ഇസ്‌ലാമോഫോബിയക്ക് മുസ്‌ലിംകളില്‍ നിന്നും ഇസ്‌ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം: ഇസ്‌ലാമോഫോബിയ - സെപ്റ്റംബര്‍ മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്)

Update: 2024-10-16 06:04 GMT
Advertising

കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനം രാഷ്ട്രീയനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയുമായുള്ളൊരു അഭിമുഖം മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന രാഷ്ട്രീയം പരിശോധിക്കുന്നതായിരുന്നുവിത്. വിഷയം ഇതാണെങ്കിലും കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ പങ്കുവച്ചാണ് അഭിമുഖമാരംഭിച്ചത്. തുടര്‍ന്ന്, സെപ്റ്റംബറിലിതു പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളിയിലും സമാനമായ ഹിന്ദുത്വ ഉപഗ്രഹ ചാനലുകളിലും ഇതേ വാദം ആവര്‍ത്തിച്ചു.

ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണെന്ന് ഫക്രുദ്ദീന്‍ അലി ഭാഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണമായി മുസ്‌ലിംകളെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: അന്യമതവിദ്വേഷം കേരളത്തില്‍ വ്യാപകമാണ്. മുസ്‌ലിംകള്‍ക്കെതിരേയാണ് കൂടുതല്‍ വിദ്വേഷമുള്ളത്. മുസ്‌ലിംകള്‍ മതത്തില്‍ ആളെക്കൂട്ടാന്‍ ഇതര മതങ്ങളെ കുറ്റപ്പെടുത്തും. മോശമായി ചിത്രീകരിക്കും. മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വസ്ത്രധാരണത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ആകെ ഒരു തട്ടത്തിന്റെ വ്യത്യാസമേയുള്ളൂ. ഇന്ന് അങ്ങനെയല്ല.

മുസ്‌ലിംകള്‍ അന്യവത്കരണം സ്വയം ഉണ്ടാക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നത് മുസ്‌ലിംകള്‍തന്നെയാണ്. കുട്ടികളെ സ്വന്തം സ്‌കൂളുകളിലാണ് വിടുന്നത്. മുസ്‌ലിംകളുടെ ഷോപ്പില്‍നിന്നു മാത്രമാണ് സാധനം വാങ്ങുന്നത്. ഇതുപോലെ മറ്റു സമുദായങ്ങളും ചെയ്തുതുടങ്ങി. എന്റെ മതംപോലെ പ്രധാനമാണ് മറ്റു മതങ്ങളെന്നും മതഗ്രന്ഥങ്ങളെന്നും മതസ്ഥാപനങ്ങളെന്നും കരുതുന്നയാളാണ് ഞാന്‍. ഇതര മതക്കാര്‍ക്ക് ബഹുമാനം കൊടുക്കാറുണ്ട്. ഞാന്‍ ഇസ്‌ലാമിനെ മാത്രമല്ല, മറ്റ് മതങ്ങളെയും വിമര്‍ശിക്കാറുണ്ട്.

മുമ്പ് മുസ്ലിംസമുദായത്തിനെതിരേ ഇത്ര വിദ്വേഷമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം ലഭിച്ച ന്യൂജനറേഷന്‍ പഠിച്ചത് മുസ്ലിംസ്ഥാപനങ്ങളില്‍ത്തന്നെയാണ്. ഇവര്‍ മുസ്ലിംഗ്രൂപ്പില്‍ മാത്രമാണ് വന്നുചേരുന്നത്. ഫലസ്തീന്റെ മുസ്ലീങ്ങളുടെയോ യുപിയിലെ മുസ്ലീങ്ങളുടെയോ ചരിത്രമാണ് നമ്മുടെ ചരിത്രമെന്നാണ് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ നമ്മെ പീഡിപ്പിക്കുകയാണ് ചെറുത്തുനിന്നാലേ രക്ഷയുള്ളൂ എന്ന മാനസികാവസ്ഥയിലേക്ക് അവര്‍ പോയിരിക്കുന്നു. നമ്മുടെ ചരിത്രം അവര്‍ക്കറിയില്ല. മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ജൂതന്മാര്‍ക്കും ഹിന്ദുരാജാക്കന്മാരാണ് സഹായം ചെയ്തുകൊടുത്തത്. മുസ്ലീങ്ങള്‍ അവരുടെ കീഴില്‍ രണ്ടാം സ്ഥാനക്കാരായി ഹാപ്പിയായി ജീവിച്ചവരാണ്. മുസ്ലീങ്ങള്‍ രാജാവാകാന്‍ ആഗ്രഹിച്ചില്ല. ഇടക്ക് കുഞ്ഞാലി ആഗ്രഹിച്ചു. പണികിട്ടുകയും ചെയ്തു. മുസ്ലീങ്ങള്‍ എന്നും പിന്നിലായിരുന്നു. ഇപ്പോഴാണ് അവര്‍ കയറിവന്നത്. ഇത് ഇവിടത്തെ മുസ്ലീങ്ങള്‍ക്കറിയില്ല. പിന്നിലേക്ക് തള്ളിമാറ്റിത് ഇപ്പോഴാണെന്നാണ് അവര്‍ കരുതുന്നത്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന് ഇവര്‍ എതിരുനിന്നു. ഇംഗ്ലീഷിനും എതിരുനിന്നു. അതോടെ ജോലിയില്ലാതെയായി. പിന്നെയാണ് ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും നൂറു വര്‍ഷം കഴിഞ്ഞു. അതില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തി. മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളോട് വിരോധമുണ്ട്. മുസ്ലീങ്ങളെ സഹായിച്ചവരാണ് ഹിന്ദുക്കള്‍. എന്നിട്ടും അവരോടാണ് വിരോധം. അവര്‍ക്ക് ആര്‍എസ്എസ് വിരോധമുണ്ട്. പക്ഷേ, സംസാരിച്ചാല്‍ മനസ്സിലാവും ഹിന്ദുവിരോധമാണെന്ന്. (ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നത് മുസ്ലീങ്ങള്‍ തന്നെ, സുരേഷ് ഗോപി മന്ത്രിയായ ശേഷം!, ആഗസ്റ്റ് 21, 2024, മറുനാടന്‍ മലയാളി).

അഞ്ചു രീതികള്‍

ഫക്രുദ്ദീന്റെ കാഴ്ചപ്പാടനുസരിച്ച് ഇസ്‌ലാമോഫോബിയയ്ക്കു കാരണം ഹിന്ദുത്വരോ മതേതരരോ മറ്റിതര വിഭാഗങ്ങളോ അല്ല, മുസ്‌ലിംകള്‍ തന്നെയാണ്. അവര്‍ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്നതുകൊണ്ടാണ് ഇസ്‌ലാമോഫോബിയ വര്‍ധിക്കുന്നത്. ഇസ്‌ലാമോഫോബിയയും മുസ്ലിംവിരുദ്ധ വംശീയതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നും അദ്ദേഹം കരുതുന്നില്ല. ഇസ്‌ലാമോഫോബിയയുടെ കാരണങ്ങള്‍ ഇസ്‌ലാമില്‍ നിന്നും മുസ്‌ലിംകളില്‍നിന്നും തന്നെ കണ്ടെത്തുന്നതിന്റെ വിവിധ രീതികളിലൊന്നാണ് ഇത്.

