചലിപ്പിക്കാനായി കെ.ടി ജലീലിന്റെ മലപ്പുറം ജില്ലാ രൂപീകരണ ചരിത്രം, അര്‍ധ വസ്തുതകളും വസ്തുതാപരമായ പിഴവുകളും വാക്യപ്പിഴവുകളും കൊണ്ട് അബദ്ധ സമ്പന്നമായിരുന്നു. മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി ജലീലില്‍ നിന്ന് പുറത്തേക്ക് വന്നത് ഇസ്‌ലാമോഫോബിയ കുടിച്ചു കൊഴുത്ത ഒരു സാധാരണ സിപിഎം ന്യായീകരണ തൊഴിലാളി പറയുന്ന കാര്യങ്ങളാണ്.

1969ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് ഇഎംഎസ് ആണെന്നും, കോണ്‍ഗ്രസ് അതിന് എതിരായിരുന്നു എന്നുമാണ് കെ.ടി ജലീല്‍ പറയുന്നത്. കോണ്‍ഗ്രസ്, പ്രതിപക്ഷ രാഷ്ട്രീയ അഭ്യാസങ്ങളുടെ ഭാഗമായി ജില്ലാ രൂപീകരണത്തിന് എതിരായിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, ഇഎംഎസ് ന്റെ നിലപാട് എന്തായിരുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍, ഗൗരിയമ്മയുടെ ആത്മ കഥയില്‍ നിന്ന് പുറകോട്ട് സഞ്ചരിക്കണം.

ഒരു ഭാഗത്ത് ഒ. രാജഗോപാല്‍ കണ്‍വീനറായി, ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ നിലപാടിനും അതിന് സമാന നിലപാടുള്ള സിപിഎമ്മിനും ഇടയില്‍ ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെ, ജില്ലാ രൂപീകരണ പദ്ധതി മാറ്റിവെക്കാനുള്ള കരുനീക്കങ്ങളുടെ ഭാഗമായി തല്‍ക്കാലം ഈ ആവശ്യം മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവയ്ക്കാന്‍ ഇഎംഎസ് ആവശ്യപ്പെട്ടു. എന്നാല്‍, സി എച്ച് മുഹമ്മദ് കോയയും അവുഖാദര്‍കുട്ടി നഹയും അതിശക്തമായ പ്രതിരോധമാണ് അതിനെതിരെ തീര്‍ത്തത്.

'സി.എച്ച് മുഹമ്മദ് കോയയുടെയും ബാപ്പു ഗുരുക്കളുടെയും തന്ത്രപരമായ നീക്കങ്ങള്‍ക്ക് എതിര്‍ തന്ത്രം മെനയാന്‍ കഴിയാതെ ഇഎംഎസ് വലിയ സംഘര്‍ഷം അനുഭവിച്ചിരുന്നു' എന്നാണ് ഗൗരിയമ്മ തന്റെ ആത്മകഥയില്‍ എഴുതി വച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ രൂപീകരണത്തിന് ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍, ഇഎംഎസിന് ഇങ്ങനെ മറുതന്ത്രം പ്രയോഗിച്ച് 'പരാജയം' അനുഭവിക്കേണ്ടി വരില്ലായിരുന്നു.

സിപിഎമ്മിലെ വലിയൊരു വിഭാഗം അന്ന് ജില്ലാ രൂപീകരണത്തിന് ശക്തമായി എതിരായിരുന്നു.

സിപിഎം എംഎല്‍എ പി.സി രാഘവന്‍ നായരുടെ നേതൃത്വത്തില്‍, ഒരു വിഭാഗം സിപിഎം എംഎല്‍എമാര്‍ ജില്ലാ രൂപീകരണത്തിനെതിരെ നിയമസഭയില്‍ നിലപാട് സ്വീകരിച്ചു. ജില്ലാ രൂപീകരണ ചര്‍ച്ച അപ്രസക്തമാക്കാന്‍, ഭൂപരിഷ്‌കരണവും കാര്‍ഷിക കടാശ്വാസവും ആണ് പ്രധാനം എന്ന രീതിയില്‍ ചര്‍ച്ചകളെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

ഒരു ഭാഗത്ത് ഒ. രാജഗോപാല്‍ കണ്‍വീനറായി, ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ നിലപാടിനും അതിന് സമാന നിലപാടുള്ള സിപിഎമ്മിനും ഇടയില്‍ ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെ, ജില്ലാ രൂപീകരണ പദ്ധതി മാറ്റിവെക്കാനുള്ള കരുനീക്കങ്ങളുടെ ഭാഗമായി തല്‍ക്കാലം ഈ ആവശ്യം മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവയ്ക്കാന്‍ ഇഎംഎസ് ആവശ്യപ്പെട്ടു. എന്നാല്‍, സി എച്ച് മുഹമ്മദ് കോയയും അവുഖാദര്‍കുട്ടി നഹയും അതിശക്തമായ പ്രതിരോധമാണ് അതിനെതിരെ തീര്‍ത്തത്.

