ഫ്രാങ്കന്‍മുത്ത്-നൊസ്റ്റാള്‍ജിയയുടെ തുരുത്ത്

ഒരു പ്രാവശ്യം സന്ദര്‍ശിച്ച ഏതൊരാളും എന്നെങ്കിലും മടങ്ങിവരണമെന്ന ആഗ്രഹവുമായിട്ടായിരിക്കും ഇവിടെ നിന്ന് തിരികെ പോകുന്നത്; | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാവിവരണം: ഭാഗം: 14

Update: 2024-09-16 11:27 GMT
Advertising

ജന്മനാട്ടിലെ പരിമിതമായ സാഹചര്യങ്ങളാണ് സാധാരണയായി ഒരാളെ പ്രവാസത്തിലേക്ക് നയിക്കുന്നത്; മറ്റു പല കാരണങ്ങളും ഉണ്ടാകാം എന്ന കാര്യം ഇവിടെ മറക്കുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കാനായി കടല്‍ കടന്ന് സ്വപ്നത്തില്‍ പോലും കാണാത്ത സാഹചര്യങ്ങളില്‍ സ്വന്തം വേരുകള്‍ക്ക് വെള്ളവും വളവും തേടുമ്പോഴും പിറന്ന നാട് ഒരു പൊള്ളുന്ന ഓര്‍മയായി വിങ്ങിക്കൊണ്ടിരിക്കും. താന്‍ പൂര്‍വാശ്രമത്തില്‍ ഉപേക്ഷിച്ചു പോകുന്ന പ്രിയപ്പെട്ടതിനെയെല്ലാം പുനര്‍ സൃഷ്ടിക്കുകയാണ് ഈ പൊള്ളലിന് ഏറ്റവും പറ്റിയ മരുന്ന് എന്ന് ഓരോ പ്രവാസിയും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവാണ് നാട്ടിലേക്കാള്‍ പകിട്ടോടെ വിദേശങ്ങളില്‍ കൊണ്ടാടപ്പെടുന്ന മലയാളിയുടെ ഓണാഘോഷവും വടക്കേ ഇന്ത്യക്കാരന്റെ ദീപാവലിയും, ഹോളിയും അയര്‍ലണ്ടുകാരുടെ സെന്റ് പാട്രിക്ക് ഡേ ആഘോഷവുമൊക്കെ. പട്ടിക ഒരുപാട് നീണ്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ ഇത്തരത്തില്‍ നാടുവിട്ട ഒരുകൂട്ടം ജര്‍മന്‍കാര്‍ അമേരിക്കയിലെ മിഷിഗണില്‍ സ്വന്തം ദേശത്തിന്റെ ഓര്‍മയുടെ തുരുത്ത് ഉണ്ടാക്കി എടുത്തതിന്റെ കഥയാണ് ഇനി പറയുന്നത്.