ചിലര്‍ ഇസ്‌ലാമിലാണ് മുഴുവന്‍ കുഴപ്പങ്ങളും കാണുന്നത്. എന്നാല്‍, മുസ്‌ലിംകളെ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറ്റിനിറുത്തുന്നു. മറ്റു ചിലര്‍ ഇസ്‌ലാമെന്ന മതം നല്ലതാണെങ്കിലും മുസ്‌ലിം ജനങ്ങളാണ് കുഴപ്പമെന്നു കരുതുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അല്ല പ്രശ്‌നം മുസ്‌ലിം സംഘടനകള്‍ക്കാണെന്നു പറയുന്നവരുണ്ട്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കുമല്ല മറിച്ച് ചില പ്രത്യേക വിഭാഗം മുസ്‌ലിംകള്‍ക്കും സംഘടനകള്‍ക്കും മാത്രമാണ് കുഴപ്പം എന്നു പറയുന്നവരും ഉണ്ട്. ഇസ്‌ലാമോഫോബിയയുടെ ഉത്തരവാദിത്വം ഇസ്‌ലാം മതത്തിലും മുസ്‌ലിം ജനതയിലും നിക്ഷേപിക്കുന്ന രീതിയാണിത്. ഫലത്തില്‍ ഇസ്‌ലാം - മുസ്‌ലിം എന്ന സൂചകത്തെപ്പറ്റിയുള്ളൊരു ഇസ്‌ലാമോഫോബിക് ആഖ്യാനമായി വൈരുധ്യസ്വഭാവമുള്ള ഈ നിലപാടുകള്‍ പരസ്പരം കണ്ണിചേരുന്നു. ഇസ്‌ലാമോഫോബിയ എന്ന സൂചക ശ്യംഖല പ്രവര്‍ത്തിക്കുന്നതിന്റെ വിവിധ വകഭേദങ്ങളുടെ ഭാഗമാണിത്. ഇസ്‌ലാമോഫോബിയയുടെ വംശീയാഖ്യാനത്തെ ഇതു ശക്തിപ്പെടുത്തുന്നു. ഇവ്വിഷയകമായി കേരളത്തില്‍ നിലനില്‍ക്കുന്ന അഞ്ചു വിശകലനരീതികള്‍ താഴെ കൊടുക്കുന്നു.

1) ഇസ്‌ലാമാണു പ്രശ്‌നം, ഇസ്‌ലാമോഫോബിയയല്ല

ഇസ്‌ലാമും മുസ്‌ലിംകളും ഒരുപോലെ അപകടകാരികളാണെന്നും മസ്‌ലിംകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ പ്രശ്‌നമില്ലെന്നും ഇസ്‌ലാമോഫോബിയ ഇസ്‌ലാമിസ്റ്റുകളുടെ സൃഷ്ടിയാണെന്നും ആഗോളതലത്തില്‍ ഹിന്ദുത്വയെക്കാള്‍ അപകടകാരി ഇസ്‌ലാമാണെന്നും വാദിക്കുന്നയാളാണ് നിരീശ്വരവാദിയായ സി. രവിചന്ദ്രന്‍ (എഴുത്ത്: പി.പി പ്രശാന്ത്, 2020 മാധ്യമം വാര്‍ഷിക പതിപ്പ്). മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രശ്‌നമാണ് മതപ്രശ്‌നം. റിച്ചാഡ് ഡോകിന്‍സ്, സാം ഹാരിസ് തുടങ്ങിയ നവനാസ്തികരുടെ വംശീയ ജീവശാസ്ത്ര നിര്‍ണ്ണയമാണ് രവിചന്ദ്രന്‍ പിന്തുടരുന്നത്. സാമൂഹികവിശകലനമെന്ന നിലയിലല്ല ഇസ്‌ലാമോഫോബിയയെ അദ്ദേഹം കാണുന്നത്. സംഘ്പരിവാറിനെയും മുസ്‌ലിംകളെയും ഒരുപോലെ എതിര്‍ക്കാനാണ് രവിചന്ദ്രന്റെ ആഹ്വാനം.

2) ഇസ്‌ലാമോഫോബിയയുണ്ട്. പക്ഷേ, തീവ്ര ഇസ്‌ലാമിനുമൊരു പങ്കുണ്ട്

ഇസ്‌ലാമോഫോബിയയെ നിഷേധിക്കാതെത്തന്നെ ഇസ്‌ലാമിക വിശ്വാസത്തില്‍ ഇസ്‌ലാമോഫോബിയയുടെ കാരണം കണ്ടെത്തുന്ന നിലപാടുമുണ്ട്. ലിബറല്‍ ഇസ്‌ലാം എന്ന സമീപനമാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ലിബറല്‍ ഇസ്‌ലാമിന്റെ തകര്‍ച്ചയും തീവ്രവാദ ഇസ്‌ലാമിന്റെ വളര്‍ച്ചയും ഇസ് ലാമോഫോബിയയുടെ കാരണമാണെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ (തീവ്രവാദത്തെ ഇസ്‌ലാമോഫോബിയ എന്ന പരിചകൊണ്ടു തടുക്കുന്നവര്‍ കാണാതെ പോവുന്നത്, 21 ഡിസംബര്‍ 2017, സമകാലിക മലയാളം ഡോട്ട് കോം) കരുതുന്നു.

'ഇസ്‌ലാമോഫോബിയയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവര്‍ ലിബറല്‍ ഇസ്‌ലാമോഫോബിയയിലേയ്ക്കുകൂടി കണ്ണയയ്ക്കേണ്ടതുണ്ട്. സംശയമില്ല, ഇസ്‌ലാമോഫോബിയ വിമര്‍ശിക്കപ്പെടണം. പക്ഷേ, അതിലേറെ വിമര്‍ശിക്കപ്പെടേണ്ടതാണ് ലിബറല്‍ ഇസ്‌ലാമോഫോബിയ. കാരണം, ലിബറല്‍ ഇസ്‌ലാം ദുര്‍ബലമാകുമ്പോഴാണ് ഇസ്‌ലാമോഫോബിയ രൂപപ്പെടുന്നതിനുള്ള മൂലഹേതുവായ ഇസ്‌ലാമിക തീവ്രവാദം വളരുന്നത്. തീവ്രമതത്തിനുള്ള പ്രതിരോധ മരുന്നത്രേ ഉദാരമതം.' ഇസ്‌ലാമോഫോബിയ രൂപപ്പെടുന്നത് ശീതയുദ്ധാനന്തരമുള്ള ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണെന്നൊരു ചരിത്രവീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഇസ്‌ലാമികവിശ്വാസത്തില്‍ കുറവുണ്ടായാല്‍ മതവിശ്വാസംതന്നെ നേര്‍ത്തുവരുമെന്നും അത് ഇസ്‌ലാമോഫോബിയ കുറയാന്‍ കാരണമാകുമെന്നുമാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ വിലയിരുത്തല്‍.

3) ഇസ്‌ലാമല്ല കുഴപ്പം, പക്ഷേ മുസ്‌ലിം ജനം നിര്‍മിക്കുന്നതുകൂടിയാണ് ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയയുടെ മുസ്‌ലിം കാരണങ്ങളെന്ന പേരില്‍ നാസിറുദ്ധീന്‍ (2020, ഡ്യൂള്‍ ന്യൂസ് ഡോട്ട് കോം) എഴുതിയ ലേഖനം ഇസ്‌ലാം നല്ലതാണെങ്കിലും മുസ്‌ലിംകളിലെ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ ഇസ്‌ലാമോഫോബിയയുടെ പ്രധാന കാരണമായി കണ്ടെത്തുന്നു. പരിഷ്‌കരണ ഇസ്‌ലാം വാദം (റിഫോമിസ്റ്റ് ഇസ്‌ലാം) ആണ് ഈ ചിന്തയുടെ സൈദ്ധാന്തിക പരിസരം. ഇസ്‌ലാമോഫോബിയയുടെ പ്രശ്നത്തെ ലഘൂകരിക്കുന്ന രീതിയില്‍ പരിഷ്‌കരണ ഇസ്‌ലാം വാദം മാറുന്നുവെന്ന പ്രശ്നമുണ്ടിതില്‍.

