മലയാളിക്ക് നഷ്ടപ്പെട്ട സിക്‌സ്ത് സെന്‍സ്; അഥവാ, സിവിക് സെന്‍സ്

അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും, അവരുടെ കടമകള്‍ ഓര്‍മപ്പെടുത്താനും ഓര്‍മിച്ച സമൂഹം പക്ഷെ അവരുടെ സ്വന്തം കടമകളില്‍ വെള്ളം ചേര്‍ത്ത് കൊണ്ടേയിരുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തങ്ങളുടെ കടമ കഴിഞ്ഞു എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി, അവരവരുടെ സ്വന്തം ജീവിതങ്ങളിലേക്കു ജനങ്ങള്‍ ഒതുങ്ങി. സര്‍ക്കാരുകള്‍ വന്നു കഴിഞ്ഞാല്‍ ഇനിയെല്ലാം അവരുടെ ചുമതലയാണ് എന്നതായി ചിന്ത. | LookingAround

Update: 2022-10-25 07:43 GMT

ബ്രിട്ടീഷ് ഭരണം കഴിഞ്ഞ്, രാജഭരണം ഒഴിഞ്ഞ്, ഇന്ത്യയുടെ ഭാഗമായി കേരളം സ്വാതന്ത്ര്യത്തിലേക്ക് കാല്‍ വച്ചതു രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ്. രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യവും സ്വയംഭരണവും യഥാര്‍ഥത്തില്‍ ജനങ്ങളിലേക്ക് പൂര്‍ണ്ണമായും മറ്റേത് സംസ്ഥാനങ്ങളിലേക്കാളും എത്തിയത് കേരളത്തിലാണെന്നത് ഒരു സത്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ കേരളത്തിലെ വ്യത്യസ്തതകള്‍ അതിനു ഒരു കാരണമാണ്.

സ്വാതന്ത്ര്യസമരത്തിന് സമാന്തരമായി, രാഷ്ട്രീയ സമരങ്ങള്‍ക്കൊപ്പം തന്നെ, കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും, നവോത്ഥാന നായകരും നടത്തിയ പ്രവര്‍ത്തനങ്ങളാണ് മുഖ്യകാരണം. സ്വാതന്ത്ര്യസമരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ടുള്ള അവരുടെ പ്രയത്‌നങ്ങള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒന്നായിരുന്നു. ഇത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രതിഫലിച്ചു എന്ന് മാത്രമല്ല, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ മനുഷ്യത്വ രഹിതമായ തിന്മകളെ തുടച്ചു നീക്കാനും സാധിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉയര്‍ത്തിപ്പിടിച്ചിരുന്നതും, ജനങ്ങളെ പഠിപ്പിച്ചതും അവരുടെ ചോദ്യം ചെയ്യാനുള്ള അവകാശങ്ങളെയാണ്. റാന്‍ മൂളി നിന്നിരുന്ന കേരള ജനതയ്ക്ക് അതൊരു വലിയ തിരിച്ചറിവും, ആവേശവുമായിരിന്നു.


ഇതെല്ലാം കൊണ്ട് തന്നെ ഇന്ത്യയിലെ പല പ്രദേശങ്ങളെക്കാളും ജനാധിപത്യത്തിന് അതിന്റെ പൂര്‍ണ്ണതയിലേക്ക് ഏറ്റവും അടുത്ത് നില്‍ക്കാന്‍ സാധിച്ചത് കേരളത്തില്‍ മാത്രമാണ്. ജനാധിപത്യ സമ്പ്രദായം നല്‍കിയ അവകാശങ്ങള്‍ ബോധ്യപ്പെടുന്നതില്‍ നമ്മള്‍ ഒരു പടി മുന്നിലായിരുന്നു. ഇതിന് പക്ഷെ ചില മറുവശങ്ങളും വളര്‍ന്നു വരുന്നുണ്ടായിരുന്നത് നമ്മള്‍ കാണാത്ത പോയിരിന്നു എന്നതാണ് സത്യം.

അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും, അവരുടെ കടമകള്‍ ഓര്‍മപ്പെടുത്താനും ഓര്‍മിച്ച സമൂഹം പക്ഷെ അവരുടെ സ്വന്തം കടമകളില്‍ വെള്ളം ചേര്‍ത്ത് കൊണ്ടേയിരുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തങ്ങളുടെ കടമ കഴിഞ്ഞു എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി, അവരവരുടെ സ്വന്തം ജീവിതങ്ങളിലേക്കു ജനങ്ങള്‍ ഒതുങ്ങി. സര്‍ക്കാരുകള്‍ വന്നു കഴിഞ്ഞാല്‍ ഇനിയെല്ലാം അവരുടെ ചുമതലയാണ് എന്നതായി ചിന്ത. ഇത് സമൂഹത്തിന്റെ ദിശാബോധത്തെ മാത്രമല്ല സ്വാധീനിച്ചത്, ദൈനംദിന ജീവിതത്തെ പോലും പ്രതികൂലമായി ബാധിച്ചു.


സമൂഹത്തിലെ നല്ലജീവിതത്തിന് ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ തീരെ ഇല്ലാതായിരിക്കുകയാണ്. ഈ അടുത്ത കാലത്തു ജനങ്ങളില്‍ ഭീതി പടര്‍ത്തിയ തെരുവ്‌നായ ശല്യം പോലും ഇതിന്റെ ഉദാഹരണമാണ്. ഓരോരുത്തരുടെയും പുരയിടത്തിനു പുറത്തുള്ള നിരത്തുകളിലേക്കു തള്ളുന്ന സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ ഒന്ന് മാത്രമാണ് ഈ പ്രശ്‌നം ഇത്ര ഗുരുതരമാകാന്‍ കാരണം. സന്ധ്യാനേരത്തും പുലര്‍കാലങ്ങളിലും ഇന്ന് കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വീടുകളില്‍ കത്തിക്കുന്ന പ്ലാസ്റ്റിക്ക് അടങ്ങിയ ചപ്പുചവറുകള്‍ ഉണ്ടാക്കുന്ന ഭയാനകമായ മലിനീകരണ പ്രശ്‌നങ്ങള്‍ എങ്ങനെ മനുഷ്യര്‍ കാണാതെ പോകുന്നു? താന്താങ്ങളുടെ വീടുകളില്‍ നിന്ന് മലിന ജലം പുറന്തള്ളുമ്പോള്‍ അത് നമുക്ക് തന്നെ അത്യാവശ്യം വേണ്ട ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നത് എങ്ങനെ അവഗണിക്കാന്‍ കഴിയും?


ഒരു പടി കൂടി കടന്നു പറഞ്ഞാല്‍, രഷ്ട്രനിര്‍മിതിയുടെ മേഖലയില്‍ ഈ സമൂഹത്തിലെ ഒരംഗം എന്ന നിലക്കുള്ള പൗരബോധം ജനങ്ങള്‍ക്ക് ഇല്ലാതായി. ഭരണകൂടത്തിന്റെ തെറ്റുകള്‍ തങ്ങളുടെ പിടിപ്പുകേട് കൊണ്ടാണെന്ന ബോധം അവര്‍ സമ്മതിക്കാന്‍ തയ്യാറല്ല. കൈക്കൂലി കൊടുക്കുന്നവര്‍, അത് വാങ്ങിക്കുന്നത് മാത്രമാണ് തെറ്റ് എന്ന ചിന്തയിലാണ് ജീവിക്കുന്നത്. സ്വന്തം കടമകള്‍ തീറെഴുതി കൊടുത്തു കൊണ്ട് സമൂഹത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഈ പ്രവണത അരാഷ്ട്രീയം തന്നെയാണ്. വോട്ട് ചെയ്താല്‍ മാത്രം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകുന്നില്ല എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കു വേണം. ഈ സമൂഹത്തിലെ അംഗം എന്ന നിലക്ക്, ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലക്ക്, തങ്ങള്‍ക്ക് തുടര്‍ച്ചയായ ഒരു ഉത്തരവാദിത്വം ഉണ്ടെന്നും അത് ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബീര്‍ അഹമ്മദ്

Writer

Similar News