1840 ല്‍ ഫെഡറിക്ക് എന്ന ലൂഥറന്‍ മിഷനറിക്ക് തോന്നിയ ഒരു ആശയമാണ് പിന്നീട് ഫ്രാങ്കന്‍ മുത്ത് പട്ടണമായി പരിണമിച്ചത്. ആദ്യകാലത്ത് മതപ്രചരണത്തിനു വേണ്ടി ഇവിടെ വന്ന് താമസമാക്കിയവര്‍ക്ക് പള്ളികളും സ്‌കൂളുകളും ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം ജര്‍മനിയിലേക്ക് ഒരു കത്ത് എഴുതി. അവര്‍ ഈ ആവശ്യത്തിലേക്കായി ഒരു കൂട്ടം ആള്‍ക്കാരെ പ്രവര്‍ത്തിപരിചയം കൊടുത്ത് സജ്ജരാക്കി. ജര്‍മനിയിലെ ഫ്രാങ്കന്‍ എന്ന ചെറു നാട്ടുരാജ്യത്തില്‍ നിന്നും ഇതിനായി 15 പേരെ അയയ്ക്കുകയും അവര്‍ ഏകദേശം ഏഴ് ആഴ്ച കടലിലും കരയിലുമായി സഞ്ചരിച്ച് ഏപ്രില്‍ മാസം അമേരിക്കയിലെ മിഷിഗണില്‍ എത്തിച്ചേരുകയും ചെയ്തു. ഈ യാത്രയുടെ പ്രധാന ഉദ്ദേശം 'ചിപ്പാവ' എന്ന് പേരുള്ള ആദിവാസികളുടെ ഇടയില്‍ ക്രിസ്തുമതം കൂടുതല്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇങ്ങനെ വന്നെത്തിയവരും, അവരുടെ പരമ്പരകളും അവിടെ താമസമാക്കുകയും വെറും ചതുപ്പായിരുന്ന ആ ഭാഗം ഒരു ഗ്രാമമായി വികസിക്കുകയും ചെയ്തു. പിന്നീട് കാലക്രമേണ അത് ഫ്രാങ്കന്‍ മുത്ത് നഗരമായി പരിണമിക്കുകയും കൊല്ലം തോറും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാന്തമായി മാറുകയും ചെയ്തു. ഫ്രാങ്കന്‍ എന്ന അവരുടെ നാട്ടുരാജ്യത്തിന്റെ പേരും ജര്‍മന്‍ ഭാഷയില്‍ ധൈര്യം എന്നര്‍ഥം വരുന്ന രണ്ടു വാക്കുകളും ചേര്‍ന്നാണ് വിചിത്രമായ ഈ സ്ഥലനാമം ഉണ്ടായത്. ആദ്യം മുതല്‍ തന്നെ അവര്‍ ജര്‍മന്‍ പാരമ്പര്യത്തോട് അടുത്ത ബന്ധം പുലര്‍ത്തുമെന്ന് തീരുമാനിച്ചിരുന്നു. അത് ഇന്നും അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തമായി കാണാം. ആ സാദൃശ്യമാണ് ഈ നഗരത്തിന് ലിറ്റില്‍ ബവേറിയ എന്ന പേര് ലഭിക്കാനിടയായത്. ബവേറിയ എന്നത് ജര്‍മനിയിലെ ഒരു പ്രവിശ്യയുടെ പഴയ പേരാണ്. ജര്‍മനിയിലെ കൊളോണ്‍ എന്ന സ്ഥലത്തുനിന്നും വന്ന 13 പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ഭരണഘടനയോട് കൂടിയ ഒരു സൊസൈറ്റി രൂപീകരിച്ചു. അംഗങ്ങള്‍ എല്ലാ കാലത്തും ജര്‍മന്‍ ഭാഷയോടും ജര്‍മനിയോടും കൂറുള്ളവരായിരിക്കും എന്നതാണ് ഭരണഘടനയുടെ കാതല്‍.

അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായിട്ടാണ് ഫ്രാങ്കന്‍ മുത്ത്. ഈ പേരാണ് സ്ഥലത്തെ പറ്റി ആദ്യം ജിജ്ഞാസ തോന്നിപ്പിച്ചത്. പക്ഷേ, അടുത്ത കാലത്താണ് അവിടം സന്ദര്‍ശിക്കാനുള്ള സൗകര്യം ലഭിച്ചത്. തലസ്ഥാനമായ ഡെട്രോയിറ്റിന്‍ നിന്നും ഏകദേശം 85 മൈല്‍ കാര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. പ്രദേശത്തിന്റെ അന്യാദൃശ്യമായ ഭംഗിയാണ് സന്ദര്‍ശകനെ ആദ്യം ആകര്‍ഷിക്കുക. ' Picture perfect 'എന്ന വാക്ക് കണ്ടുപിടിച്ചത് ഇവിടെയാണോ എന്ന് സംശയിച്ചു പോകും.

ഇവിടുത്തെ ജനസംഖ്യ 5,000ല്‍ താഴെയാണ്. ഇതില്‍ പകുതിയില്‍ കൂടുതല്‍ പേരും ആദ്യം വന്ന ജര്‍മന്‍കാരുടെ പരമ്പരയില്‍ പെട്ടവരാണ്.

മേല്‍ക്കൂരയുള്ള പാലം (covered bridge) എന്നറിയപ്പെടുന്ന ഒരു പാലമാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കാസാ നദിക്ക് കുറുകെ ഇരുനൂറ്റിമുപ്പത്തി ഒന്‍പത് അടി നീളമുള്ള ഈ പാലത്തില്‍ കൂടി കാറിലും നടന്നും സഞ്ചരിക്കാം. പാലത്തിന്റെ ഭാരം 230 ടണ്‍ ആണ്. ഇരുവശങ്ങളിലും ഫൂട്പാത്തും റോഡും ഉള്‍പ്പെടെയുള്ള പാലത്തിന്റെ മുഴുവന്‍ സഞ്ചാരയോഗ്യമായ ഭാഗങ്ങളും മേല്‍ക്കൂര ഉപയോഗിച്ച് മറച്ചിട്ടുണ്ട്. പാലത്തിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം ഓക്ക്, സ്പ്രൂസ് എന്നീ മരങ്ങളുടെ തടി കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മില്‍ട്ടണ്‍ ഗ്രാറ്റന്‍ ഏന്ന ഒരാളും മകനും ചെറു മകനും അടങ്ങിയ ഒരു കൂട്ടം ആള്‍ക്കാരാണ് ഇത് നിര്‍മിച്ചത്. 1979ല്‍ ആരംഭിച്ച് രണ്ടു കൊല്ലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയായി. ഇത്തരം പാലങ്ങള്‍ പുതിയ കാലത്ത് വളരെ അസാധാരണമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തടി കൊണ്ടുള്ള പാലങ്ങള്‍ സാധാരണയായി മേല്‍ക്കൂര ഉള്ളതായിരിക്കും അതല്ലെങ്കില്‍ മഞ്ഞും സൂര്യപ്രകാശവും കൊണ്ട് അവയ്ക്ക് 20 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് ഉണ്ടാവില്ല. മേല്‍ക്കൂരയുള്ള പാലങ്ങളുടെ ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന Bridges of Madison county എന്ന സുപ്രസിദ്ധമായ ക്ലിന്റ് ഈസ്റ്റ് വുഡ് ക്ലാസിക് മൂവിയെപ്പറ്റി ഓര്‍ത്തുകൊണ്ടാണ് ഈ പാലത്തിലൂടെ നടന്നത്.