പ്രവാചകനിന്ദയെന്ന നിയമം പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും മതവിമര്‍ശകര്‍ക്കെതിരേയും ഉപയോഗപ്പെടുത്തുന്ന പശ്ചാത്തലത്തിലും ഫ്രഞ്ച് ഇസ്‌ലാമോഫോബിയയും സമം ചേര്‍ത്താണ് വിശകലനം. 95 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന പാകിസ്താനിലെ പ്രശ്‌നങ്ങള്‍ ഭരണകൂട ഇസ്‌ലാമോഫോബിയയുടെ ഭാഗമല്ലെന്നും അദ്ദേഹം വാദിക്കുന്നു. പാകിസ്താനിലെ അധിനിവേശാനന്തര ഭരണകൂടങ്ങളുടെ ചരിത്രം, ഇംഗ്ലീഷ് മതനിന്ദാ നിയമത്തിന്റെ ഭരണകൂട ചരിത്രം, ഇസ്‌ലാമിക നിയമങ്ങളും മതനിന്ദയും തുടങ്ങിയ വിഷയങ്ങളെ വേറിട്ടു പരിശോധിക്കുന്ന നവീദ അഹ്മദ് ഖാന്റെ മുസ്‌ലിം ബികമിംഗ്: സ്‌കെപ്റ്റിസിസം ആന്‍ഡ് ആസ്പിരേഷന്‍ ഇന്‍ പാകിസ്താന്‍ (2012, ഡ്യൂക്ക് യൂനിവേഴ്‌സിറ്റി പ്രസ്) എന്ന പഠനം മത-മതേതര നിയമങ്ങളുടെയും സംയുക്തമാണ് പാകിസ്താനിലെ മതനിന്ദാ നിയമത്തിന്റെ ആകെത്തുകയെന്നു പറയുന്നു. ഇത്തരമൊരു വിഷയത്തെ സവിശേഷമായും ചരിത്രപരമായും പരിശോധിക്കുന്നതിനു പകരം അതിനെ ഇസ്‌ലാമോഫോബിയയുടെ മുസ്‌ലിം കാരണമായി കൂട്ടിയോജിപ്പിക്കുന്നു.

മതനിന്ദ, ഹിംസ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ജനങ്ങളുടെ പ്രവര്‍ത്തനത്തെയും ഇടപെടലുകളെയും വിശകലനം ചെയ്യാനും വിമര്‍ശിക്കാനും വേറിട്ടൊരു രീതിശാസ്ത്രംതന്നെ സാധ്യമാണ്. അതിനെ ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. സ്ത്രീകളുടെ ജീവിതപ്രവര്‍ത്തനത്തെ പഠിക്കാന്‍ സ്വതന്ത്രമായി ശ്രമിക്കുന്നതിനു പകരം സ്ത്രീവിരുദ്ധതയുടെ പുരുഷ ചരിത്രത്തിനു സ്ത്രീകളുടെ പ്രവര്‍ത്തനവും അളവുകോലാക്കുന്ന ലളിതവായനപോലെയാണത്.

4) മുസ്‌ലിംകളല്ല, മുസ്‌ലിം സംഘടനകള്‍ കാരണമാണ് ഇസ്‌ലാമോഫോബിയ

മുസ്‌ലിംകള്‍ കുഴപ്പക്കാരോ വര്‍ഗീയവാദികളോ അല്ല, മുസ്‌ലിം സംഘടനകളാണ് കുഴപ്പമെന്ന നിലപാട് വലിയൊരു വിഭാഗം വച്ചുപുലര്‍ത്തുന്നു. ഈ നിലപാടു വച്ചുപുലര്‍ത്തുന്ന എഴുത്തുകാരനാണ് പ്രമോദ് പുഴങ്കര. 'മുസ്‌ലിം ലീഗാണ് വര്‍ഗീയത, മുസ്‌ലിംകളല്ല' (21 ഡിസംബര്‍ 2020, ദി ക്യൂ ഡോട്ട് ഇന്‍) എന്ന ലേഖനം ഉദാഹരണം. പ്രമോദ് പുഴങ്കരയുടെ വരികള്‍: 'മുസ്‌ലിം ലീഗോ ജമാഅത്തെ ഇസ്‌ലാമിയോ എസ്ഡിപിഐയോവൊക്കെ അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കപ്പെടുമ്പോള്‍ അതിലെവിടെയാണ് മുസ്‌ലിം വിരുദ്ധത, ഇസ്‌ലാമോഫോബിയ? മഹാഭൂരിപക്ഷം മുസ്‌ലിംകളും വര്‍ഗീയവാദികളല്ല, ജമാഅത്തെ ഇസ്‌ലാമിയുമല്ല, ലീഗുമല്ല. മുസ്‌ലിം ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിലുള്ള ഒരു രാഷ്ട്രീയകക്ഷിയാണ്. രാഷ്ട്രീയ വിമര്‍ശനം നേരിടുമ്പോള്‍ മുസ്‌ലിം സമുദായത്തെ ആക്രമിച്ചേ എന്ന തട്ടിപ്പ് ഇനി ചെലവാകില്ല.'

നാസിറുദ്ദീന്‍, മുസ്‌ലിം ജനങ്ങളിലെ ചില കാഴ്ചപ്പാടുകളുടെ പ്രശ്‌നത്തെ ഇസ്‌ലാമോഫോബിയയുടെ കാരണമായി കണ്ടെത്തുന്നുവെങ്കില്‍, 'അതീവ നിഷ്‌കളങ്കരായ' മുസ്‌ലിം ജനത്തെ വഴിതെറ്റിക്കുന്ന വര്‍ഗീയ ധ്രുവീകരണ വക്താക്കളായി മുസ്‌ലിം സംഘടനകളെ പ്രമോദ് പുഴങ്കര ചിത്രീകരിക്കുന്നു. നിശബ്ദ ഭൂരിപക്ഷമെന്ന നിലയില്‍, ശബ്ദമില്ലാത്ത മുസ്‌ലിമെന്ന സങ്കല്‍പം നിര്‍മിച്ചാണ് ഈ ആഖ്യാന മാതൃക വികസിക്കുന്നത്. നിശബ്ദ ഭൂരിപക്ഷമായ മുസ്‌ലിം ജനത്തിന്റെ ശബ്ദം ഏറ്റെടുക്കുന്ന ഉദാര/ചരിത്രരഹിത പുരുഷനായി ആഖ്യാതാവ് സ്വയം അവരോധിക്കുന്നു. മാത്രമല്ല, ഇസ്‌ലാമോഫോബിയക്കു മുസ്‌ലിംകളില്‍നിന്നുതന്നെ കാരണങ്ങള്‍ കണ്ടെത്തുന്നു.

5) ഇസ്‌ലാമോഫോബിയ മുസ്‌ലിം ജനങ്ങളുടെ പ്രശ്‌നമേയല്ല

മുസ്‌ലിം സാമാന്യജനമെന്ന നിര്‍മിതിയൊരു പരിധിയും കടന്നു ഇസ്‌ലാമോഫോബിയയെ നിഷേധിക്കാനുള്ള കാരണമായി മാറുന്നു. മുസ്‌ലിംകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ പ്രശ്‌നം ഇല്ലെന്നും ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ച ഇതര-മതസ്ഥരായ ഹിന്ദു - ക്രിസ്ത്യന്‍ ബുദ്ധിജീവികളുടെ സൃഷ്ടിയാണെന്നും വാദിക്കുന്ന സി.ആര്‍ പരമേശ്വരന്‍ (ബുദ്ധിജീവികളുടെ അഴിമതി, 4 ആഗസ്റ്റ് 2015, മാതൃഭൂമി ദിനപത്രം) സാമാന്യ മുസ്‌ലിം ജനങ്ങള്‍ക്ക് ഇസ്‌ലാമോഫോബിയ പ്രശ്‌നമല്ലെന്ന നിലപാടാണ് വികസിപ്പിച്ചത്. രവിചന്ദ്രന്‍ സാധാരണ മുസ്‌ലിംകള്‍ മതവിശ്വാസികളെന്ന നിലയില്‍ കുഴപ്പക്കാരാണെന്നു കരുതുന്നുവെങ്കില്‍, അവര്‍ക്ക് ഇസ്‌ലാമോഫോബിയ ഒരു പ്രശ്‌നമല്ലെന്നും ഇതൊക്കെ ബുദ്ധിജീവികളുടെ വികലനിര്‍മിതിയാണെന്നും പരമേശ്വരന്‍ പറയുന്നു.