'മുസ്‌ലിം ലീഗിനെ വഞ്ചിക്കാന്‍ മാര്‍ക്‌സിസ്റ്റ് തന്ത്രങ്ങള്‍' എന്ന പേരില്‍ അന്ന് മലയാള മനോരമയില്‍ ഒരു വാര്‍ത്ത വരെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. സിപിഐയെ ഉപയോഗിച്ച് ഇഎംഎസ് നടത്താന്‍ ഉദ്ദേശിച്ച തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ സിപിഐ ശക്തമായ പ്രതിതന്ത്രം കൊണ്ട് അതിനെ നേരിടുകയായിരുന്നുവത്രേ. തുടര്‍ന്ന് ഐക്യമുന്നണി കോഡിനേഷന്‍ യോഗത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ മലപ്പുറം ജില്ലാ രൂപീകരണം ബോധപൂര്‍വ്വം വൈകിപ്പിക്കുന്നു എന്ന ആരോപണം സി.എച്ച് മുഹമ്മദ് കോയ ഉന്നയിച്ചു.

കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനും ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനും ഒരുപോലെ മുന്നറിയിപ്പ് കൊടുത്തുകൊണ്ട് സി.എച്ച് മുഹമ്മദ് കോയ പറഞ്ഞതിന്റെ സംക്ഷിപ്തം ഇതാണ്: 

'ചവിട്ടുന്ന കാലില്‍ നക്കാന്‍ ഞങ്ങള്‍ പഠിച്ചിട്ടില്ല. അഭിമാനത്തിന് ക്ഷതം സംഭവിച്ചാല്‍ ഭരണത്തില്‍ നിന്ന് ഇറങ്ങുമെന്ന് ഞങ്ങളുടെ പഴയ കൂട്ടുകാര്‍ക്കും പുതിയ കൂട്ടുകാര്‍ക്കും അറിവുള്ളതാണ്. അധികാരത്തിനു വേണ്ടി സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കില്ല..' - സി.എച്ച് മുഹമ്മദ് കോയയുടെ ഈ വാക്കുകളാണ് വര്‍ഗവഞ്ചകനായി അവതരിക്കുന്ന കെ.ടി ജലീല്‍ ഓര്‍ത്തു പഠിക്കേണ്ടത്.

1967 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി സപ്തകക്ഷി ഐക്യമുന്നണി പരിപാടികളുടെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ അനിവാര്യത മുസ്‌ലിം ലീഗ് ഉന്നയിച്ചപ്പോള്‍ അത് മന്ത്രിസഭ രൂപീകരിക്കപ്പെട്ടതിനുശേഷം പിന്നീട് ചര്‍ച്ച ചെയ്താല്‍ മതി എന്നായിരുന്നു ഇഎംഎസ് പറഞ്ഞത്. എന്നാല്‍, അത് സാധ്യമല്ല; മുന്നണി പരിപാടികള്‍ കൃത്യമായി ആവിഷ്‌കരിച്ചു മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് അസന്നിഗ്ദ്ധമായി ആവശ്യപ്പെട്ടത് ബാഫഖി തങ്ങളായിരുന്നു. അവിടെയും ഒരുപക്ഷേ ഇഎംഎസിന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സിപിഎം മാത്രമല്ല, ഏഴു കക്ഷികളും ഒരുപോലെ ഒപ്പുവെച്ചുകൊണ്ടാണ് മുന്നണിയോഗം തെരഞ്ഞെടുപ്പിനു മുമ്പ് മലപ്പുറം ആവശ്യം പാസാക്കിയത്.

ഭരണവികേന്ദ്രീകരണത്തിന്റെ പ്രാധാന്യം മുന്നോട്ടുവച്ച് ഏറ്റവും ശക്തമായി നിയമസഭയില്‍ മലപ്പുറം ജില്ലയുടെ ആവശ്യം ആദ്യം അവതരിപ്പിക്കുന്നത് എം.പി.എം അഹമ്മദ് ഗുരുക്കള്‍ എന്ന ബാപ്പു ഗുരുക്കള്‍ ആയിരുന്നു. എന്നാല്‍, പെട്ടെന്നുണ്ടായ ഗുരുതരമായ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയ അന്നത്തെ റവന്യൂ മന്ത്രി ഗൗരിയമ്മയെ കാണാന്‍ വിസമ്മതിച്ചു കൊണ്ട് തന്റെ ധാര്‍മിക രോഷം ബാപ്പു ഗുരുക്കള്‍ പ്രകടിപ്പിക്കുകയുണ്ടായി. 48ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. സിപിഎം നേതാക്കള്‍ മലപ്പുറം ജില്ലാ രൂപീകരണത്തിന് സമ്പൂര്‍ണ്ണ പിന്തുണയുള്ളവരായിരുന്നുവെങ്കില്‍ ബാപ്പു ഗുരുക്കള്‍ക്ക് രോഗശയ്യയില്‍ കിടന്ന് ഇങ്ങനെ പ്രതികരിക്കേണ്ടി വരുമായിരുന്നോ?