തടിവെട്ട്, കൃഷി എന്നിവയാണ് പണ്ടുകാലത്ത് എന്നപോലെ ഇപ്പോഴത്തെയും ഈ നാട്ടിലെ പ്രധാന തൊഴില്‍. വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം അടുത്തകാലത്ത് വളരെ വര്‍ധിച്ചിട്ടുണ്ട്. പൂര്‍വ പിതാക്കളുടെ ജീവിതത്തപ്പറ്റിയുള്ള വിവരങ്ങള്‍ ഇവിടുത്തെ ചരിത്രം മ്യൂസിയത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു.

കാസാനദിയിലൂടെയുള്ള ബോട്ട് യാത്ര രസകരമാണ്. ഗൈഡ് നാടിന്റെ ചരിത്രവും അതുമായി ബന്ധപ്പെട്ട കഥകളും പറഞ്ഞ് യാത്ര കൂടുതല്‍ ഉല്ലാസഭരിതമാക്കി. നദിയിലൂടെയുള്ള കയാക്കിംഗ്, പാഡില്‍ ബോര്‍ഡിങ് (പൊങ്ങിക്കിടക്കുന്ന ഒരു പ്ലാസ്റ്റിക് പ്രതലത്തില്‍ ബാലന്‍സ് ചെയ്ത് നിന്നുകൊണ്ട് തുഴഞ്ഞുപോകല്‍), മീന്‍പിടുത്തം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. മിഷിഗണിന്റെ തന്നെ ഒരു ഭാഗമായ സാഗിനാ ഉള്‍ക്കടലില്‍ നിന്നും സാല്‍മണ്‍ മത്സ്യങ്ങളുടെ മുട്ടയിടാനായുള്ള മടങ്ങിവരവിന്റെ പാതയുടെ ഭാഗമാണ് കാസാ നദി. സാല്‍മണ്‍ മത്സ്യങ്ങളുടെ കുഞ്ഞുങ്ങള്‍ വളരെ ദൂരം സഞ്ചരിച്ച് സമുദ്രത്തില്‍ പോയി സ്വന്തം ജീവിതചക്രം പൂര്‍ത്തിയാക്കിയ ശേഷം മുട്ടയിടാനായി നദിയിലെ ജനിച്ച സ്ഥലത്ത് തന്നെ മടങ്ങിയെത്തുന്നു. യൂറോപ്പിലെയും വടക്കനമേരിക്കയിലെയും പല നദികളും കാണുന്ന ഈ പ്രതിഭാസത്തെ 'സാല്‍മണ്‍ റണ്‍' എന്നറിയപ്പെടുന്നു. ഇവിടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സാല്‍മണുകളുടെ ജീവിതചക്രം പൂര്‍ത്തിയാക്കാനായുള്ള സഞ്ചാരത്തിന് തടസ്സം വരാതെ ആയിരിക്കണം എന്ന് നിയമം മൂലം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 


ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. ഏകദേശം 30 ലക്ഷം സന്ദര്‍ശകര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നു. നിറയെ പൂക്കളും ഹരിതാഭയുമായി ഈ കാലത്ത് അതിഥികള്‍ക്കായി ഇവിടം അണിഞ്ഞൊരുങ്ങി നില്‍ക്കും. അമേരിക്കയില്‍ സാധാരണ കാണാത്ത ഒരു പ്രത്യേക രീതിയിലാണ് ഇവിടെയുള്ള വീടുകള്‍ എല്ലാം തന്നെ. പഴയകാല ജര്‍മനിയിലെ ഗൃഹനിര്‍മാണ ശൈലിയുടെ അനുകരണം ഇവിടെ കാണാം. കെട്ടിടങ്ങളുടെ പുറമേ കാണുന്ന ഭാഗത്ത് ' X ' ഡിസൈന്‍ ഉണ്ടാക്കിയതായി കാണാം.