'മറ്റു മതസ്ഥരനുഭവിക്കാത്ത ഒരു ചൂഷണവും സവിശേഷമായി കേരളത്തിലെ മുസ്‌ലിംകളനുഭവിക്കുന്നില്ല. തുല്യമായ രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും അനുഭവിക്കുന്ന കേരളത്തിലെ മുസ്‌ലിംകള്‍ക്കു പിന്നാലെ നടന്ന് 'നിങ്ങളാകെ കുഴപ്പത്തിലാണ് കോയാ, നിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് കോയാ' എന്നാര്‍ത്തുവിളിച്ച് രക്ഷകരായി അവതരിക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍ നാമധാരികളായ ബുദ്ധിജീവികള്‍ ഉദ്ദേശ്യശുദ്ധിയുള്ളവരാണെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ മതത്തിനുള്ളിലെ യാഥാസ്ഥിതികത്വത്തില്‍നിന്ന് മോചനം കാംക്ഷിക്കുന്ന ലിബറലുകളോ സാധാരണക്കാരോ സ്ത്രീകളോ ആയ ലക്ഷക്കണക്കിന് മുസ്‌ലിംകളെ ദ്രോഹിക്കുകയാണിവര്‍ ചെയ്യുന്നത്.' ഇസ്‌ലാമോഫോബിയയെപ്പറ്റി സംസാരിക്കുന്നത് സാധാരണ മുസ്‌ലിംകളോടു ചെയ്യുന്ന ദ്രോഹമാണ്. ഇല്ലാത്തൊരു പ്രശ്‌നം ഉണ്ടെന്നു വരുത്തിത്തീര്‍ത്തു മുസ്‌ലിംകളെ ദ്രോഹിക്കാനാണ് ശ്രമം. മുസ്‌ലിം ജനതയെ വിശിഷ്യ അവരിലെ സ്വതന്ത്ര ചിന്തകരെയും സ്ത്രീകളെയും സ്‌നേഹിക്കുന്നവര്‍ ഇസ്‌ലാമോഫോബിയയെന്ന നിര്‍മിതിയെ തള്ളിക്കളയണം. മുസ്‌ലിം ജനങ്ങളെ ചൂഷണം ചെയ്യുന്ന മുസ്‌ലിം തീവ്രവാദികളെയും ബുദ്ധിജീവികളെയും എല്ലാവരും തള്ളിക്കളയണമെന്നും പരമേശ്വരന്‍ കരുതുന്നു.

ഇസ്‌ലാമോഫോബിയയും ഇസ്‌ലാമെന്ന സൂചകവും

ഏതു ജനതയ്ക്കും സ്വയം പേരിട്ടു വിളിക്കുന്നതിന് ചില രീതികളുണ്ട്. ദേശീയതയ്ക്കുള്ളില്‍ ജീവിക്കുന്ന ആളുകള്‍ വിവിധ രാഷ്ട്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നതുപോലെ, സാമൂഹികമായ പ്രത്യേകതകളുടെ പേരില്‍ ഒരു ജനത അറിയപ്പെടുന്നതുപോലെ, മുസ്‌ലിം എന്നു സ്വയം വിളിക്കാന്‍ താല്‍പര്യപ്പെടുന്ന ജനത ലോകത്ത് നിലവിലുണ്ട്. അവര്‍ ഇസ്‌ലാം എന്ന സൂചകത്തിലൂടെ ലോകത്തെയും സാമൂഹികയാഥാര്‍ഥ്യത്തെയും കുറിച്ചു സംസാരിക്കുന്നു. സമൂഹം എന്താണ് എന്ന് നിര്‍വചിക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റേതൊരു ജനതയെയും പോലെത്തന്നെയാണ് മുസ്‌ലിംകളും. എന്താണ് സമൂഹം, എന്താണ് ലോകം, എന്താണ് ജനത, എന്താണ് യാഥാര്‍ഥ്യം എന്നിവ നിര്‍വചിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണു മുസ്‌ലിമിനെയും ഇസ്‌ലാമിനെയും നാം ഉള്‍ക്കൊള്ളേണ്ടത്. ഏതൊരു വ്യക്തിക്കും കൂട്ടത്തിനും ഈ സ്വയംനിര്‍ണയാവകാശമുണ്ട്. സ്വയം പേരിടാനും നിര്‍വചിക്കാനും നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ജനത എന്ന നിലയിലുള്ള വ്യത്യാസം വികസിച്ചുവരുന്നത്.

ഇതിന്റെ നേരേ മറുവശത്താണ് ഇസ്‌ലാമോഫോബിയയുടെ നില്‍പ്. മുസ്‌ലിംകളെയും ഇസ്ലാമിനെയും നിര്‍വചിക്കാനും ആ നിര്‍വചനം മുസ്‌ലിം എന്നു വിളിക്കപ്പെടുന്ന ജനതക്കുമേലും ഇസ്‌ലാമെന്ന് മുസ്‌ലിംകള്‍ നിര്‍വചിച്ചിട്ടുള്ള ഒരു സാമൂഹികയാഥാര്‍ഥ്യത്തിനു മുകളിലും നിര്‍ബന്ധപൂര്‍വം സ്ഥാപിക്കുന്ന വംശീയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശത്തെയും ഇസ്‌ലാമിനെക്കുറിച്ചുള്ള മുസ്‌ലിംകളുടെ സ്വയംബോധ്യങ്ങളെയും നിര്‍ണയിക്കാനും നിര്‍വചിക്കാനുമുള്ള വംശീയപ്രചാരണത്തിന്റെ ഭാഗവുമാണിത്.

തീര്‍ച്ചയായും, ഇതിനു പിന്നില്‍ സാമ്പത്തിക, സാമൂഹിക രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. ഇന്ത്യപോലുള്ള ദേശരാഷ്ട്രക്രമത്തില്‍ ഭൂരിപക്ഷ ആധിപത്യമായും ആഗോളക്രമത്തില്‍ സാമ്രാജ്യത്വതാല്‍പര്യങ്ങളോട് ചേര്‍ന്നുനിന്നും നിരവധി കാരണങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നമുക്ക് കണ്ടെത്താമെങ്കിലും അതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌ലാമോഫോബിയ, പ്രാഥമികമായി, ഇസ്ലാം എന്ന സൂചകം പ്രധാനമാവുന്ന, മുസ്‌ലിം ജനതയുടെ സ്വയംനിര്‍ണയവകാശത്തിന്റെ നിഷേധമാണ്.

മുസ്‌ലിംകളുടെ സ്വയംനിര്‍ണയവകാശം

പൊതുവായി പരിശോധിച്ചാല്‍ സമൂഹം ഏതെങ്കിലും ഒരു നിശ്ചിത കേന്ദ്രത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. തങ്ങള്‍ എന്താണെന്നും തങ്ങളുടെ ചുറ്റുപാടുകളെന്താണെന്നും ഓരോ വ്യക്തിയും വ്യക്തികളുള്‍ക്കൊള്ളുന്ന കൂട്ടവും പരസ്പരം നിര്‍വചിക്കാനും സ്വയംനിര്‍വചിക്കാനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സമൂഹം രൂപപ്പെടുന്നത് .

സാമൂഹികയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനുള്ള മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശത്തെ നിരാകരിക്കുകയും തടയുകയും ചെയ്യുന്ന വംശീയ പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ. തങ്ങള്‍ ആരാണെന്നും എന്താണെന്നും തങ്ങളുടെ ഭാവിയും വര്‍ത്തമാനവും ഭൂതകാലവും എന്താണെന്നും നിര്‍വചിക്കാനുള്ള അധികാരം ഏതു മനുഷ്യര്‍ക്കുമുളളതുപോലെ മുസ്‌ലിംകള്‍ക്കുമുണ്ട്, അത് നിഷേധിക്കുന്നതാണ് വംശീയത.

കൊളോണിയല്‍ ഭരണകൂടങ്ങളുമായി ചേര്‍ന്നാണ് ആധുനിക വംശീയതയുടെ സങ്കല്‍പങ്ങള്‍ വളര്‍ന്നുവരുന്നത്. പൂര്‍വ്വാധുനിക വംശീയതയില്‍ നിന്നു വ്യത്യസ്തമായൊരു പ്രശ്‌നമാണിത്.

ചില ജനവിഭാഗങ്ങള്‍ക്കു സ്വയംനിര്‍ണയിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സ്വന്തമായി ഭരിക്കാനും കഴിയില്ലെന്നും അവര്‍ പൂര്‍ണ മനുഷ്യരല്ലെന്നും അതുകൊണ്ടുതന്നെ മറ്റു മനുഷ്യരാല്‍ അവര്‍ നയിക്കപ്പെടേണ്ടവരാണെന്നും കരുതുന്നതാണ് വംശീയതയുടെ അടിസ്ഥാനം. ഇത് ആധുനിക കൊളോണിയലിസത്തിന്റെ പ്രത്യയശാസ്ത്രമായി പ്രവര്‍ത്തിക്കുന്നു. ഇത്തരമൊരു വംശീയധാരണ സമകാലിക ലോകത്തെ നിര്‍ണയിക്കുന്ന പ്രത്യയശാസ്ത്രമായി ലോകജനതയുടെ ചിന്താശേഷിയെത്തന്നെ ഭരിക്കുന്ന സമീപനമായി മാറിയിട്ടുണ്ട്.