ജില്ലാ രൂപീകരണം സംസ്ഥാന പുനഃസംഘടനാ നിയമത്തിന് വിരുദ്ധമാണ് എന്ന് കാണിച്ച് മലപ്പുറം വിരുദ്ധര്‍ ഹൈക്കോടതിയില്‍ കൊടുത്ത റിട്ട് ഹര്‍ജി തള്ളിക്കൊണ്ട്, ഭരണപരമായ, സുഗമമായ പ്രവര്‍ത്തനത്തിന് ജില്ലാ രൂപീകരണം പോലെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാമെന്ന് ഹൈക്കോടതി വിധി വന്നതോടെ എല്ലാവരുടെയും തന്ത്രങ്ങള്‍ വീണ്ടും പൊളിയുകയായിരുന്നു. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ കെപിസിസിയും സംഘ്പരിവാറും വഞ്ചനാദിനമായി പ്രഖ്യാപിക്കുമ്പോള്‍, ഉയര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ കെ.പി.ആര്‍ ഗോപാലന്‍ കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതും മറന്നുപോകരുത്.

പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍, ആദ്യമായി പി.കെ അഹമ്മദ് (ബാപ്പുട്ടി സാഹിബ്) ജില്ലാ രൂപീകരണ വിഷയം ചര്‍ച്ചയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് 1960ലെ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ആദ്യമായി അഡ്വ. അബ്ദുള്‍ മജീദ് എംഎല്‍എ ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും അതിസങ്കീര്‍ണ്ണമായി കിടക്കുന്ന പാലക്കാട്-കോഴിക്കോട് ജില്ലയ്ക്കിടയില്‍ മൂന്നാമതൊരു ജില്ലയുടെ ആവശ്യം ഉന്നയിക്കുന്നത്.

അന്നൊന്നും ഏതെങ്കിലും സിപിഎമ്മുകാരോ, വലിയ സാമൂഹ്യ ശാസ്ത്ര-ഭരണ പുരോഗമന പരിജ്ഞാനവും, ധിഷണാ ശക്തിയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഇഎംഎസ് നമ്പൂതിരിപ്പാടോ സങ്കീര്‍ണമായ ഈ സാമൂഹ്യ സാഹചര്യത്തെ മനസ്സിലാക്കി ഒരു ജില്ല രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടതായി എവിടെയും ആരും കേട്ടിട്ടില്ല.

മറ്റൊന്ന് മലബാര്‍ കര്‍ഷക കലാപത്തെ കുറിച്ചുള്ള കെ.ടി ജലീലിന്റെ പരാമര്‍ശമാണ്:

'മലബാര്‍ കലാപത്തില്‍, മുസ്‌ലിംകള്‍ അല്ലാത്ത കര്‍ഷക - തൊഴിലാളികള്‍ പങ്കെടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒരു മതാത്മക മാനം ഉണ്ട് 'എന്നാണ് ഇഎംഎസ് നിരീക്ഷിച്ചത്. ഇഎംഎസിന്റെ ചരിത്രത്തോടുള്ള പ്രതിലോമ, ന്യൂനപക്ഷ വിരുദ്ധ സമീപനം മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നിരവധി ജില്ലകള്‍ രൂപംകൊണ്ടു. അതിനെല്ലാം രാഷ്ട്രീയ - സാമൂഹ്യ-സാമ്പത്തിക-വികസന ന്യായവാദങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍, മലപ്പുറം ജില്ല മാത്രം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഇന്നും തുടരുകയാണ്.

ഒരു വംശത്തെ മുഴുവന്‍ ഭൂരിപക്ഷ ഹിന്ദുത്വ വംശീയ ഭീകരതയ്ക്ക് ഒറ്റുകൊടുക്കുന്നതിന് ലഭിക്കാവുന്ന സാമാന്യം ഭേദപ്പെട്ട കൂലി നിരക്ക് എത്രയാണ് എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ പ്രേംബാബു

Writer

Similar News