ബ്ലാക്ക് ഹോള്‍: തമോഗര്‍ത്തങ്ങളില്‍ ഒടുങ്ങുന്ന ജീവിതങ്ങള്‍

പ്രദ്യുംന നന്ദേശ് പാട്ടീല്‍ സംവിധാനം ചെയ്ത 'ബ്ലാക്ക് ഹോള്‍' ഹ്രസ്വ ചിത്രത്തിന്റെ കാഴ്ചാനുഭവം.

Update: 2024-10-05 05:45 GMT
Advertising

അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഒരു വിഭാഗം. ചാതുര്‍വര്‍ണ വ്യവസ്ഥ പുറന്തള്ളപ്പെട്ട, പ്രത്യേകതരം ജോലികളില്‍ ഏര്‍പ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. അത്തരത്തിലൊരു യുവാവിന്റെ കഥ പറയുന്നു, പ്രദ്യുംന നന്ദേശ് പാട്ടീല്‍ സംവിധാനം ചെയ്ത blackhole എന്ന ഹ്രസ്വ ചിത്രം.

മുംബൈ നഗരത്തിന്റെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കാതെ മരിച്ചുപോകുന്ന ഒരു യുവാവ്. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നിടത്താണ് വിഷയത്തിന്റെ തീവ്രത വെളിപ്പെടുന്നത്. അയാളുടെ മരണത്തിന്റെ യഥാര്‍ഥ ഉത്തരവാദി സമൂഹം തന്നെയാണ്. മാന്‍ഹോളിലെ അപകടകരമായ ജോലിക്കിടയില്‍ മരിക്കുന്നവര്‍ പത്രത്തിലെ ചെറുകോളത്തിനപ്പുറം വികസിക്കാറില്ല. വിഷയം മുഖവിലക്കെടുക്കാന്‍ സമൂഹമോ മുഖ്യധാര മാധ്യമങ്ങളോ പലപ്പോഴും തയ്യാറാവുന്നുമില്ല.

ഇന്ത്യയില്‍ ഏകദേശം അഞ്ച് മില്യണ്‍ ശുചീകരണ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ തന്നെ വ്യത്യസ്ത തരം ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ്. തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഇവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഞെട്ടിക്കുന്നതാണ്. തൊലിക്കും ശ്വാസകോശത്തിനും മാരകപ്രശ്‌നങ്ങള്‍ നേരിടുന്ന ഇവര്‍ക്ക് വേണ്ടത്ര ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തൊഴിലുടമകളോ അധികാരികളോ മുന്‍കയ്യെടുക്കാറില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കാതെ വീണ്ടും ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ആണ് പലര്‍ക്കുമുള്ളത്. ഇത്തരം ജോലിയിലേര്‍പ്പെടുന്നവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണ്. safai karmachari andolan(SKA) കണക്ക് പ്രകാരം പ്രതിവര്‍ഷം 2000 ശുചീകരണ തൊഴിലാളികള്‍ മരണത്തിന് കീഴടങ്ങുന്നു. തൊട്ടുകൂടാത്തവരോ തീണ്ടിക്കൂടാത്തവരോ ആയതിനാല്‍ തന്നെ ചിത്രം സൂചിപ്പിച്ച പോലെ പലതും ആത്മഹത്യകളോ വാര്‍ത്താ പ്രാധാന്യമില്ലാത്ത സാധാരണ മരണങ്ങളോ ആയി വിസ്മൃതിയിലാണ്ടുപോകുന്നു. 


| പ്രദ്യുംന നന്ദേശ് പാട്ടീല്‍

 2015 നവംബറില്‍ കോഴിക്കോട്, നൗഷാദ് എന്ന 32 കാരന്‍ രണ്ട് ആന്ധ്രാ സ്വദേശികളായ ശുചീകരണ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയും ഒടുവില്‍ മൂന്നുപേരും മരിക്കുകയും ചെയ്ത സംഭവം കേരളം മുഴുക്കെ ചര്‍ച്ച ചെയ്തതാണ്. ഈയടുത്താണ് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ജോയി എന്ന 47 വയസ്സുകാരന്‍ ശുചീകരണത്തിനിടെ കനാലില്‍ അകപ്പെട്ട് മരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഈ രണ്ട് സംഭവങ്ങളും മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചക്ക് വിധേയമാക്കിയെങ്കിലും ശാശ്വത പരിഹാരത്തിലേക്ക് ഭരണകൂടം ഇനിയും എത്തിയിട്ടില്ല. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയാതെ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യേണ്ടി വരുന്നവരുടെ അപകട വാര്‍ത്തകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നിടത്ത് വിഷയത്തിനോടുള്ള ഭരണകൂടത്തിന്റെ വിമുഖത മനസ്സിലാക്കാവുന്നതാണ്.

ഉന്നതജാതിക്കാരുടെ ഭാഷയില്‍, ബ്രഹ്മാവിന്റെ തലയില്‍ നിന്നോ കയ്യില്‍ നിന്നോ സൃഷ്ടിക്കപ്പെടാന്‍ 'ഭാഗ്യം' ലഭിക്കാത്തവര്‍. സമൂഹത്തിന്റെ പൊതുബോധത്തില്‍ മറ്റു ജോലികള്‍ ചെയ്യാന്‍ അര്‍ഹതയില്ലാത്തവരാണിവര്‍. ബ്രാഹ്മണ വീടുകളില്‍ നിന്നും തങ്ങളനുഭവിക്കേണ്ടി വരുന്ന ജാതിപീഡനങ്ങളുടെ തീക്ഷ്ണാനുഭവങ്ങള്‍ സെപ്റ്റിക് ടാങ്കുകളിലെ വിഷപ്പാമ്പുകളേക്കാള്‍ ഭയാനകമാണെത്ര.

ജാതിക്കൊളങ്ങള്‍ക്കപ്പുറം മനുഷ്യജീവനെ തതുല്യമായി തന്നെ കാണാന്‍ കഴിയാത്തിടത്താണ് ഓരോ ഇന്ത്യക്കാരനും ഇവിടെ കുറ്റക്കാരനാവുന്നത്. ഒരു വിഭാഗംമനുഷ്യര്‍ മാന്‍ഹോളുകളില്‍ 'ആത്മഹത്യ' ചെയ്യാന്‍ വിധിക്കപ്പെടുന്നു. മാധ്യമങ്ങളും ഭരണകൂടവും നിസ്സംഗതയോടെ കൊലയാളിയുടെ റോള്‍ 'ഭംഗിയായി' നിര്‍വഹിക്കുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - എന്‍.കെ ഷാദിയ

Media Person

Similar News