ഇസ്‌ലാമിനെക്കുറിച്ചു മുസ്‌ലിംകള്‍ പിന്തുടരുന്ന ധാരണകളെയും ഇസ്‌ലാമോഫോബിയ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പിന്തുടരുന്ന വീക്ഷണങ്ങളെയും വേറിട്ടു മനസ്സിലാക്കേണ്ടതുണ്ട്. അതായത് മുസ്‌ലിംകളെന്തു പറയുന്നു, ചെയ്യുന്നു, പ്രവര്‍ത്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ഏതു തരത്തില്‍ വ്യക്തി ജീവിതം നയിക്കുന്നു, സാമൂഹിക ബന്ധങ്ങളിലും സാമ്പത്തികബന്ധങ്ങളിലും ഏര്‍പ്പെടുന്നു, ദൈംനംദിനജീവിതം എങ്ങനെ മുന്നോട്ടുപോകുന്നു, അല്ലെങ്കില്‍ സാമൂഹികവ്യവസ്ഥയെക്കുറിച്ചു മുസ്‌ലിംകള്‍ എങ്ങനെ രാഷ്ട്രീയമായി സംസാരിക്കുന്നു, വിവിധ മുസ്‌ലിം സംഘടനകള്‍ എന്തു നിലപ്പാടെടുക്കുന്നു, തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകളുടെ നിര്‍ണയങ്ങളില്‍ വിയോജിപ്പുകളുണ്ടാകാം. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശങ്ങളെ നിഷേധിക്കാത്തിടത്തോളം കാലം അത്തരം വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പൊതുസംവാദത്തിന്റെയും വിമര്‍ശനാവബോധത്തിന്റെയും ഭാഗമായി ഉള്‍ക്കൊള്ളാവുന്നവയുമാണ്.

എന്നാല്‍, തങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശം നിഷേധിക്കുന്നതും സ്വയം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവരുടെ ശേഷിയെ തകര്‍ക്കുന്ന രീതിയില്‍ അവരെക്കുറിച്ച് സംസാരിക്കുന്നതും വംശീയതയാണ്. അത് ഇസ്‌ലാമോഫോബിയയുടെ പ്രഭവകേന്ദ്രമായി മാറുകയും ചെയ്യും.

മുസ്‌ലിം എന്ന ബഹുവചനം

സമൂഹത്തെ മനസ്സിലാകുന്നതില്‍ മുസ്‌ലിംകള്‍ക്കുള്ളില്‍ നിരവധി വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുണ്ട്. ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലും മുസ്‌ലിംകള്‍ക്കുള്ളില്‍ വൈരുധ്യങ്ങളും വൈവിധ്യങ്ങളുമുണ്ട്. ഇതെങ്ങനെ വിശദീകരിക്കാമെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം. മുസ്‌ലിംകള്‍ ഏകശിലാരൂപമല്ലെന്ന് ഇസ്‌ലാമോഫോബിയക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി സാധാരണ പറയാറുണ്ട്.

ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുടെ ആന്തരിക വൈരുധ്യത്തിന്റെയോ ആന്തരിക വൈവിധ്യത്തിന്റെയോ മുസ്‌ലിംകള്‍ ഇസ്‌ലാമിനെ നിര്‍വചിക്കുന്നതിലുള്ള വൈരുധ്യങ്ങളുടെയോ വൈവിധ്യങ്ങളുടെയോ പൊരുത്തക്കേടുകളുടെയോ പ്രശ്‌നമല്ല. എന്നാല്‍, ഈ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ മനസ്സിലാക്കാമെന്നതു വളരെ പ്രധാനമാണ്.

നാം ഭാഷയാല്‍ നിര്‍മിക്കപ്പെടുന്നു എന്ന അര്‍ഥത്തില്‍ ഓരോ വ്യക്തിയും ആ വ്യക്തി ജീവിക്കുന്ന സാമൂഹിക വിഭാഗങ്ങളും ഭാഷയാല്‍ നിര്‍മിക്കപ്പെടുന്നു, മുസ്‌ലിംകളും അങ്ങനെത്തന്നെ. മലയാളം, ഇംഗ്ലീഷ് പോലുള്ള ഭാഷ എന്ന അര്‍ഥത്തിലല്ല. നമ്മളിടുന്ന വസ്ത്രം മുതല്‍ നമ്മളണിയുന്ന ചെരുപ്പ്, ഹെയര്‍സ്‌റ്റൈല്‍, വായിക്കുന്ന പുസ്തകങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ നാം സ്വീകരിക്കുന്ന ചോയ്‌സുകളൊക്കെ ഒരര്‍ഥത്തില്‍ സാമൂഹിക ഭാഷയാണ് .

മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ ഓരോ വ്യക്തിയുടെയും സാമൂഹിക ഭാഷ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണ്. മുസ്‌ലിമെന്ന ഭാഷ അവര്‍ക്കു പ്രധാനമാവുമ്പോള്‍ത്തന്നെ അതിന്റെ ഊന്നലുകളെപ്പറ്റി, വ്യാകരണത്തെപ്പറ്റി, വിവിധ സന്ദര്‍ഭങ്ങളിലുള്ള അതിന്റെ യഥാര്‍ഥ അര്‍ത്ഥത്തെപ്പറ്റി അവര്‍ക്കിടയില്‍ സമവായവും സമന്വയവും സംഘര്‍ഷവുമുണ്ടാവും. എന്നാല്‍, അര്‍ഥത്തെപ്പറ്റി വിവിധ സമീപനങ്ങള്‍ ഉള്ളതോടൊപ്പംതന്നെ മുസ്‌ലിം എന്ന വാക്കിന് പ്രാധാന്യമുള്ളിടത്തോളം അവര്‍ മുസ്‌ലിംകളാണ്. അതിന്റെ അര്‍ഥത്തെപ്പറ്റിയും അതിന്റെ യഥാര്‍ഥ വ്യാഖ്യാനത്തെപ്പറ്റിയും അവര്‍ക്കിടയില്‍ അഭിപ്രായ വൈവിധ്യങ്ങളുണ്ടാവും. അതുപോലെത്തന്നെയാണ് ഇസ്‌ലാമും. ഇസ്‌ലാം എന്ന വാക്കിന്റെ (സൂചകത്തിന്റെ) അസ്ഥിത്വം നിഷേധിക്കാതെയാണ് മുസ്‌ലിംകള്‍ പരസ്പരം വിയോജിക്കുന്നത്.

വിവിധതരത്തിലുള്ള മുസ്‌ലിം കക്ഷികളും വ്യക്തികളും വിഭാഗങ്ങളും ഇസ്‌ലാം എന്താണെന്നതിനെക്കുറിച്ച് തര്‍ക്കങ്ങളും സംവാദങ്ങളും വിയോജിപ്പുകളും തുടരുന്നതിനൊരു കാരണം അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമെന്ന സൂചകം വളരെ നിര്‍ണായകമായതിനാലാണ്. സാങ്കേതികമായി അവര്‍ക്ക് ഇസ്‌ലാം ഒരു ഉച്ചസൂചകവുമാണെന്നതിനാലാണ്. എല്ലാ സൂചകങ്ങളെയും നിര്‍ണയിക്കുന്ന സൂചകമാണ് ഉച്ചസൂചകം.

ഇസ്‌ലാമിനെ ഉച്ചസൂചകമായി ഉള്‍ക്കൊള്ളുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മാത്രമാണ് ഇസ്‌ലാമിലെ വൈവിധ്യത്തെക്കുറിച്ച് ആശങ്കയുണ്ടാവൂ. മുസ്‌ലിമിന്റെ എല്ലാ സൂചകങ്ങളെയും നിര്‍ണയിക്കുന്ന ഇസ്‌ലാം എന്ന സൂചകത്തിന്റെ അര്‍ഥത്തെ അറിയാന്‍ അവര്‍ ധാരാളം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെയും സമൂഹത്തിന്റെയും സ്വന്തത്തിന്റെയും യാഥാര്‍ഥ്യത്തെ അറിയാനുള്ള ഒരു മുസ്‌ലിമിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. മുസ്‌ലിംകള്‍ക്കിടയിലുള്ള കക്ഷിവഴക്കുകളും ഇസ്‌ലാമുമായി ബന്ധപ്പെട്ടു നടത്തുന്ന തര്‍ക്കങ്ങളും തത്ത്വചിന്താ സംവാദങ്ങളും താഴെത്തട്ടില്‍നടക്കുന്ന അഭിപ്രായ പ്രകടനങ്ങളും എന്തിന് കേരളത്തിലെ മുസ്‌ലിംവിഭാഗങ്ങള്‍ നടത്തുന്ന കക്ഷിവഴക്കുകളുമായി ബന്ധപ്പെട്ട ഹിംസകള്‍ മറ്റൊരു തലത്തില്‍ കാണണമെന്നു പറയുന്നത് അതുകൊണ്ടാണ്.

എന്താണ് മുസ്‌ലിമെന്നും എന്താണ് ഇസ്‌ലാമെന്നും നിര്‍വചിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചിലപ്പോള്‍ സാമൂഹികനീതിക്കെതിരേ നിലപാടുകളെടുത്തേക്കാം. ചിലപ്പോള്‍ അനുകൂലമായ നിലപാടുകളെടുത്തേക്കാം. മുസ്‌ലിംകള്‍ക്കുള്ളില്‍ ആധിപത്യം പുലര്‍ത്തുന്ന വിഭാഗത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടെടുത്തേക്കാം. ഇതൊക്കെ സ്വാഭാവികമായും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട വൈവിധ്യത്തിന്റെയും വൈരുധ്യത്തിന്റെയും വിമര്‍ശനത്തിന്റെയും ഭാഗമായും മനസ്സിലാക്കണം.

ഇസ്‌ലാമുമായി ബന്ധപ്പെട്ട സംവാദങ്ങളും ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട സംവാദങ്ങളും വേര്‍തിരിച്ചുകാണണം. ഇസ്‌ലാമോഫോബിയയുടെ പ്രശ്‌നം വ്യത്യസ്തമാണ്. മുസ്ലിംകളുടെ വ്യത്യാസത്തെയും വൈരുധ്യങ്ങളെയും മുസ്‌ലിംകള്‍ക്ക് സ്വയം ആവിഷ്‌കരിക്കാനുള്ള ശേഷിയെ നിരാകരിക്കുന്നിടത്തുനിന്നാണ് ഇസ്‌ലാമോഫോബിയ രൂപംകൊള്ളുന്നത്. മുസ്‌ലിംകളെ വിവിധ രീതിയില്‍ വര്‍ഗീകരിച്ചും വിശദീകരിച്ചും ഇതു വികസിക്കുന്നു. ആ അര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെയും ജനതയെന്ന നിലയില്‍ തങ്ങളെയും സംബന്ധിച്ചു സ്വന്തമായ തലത്തില്‍ സംസാരിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുകയും അവരുടെ മേല്‍ വര്‍ഗീകരണങ്ങള്‍ നിര്‍മിച്ചു വികസിക്കുന്ന വംശീയപദ്ധതിയാണ് ഇസ്‌ലാമോഫോബിയ.

ഇസ്‌ലാമോഫോബിയ മതവിമര്‍ശനത്തെ തടയുമോ?

ഇസ്‌ലാമോഫോബിയ മതവിമര്‍ശനത്തെ തടയുമോ എന്നതിന്റെ ലളിതമായ ഉത്തരം ഇല്ല എന്നാണ്. ഇസ്‌ലാമോഫോബിക്കല്ലാത്ത മതവിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണ് പ്രോത്സാഹിപ്പിക്കേണ്ടതാണ്. സാമൂഹികജീവിതത്തിന്റെ അവിഭാജ്യമായ ഘടകമാണ് മതവിമര്‍ശനം.

ഇസ്‌ലാമോഫോബിയക്കെതിരായുള്ള പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്നുകൂടിയാണ് ഇസ്‌ലാമോഫോബിയ മതവിമര്‍ശനം തടയുമെന്നത്. പലരും ഇസ്‌ലാമോഫോബിയയെന്ന പ്രയോഗത്തോടുതന്നെ വിയോജിക്കുന്നതിന്റെ കാരണം ഇസ്‌ലാമോഫോബിയ ഇസ്‌ലാംമതവിമര്‍ശനത്തെ തടയുമെന്ന ഭീതിയിലോ അതേക്കുറിച്ചുള്ള ആശങ്കയിലോ ആണ്. യഥാര്‍ഥത്തില്‍ അത്തരം ആശങ്കകളില്‍നിന്ന് വിമുക്തമാണ് ഇസ്‌ലാമോഫോബിയ എന്ന സംജ്ഞയും പ്രയോഗവും. കാരണം, ഒരു മതസമുദായം എന്ന നിലയിലുള്ള മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ചല്ല ഇസ്‌ലാമോഫോബിയ സംസാരിക്കുന്നത്. മറിച്ച്, വംശീയവത്കരണത്തിനു വിധേയമായ ജനവിഭാഗമെന്ന നിലയിലും മതവിഭാഗമെന്ന നിലയിലുമാണ് ഇസ്‌ലാമോഫോബിയ മുസ്‌ലിം സമുദായത്തെ കൈകാര്യംചെയ്യുന്നത്. ആ അര്‍ഥത്തില്‍ മുസ്‌ലിംകളെക്കുറിച്ചുള്ള വംശീയമായ ധാരണകളെ ചെറുക്കുന്ന പ്രയോഗമാണ് ഇസ്‌ലാമോഫോബിയ. അത് മുസ്‌ലിംകളുടെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സംവാദങ്ങളെ തടയുന്ന ഒന്നല്ല.

ഇസ്‌ലാമോഫോബിയ മതവിമര്‍ശനത്തെ തടയുമെന്ന ആശങ്ക പലപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത് മതവിമര്‍ശനത്തിന്റെ മറവില്‍ ഇസ്‌ലാമോഫോബിയ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. മതവിമര്‍ശനത്തെ ഇസ്‌ലാമോഫോബിയ തടയുമെന്ന ആശങ്ക ഉയര്‍ന്നുവരുന്നത് ഇസ്‌ലാമോഫോബിയ നിലനിര്‍ത്താനാകരുത് എന്നത് പ്രധാനമാണ്.

അതോടൊപ്പം 'വിമര്‍ശന'ത്തെക്കുറിച്ചുള്ള മുസ്‌ലിം സമീപനങ്ങളും നാം അറിഞ്ഞിരിക്കണം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതം വിമര്‍ശനത്തിന്റെ ചരമഭൂമിയല്ല. ഒരാള്‍ മതപരമായ കാഴ്ചപ്പാട് സ്വീകരിക്കുന്നതോടെ യുക്തിചിന്തയെ പണയംവയ്ക്കുന്നില്ല. മതപരമായ തരത്തിലുള്ള യുക്തികളും പ്രയോഗങ്ങളും അനുസരിച്ചാണ് വിശ്വാസികള്‍ ജീവിക്കുന്നത്. അങ്ങനെ നോക്കിയാല്‍ മതംതന്നെ യുക്തിയുടെ ഭാഗമാണ്. വിവിധതരത്തിലുള്ള യുക്തികള്‍ ലോകത്ത് നിലവിലുണ്ടെന്നും യുക്തികളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശാഠ്യങ്ങള്‍ ആവശ്യമില്ലെന്നും വരുന്നു. മാത്രമല്ല, മതേതരമായ ചിന്തക്ക് മാത്രമാണ് യുക്തിയെ നിലനിറുത്താന്‍ കഴിയൂ എന്നുള്ള കാഴ്ചപ്പാടും പ്രശ്നവത്കരിക്കേണ്ടതുണ്ട്. യുക്തിക്ക് വിവിധതരത്തിലുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തനക്ഷമമാവാന്‍ കഴിയുമെന്നും മതമണ്ഡലത്തില്‍തന്നെയും മതേതര മണ്ഡലത്തില്‍ പോലെ യുക്തിപരമായ ചര്‍ച്ചകള്‍ നിരോധിച്ചതിന്റെ ചരിത്രത്തോടൊപ്പം അത് പ്രോല്‍സാഹിപ്പിച്ചതിന്റെയും നിരവധി സന്ദര്‍ഭങ്ങളുമുണ്ട്.

ഈ അര്‍ഥത്തില്‍ നോക്കിയാല്‍ മതവിമര്‍ശനത്തോട് ഇസ്‌ലാം എതിരുനില്‍ക്കുന്നത് യുക്തിയോടുള്ള ഭീതികൊണ്ടാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ അജ്ഞതകൊണ്ടാണ്. തീര്‍ച്ചയായും യുക്തിയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ കാഴ്ചപ്പാടിനോടും സമീപനങ്ങളോടും വിയോജിപ്പുകളുണ്ടാകാം. ഈ അര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയക്കെതിരായ സാമൂഹ്യ/രാഷ്ട്രീയ ഇടപെടല്‍ മതവിമര്‍ശനത്തെ തടയുന്നുവെന്ന കാഴ്ചപ്പാടിന് അടിസ്ഥാനപരമായി ചില തകരാറുകളുണ്ട്. മറ്റെല്ലാ ജനസമൂഹങ്ങളെപ്പറ്റിയോ സമുദായങ്ങളെപ്പറ്റിയോ സാമൂഹികവിഭാഗങ്ങളെപ്പറ്റിയോ വിമര്‍ശനങ്ങളുള്ളതുപോലെ മുസ്‌ലിംകളെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്, വിമര്‍ശിക്കപ്പെടേണ്ടതുമുണ്ട്. പക്ഷേ, അത് വംശീയതയുടെ യുക്തിയില്‍നിന്നല്ലെന്ന് ഉറപ്പാക്കണം.

ഇസ്‌ലാമോഫോബിയ മുസ്‌ലിംസമുദായ പരിഷ്‌കരണങ്ങളെ തടയുമോ?

ഇസ്‌ലാമോഫോബിയ മുസ്‌ലിംസമുദായ പരിഷ്‌കരണങ്ങളെ തടയുമോ എന്ന ചോദ്യത്തിന് രണ്ടുവശങ്ങളുണ്ട്. തീര്‍ച്ചയായും മുസ്‌ലിംകളുടെ സാമൂഹികചലനത്തെയും രാഷ്ട്രീയവികാസത്തെയും തടസ്സപ്പെടുത്തുന്ന അധികാരംതന്നെയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകള്‍ക്കതൊരു തടസമാണെന്നതില്‍ തര്‍ക്കമില്ല.

മറുവശത്ത്, സ്വന്തം പതിതാവസ്ഥയെയും ജീര്‍ണാവസ്ഥയെയും നേരിട്ട് അഭിമുഖീകരിക്കാന്‍ കഴിയാതെ പോകുന്നതുകൊണ്ട് മുസ്‌ലിംകള്‍തന്നെ കെട്ടിച്ചമച്ചൊരു ഇരവാദംമാത്രമാണ് ഇസ്‌ലാമോഫോബിയയെന്നൊരു ആക്ഷേപം വിവിധ വിഭാഗങ്ങള്‍ ഉന്നയിക്കാറുണ്ട്. അതായത്, ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകള്‍ക്കിടയില്‍ നടക്കേണ്ട മാറ്റങ്ങളെ തടയാന്‍ മുസ്‌ലിംകള്‍തന്നെ നിര്‍മിച്ച പരിചയാണെന്ന്. ഒരു സമുദായമെന്നനിലയില്‍ സ്വയമകപ്പെട്ട കുരുക്കഴിക്കാന്‍ അവര്‍തന്നെ കണ്ടെത്തിയ ഒരു സാമൂഹിക മനഃശ്ശാസ്ത്രപരമായ ന്യായീകരണമാണ് ഇസ്‌ലാമോഫോബിയ എന്ന രീതിയിലാണ് ഈ വ്യാഖ്യാനങ്ങള്‍.

ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ ഇസ്ലാമോഫോബിയ ഒരു വംശീയവ്യവസ്ഥയാണ്, അതിസങ്കീര്‍ണമായ നിരീക്ഷണവ്യവസ്ഥയും (സര്‍വെയ്‌ലന്‍സ് സിസ്റ്റം) ആണ്. ഈ നിരീക്ഷണവ്യവസ്ഥ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ നിരീക്ഷിക്കുന്നതുപോലെയോ, ഒരു ഫാക്ടറിയിലെ തൊഴിലാളികളെ മാനേജര്‍മാര്‍ നിരീക്ഷിക്കുന്നതുപോലെയോ, സ്ഥാപനത്തിലെ അധികാരികള്‍ അവിടെ തൊഴില്‍ചെയ്യുന്നവരെയും വന്നുപോകുന്നവരെയും നിരീക്ഷിക്കുന്നതുപോലെയോ ആധുനിക സാമൂഹികവ്യവസ്ഥയില്‍ വ്യാപകമായ നിരീക്ഷണ സംവിധാനംപോലെ മനസ്സിലാക്കപ്പെടേണ്ട ഒന്നാണെന്ന് ഇസ്‌ലാമോഫോബിയ സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു.

വംശീയവത്കരിക്കപ്പെട്ട നിരീക്ഷണവ്യവസ്ഥക്കകത്ത് ജീവിക്കുന്ന, അതിന്റെ ബലതന്ത്രങ്ങള്‍ക്ക് വിധേയമാകാന്‍ പലതരത്തില്‍ നിര്‍ബന്ധിക്കപ്പെടുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥയുടെ അളവുകോലുകള്‍ക്കനുസരിച്ച് സ്വയം പെരുമാറുന്നതിനെയാണ് ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ 'പരിഷ്‌കരണ'മായി മനസ്സിലാക്കുന്നത്. ഇസ്‌ലാമോഫോബിയ എന്ന നിരീക്ഷണ വ്യവസ്ഥ മുസ്‌ലിംകളില്‍നിന്നാവശ്യപ്പെടുന്ന പെരുമാറ്റരീതിയാണ് പരിഷ്‌കരണമെന്ന് പറയാം. ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കാത്ത ഇസ്‌ലാമിക പരിഷ്‌കരണവാദം ഒരു നിരീക്ഷണവാദമാണെന്നു ചുരുക്കം.

അങ്ങനെയൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഒരു തൊഴില്‍ശാലയില്‍ സര്‍വെയ്‌ലന്‍സ് കാമറകളിലൂടെയും പരോക്ഷവും നേരിട്ടുമുള്ള മറ്റ് വ്യവസ്ഥാപിത നിരീക്ഷണസംവിധാനത്തിലൂടെയും ഒരു തൊഴിലാളി സ്വയം എങ്ങനെയാണോ നിരീക്ഷണവ്യവസ്ഥയുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ആന്തരവത്കരിക്കുന്നത് അതുപോലെത്തന്നെയാണ് ഇസ്‌ലാമോഫോബിയ എന്ന നിരീക്ഷണവ്യവസ്ഥ മുസ്‌ലിംകളുടെ പെരുമാറ്റങ്ങളെ പരുവപ്പെടുത്തുന്നതും ചിട്ടപ്പെടുത്തുന്നതും. അങ്ങനെ നോക്കിയാല്‍ ഇസ്‌ലാമോഫോബിയ എന്ന നിരീക്ഷണവ്യവസ്ഥ വിഭാവനം ചെയ്യുന്ന 'മുസ്‌ലിം/ഇസ്‌ലാം പരിഷ്‌കരണവാദം' വംശീയതയുടെ പ്രഭാവത്തെയാണ് കാണിക്കുന്നത്.

ഇസ്‌ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്‌ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധരീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്‌ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു. ഇസ്‌ലാമോഫോബിയയെ കാണാത്ത മുസ്‌ലിംപരിഷ്‌കരണത്തെക്കുറിച്ചുള്ള സാമൂഹികയുല്‍ക്കണ്ഠകള്‍ ഈ നിരീക്ഷണവ്യവസ്ഥയെ അദൃശ്യമാക്കാന്‍ സഹായിക്കുകപോലും ചെയ്യുന്നു. മുസ്‌ലിം പരിഷ്‌കരണ രാഷ്ട്രീയം എന്ന പേരില്‍ അരങ്ങേറുന്ന മുസ്‌ലിം നിരീക്ഷണ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പിക്കണം എന്നാണ് ഇസ്‌ലാമോഫോബിയക്കെതിരായ നിലപാട്. അതേസമയം, ഇസ്‌ലാമിലെ വിമര്‍ശനചിന്തയെ വേറിട്ടുതന്നെ കാണേണ്ടതുമാണ്. അതാവട്ടെ ആധുനിക വംശീയതയുടെ രൂപമാര്‍ജിച്ച ഇസ്ലാമോഫോബിയയുടെ ചരിത്രത്തെയും കവിഞ്ഞു നില്‍ക്കുന്ന സാമൂഹിക - ചരിത്രാനുഭവമാണ്.

വിശ്വാസം വേറെ, ജനത വേറെ

ഇസ്‌ലാമോഫോബിയ എന്നതിനെക്കാള്‍ മുസ്‌ലിംവിരുദ്ധതയെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് വാദിച്ച പണ്ഡിതനാണ് ഫ്രഡ് ഹാലിഡെ. ഇസ്‌ലാമോഫോബിയയെന്ന സങ്കല്‍പത്തിന്റെ പ്രധാന പ്രശ്നം ലളിതവത്കരണമാണ്. അത് സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നത്തെ ലളിതവത്കരിക്കുന്നുവെന്നാണ് വാദം. 1999ലാണ് ഈ കാഴ്ചപ്പാട് ഫ്രഡ് ഹാലിഡെ മുന്നോട്ടുവയ്ക്കുന്നത്.

ഹാലിഡെയുടെ അഭിപ്രായത്തില്‍ ഒരു ജനത എന്ന അര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ധാരാളം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, വിശ്വാസമെന്നനിലയില്‍ ഇസ്‌ലാമിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ ലഘൂകരിക്കാന്‍ ഇസ്‌ലാമോഫോബിയയെന്ന പദം ഉപയോഗപ്പെടുത്തുന്നു. അതായത്, ഇസ്‌ലാമെന്ന വിശ്വാസത്തെ സംരക്ഷിക്കാനാണ് ഈ വാക്ക് പ്രയോജനപ്പെടുത്തുന്നത്. വിശ്വാസത്തെക്കാള്‍ ജനതയെന്ന നിലയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഭൗതിക കാരണങ്ങളെ വിശകലനം ചെയ്യുന്നതില്‍നിന്ന് പിന്നാക്കംപോകുന്നു. ഇസ്‌ലാമോഫോബിയയെക്കാള്‍ മുസ്‌ലിംവിരുദ്ധതയെന്ന ചട്ടക്കൂടില്‍നിന്നുകൊണ്ടാണ് പ്രശ്നത്തെ കാണേണ്ടത്. 'വിശ്വാസംവേറെ, ജനത വേറെ' എന്ന ചട്ടക്കൂടിനുള്ളിലാണ് ഈ സമീപനം പ്രവര്‍ത്തിക്കുന്നത്.

ഇസ്‌ലാമെന്നതിനെ വിശ്വാസമായിമാത്രം ചുരുക്കുന്നത് അതിനെപ്പറ്റിയുള്ളൊരു ദുര്‍ബല സമീപനമാണ്. മാത്രമല്ല, മുസ്‌ലിം ജനതകള്‍ക്കെതിരായ നീക്കങ്ങളെ വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൂടി കാണേണ്ട ഒരു രാഷ്ട്രീയസാഹചര്യം പ്രത്യേക വിശകലനം അര്‍ഹിക്കുന്നു. ഖുര്‍ആനെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ , മുസ്‌ലിംകളുടെ ഉമ്മത്തെന്ന ആഗോള സമുദായ ഭാവന, ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള ഖിലാഫത്തെന്ന പരികല്‍പന, അല്ലാഹുവെന്ന ഏക ദൈവ കാഴ്ചപ്പാട്, മുഹമ്മദ് എന്ന പ്രവാചക മാതൃക, ഖുര്‍ആനിലെ സാങ്കേതിക ശബ്ദമായ ജിഹാദ് (പരിശ്രമം എന്നര്‍ഥം), മുസ്‌ലിം പള്ളി, ഹിജാബ്, നിസ്‌കാരം, ഹജ്ജ്, വ്രതാനുഷ്ഠാനം, പെരുന്നാള്‍, സകാത്ത്, മദ്രസ, സ്വര്‍ഗം, നരകം, പരലോകം തുടങ്ങി വിശ്വാസപരമായ കര്‍മങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കേരളത്തില്‍ തന്നെ നിരന്തരം വംശീയ പ്രചാരണങ്ങളും വിവേചനാഹ്വാനങ്ങളും നടക്കുന്നു.

ജനതയെന്ന നിലയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അക്രമവും അനീതിയും വിവേചനവും മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ അവര്‍ പ്രധാനമായി കാണുന്ന വിശ്വാസത്തെക്കുറിച്ചുള്ള ധാരണകള്‍ പരിഗണിക്കാതെ പോകുന്നുവെന്നതാണ് കുഴപ്പം. ഇസ്‌ലാമോമോഫോബിയ വംശീയവത്കരിക്കപ്പെട്ട രാഷ്ട്രീയപ്രശ്നമാണെന്നു പറയുമ്പോഴും മതത്തിന്റെയും വിശ്വാസത്തിന്റെയും വംശീയവത്കരണം അതിന്റെ പ്രധാനപ്പെട്ട പ്രശ്നമണ്ഡലമായി മനസ്സിലാക്കണം.

വിവിധ സന്ദര്‍ഭങ്ങളില്‍ ജനതയെന്ന നിലയില്‍ മുസ്‌ലിംകള്‍ക്കുമേല്‍ വംശീയവത്കരണം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, മറ്റു സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ മേഖലയിലാണ് വംശീയവത്കരണം സംഭവിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ജനതയും ഇസ്‌ലാമിക വിശ്വാസവും ഒരുപോലെ വംശീയവത്കരണത്തിനു വിധേയമാവുന്നു. ഇസ്‌ലാമോഫോബിയയെന്ന വിശകലനോപാധി ഈ സന്ദര്‍ഭങ്ങളൊക്കെ ഇഴപിരിച്ചു പരിഗണിക്കുന്നുവെന്നതാണ് അതിന്റെ പ്രായോഗിക - വിശകലന ചരിത്രം തെളിയിക്കുന്നത്. മുസ്‌ലിം വിരുദ്ധതയെന്ന വാക്കിനത്ര പ്രായോഗിക - വിശകലന ശേഷിയില്ലന്നതിനും അതൊരു കാരണമാണ്.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്‌ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്)

റഫറന്‍സ്:

Emad Mohamed, and Bakinaz Abdalla. 2017. What Jihad Questions Do Muslims Ask? Journal of Islamic and Muslim Studies, vol. 2, no. 1, 2017, pp. 56-79

Fred Halliday . 1999. Islamophobia Reconsidered. Ethnic and Racial Studies, 22: 892-902

Hasan Azad. 2017. Woolwich Terror, Surveillance, and the (Im)Possibility of Islamic Reform. Journal of Islamic and Muslim Studies 2, no. 1: 98-108

Irfan Ahmad. 2017. Religion as Critique: Islamic Critical Thinking from Mecca to the Marketplace. University of North Carolina Press

Mohammed Sulaiman. 2018. Between Text and Discourse: Re-Theorizing Islamic Orthodoxy. ReOrient. Vol. 3(2):140-162

Omid Safi. 2006. The Politics of Knowledge in Premodern Islam. The University of North Carolina Press

Saba Mahmood. 2006. Secularism, Hermeneutics, and Empire: The Politics of Islamic Reformation. Public Culture, 18 (2): 323-347.

Wayne Finley. 2019. The Four Horsemen of New Atheism: A Select Bibliography, Journal of Religious & Theological Information, 18:4, 115-125. 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News