പല ഹോട്ടലുകളും പഴയകാല ശൈലിയില്‍ തന്നെ സംരക്ഷിച്ചിട്ടുണ്ട്: തെരുവുകളില്‍ കൂടി നടക്കുമ്പോള്‍ പുരാതന ജര്‍മനിയിലെ നാട്ടിന്‍പുറത്തെ ഏതോ തെരുവില്‍ കൂടി നടക്കുകയാണോ എന്ന് നമുക്ക് സംശയം തോന്നും. ടൈം മെഷീനില്‍ കയറി ഒരു നൂറു കൊല്ലം പുറകിലേക്ക് പോയതുപോലെ!

'Zehnders ചിക്കന്‍ ഡിന്നര്‍' റസ്റ്റൊറന്റാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. 1500 പേര്‍ക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പ്രധാന തെരുവില്‍ തന്നെയാണിത്. ഓള്‍ യു ക്യാന്‍ ഇറ്റ് ' സ്‌റ്റൈലില്‍ ചിക്കന്‍ പൊരിച്ചത്, മത്സ്യവിഭവങ്ങള്‍, സ്റ്റേക്ക്, യൂറോപ്യന്‍ നാടുകളിലെ മധുരപലഹാരങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. താഴത്തെ നിലയില്‍ ഗിഫ്റ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ രുചികരമായ ഭക്ഷണമായിരുന്നു. 1856 മുതല്‍ നടന്നുവരുന്ന ഈ റെസ്റ്റൊറന്റ് ഇതിന്റെ ഉടമസ്ഥരായ Zehnders കുടുംബം '1927 ല്‍ സമീപത്തുള്ള മറ്റൊരു ഹോട്ടല്‍ കൂടി വാങ്ങി ബവേറിയന്‍ ഇന്‍ എന്ന പേരില്‍ നടത്തിവരുന്നു.

Bringing back 80's എന്ന ഒരു പരിപാടി അവിടെ കണ്ടു; ഇതില്‍ പങ്കെടുക്കുന്ന എല്ലാവരും എണ്‍പതുകളിലെ ഫാഷന്‍ വേഷങ്ങളും ഹെയര്‍ സ്‌റ്റൈലും ധരിച്ചിരുന്നു. അക്കാലത്തെ സംഗീതം, ഫാഷന്‍, സാഹിത്യം, ഭക്ഷണം എന്നിവയെല്ലാം ഇവിടെ ആഘോഷിക്കപ്പെടുന്നതായി കണ്ടു.

Dog Bowl എന്ന പേരില്‍ മറ്റൊരു പ്രദര്‍ശനം ഇവിടെ നടക്കുന്നുണ്ടായിരുന്നു. പട്ടികള്‍ക്ക് വേണ്ടിയുള്ള പലതരം മത്സരങ്ങളാണിവിടെ. ഇതിനു വേണ്ടി വളരെ ദൂരെ നിന്ന് പട്ടികളെയും കൊണ്ട് ഉടമസ്ഥര്‍ വരിക പതിവാണ്. ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍, ജര്‍മന്‍ ബാന്റുകള്‍ പങ്കെടുക്കുന്ന മ്യൂസിക് ഫെസ്റ്റിവല്‍, കാര്‍ ഷോ എന്നിവയും പല ദിവസങ്ങളിലായി നടത്തപ്പെടുന്നു.

ഇവിടെയുള്ള 'ബോണേഴ്‌സ് ക്രിസ്മസ് വണ്ടര്‍ലാന്‍ഡ്' എന്നറിയപ്പെടുന്ന സ്ഥാപനം ക്രിസ്മസുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടയാണ്. ഒരു വര്‍ഷത്തില്‍ 361 ദിവസവും ഇത് തുറന്നിരിക്കും. എപ്പോള്‍ വന്നാലും ഇതിനകത്ത് കയറിയാല്‍ ക്രിസ്മസ് ഗാനങ്ങളും ട്രീയും നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും സംഗീതവും ഒക്കെ കൂടി ക്രിസ്മസ്‌ക്കാലം ആണെന്ന് സന്ദര്‍ശകന് തോന്നും വിധമാണ് സജ്ജീകരണങ്ങള്‍. 


40 വര്‍ഷങ്ങളായി ഇവിടെ നടന്നു വരുന്ന മാരത്തോണ്‍ മത്സരം ധാരാളം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഓടിത്തീര്‍ക്കാനുള്ള 13.9 മൈല്‍ ദൂരത്തിനിടയില്‍ 13 പാലങ്ങള്‍ ഉണ്ട്. ഇവയില്‍ പലതും 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള തടിപ്പാലങ്ങളാണ്.

100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സെന്റ് ലോറന്‍സ് ലൂതറന്‍ പള്ളിയിലെ പല നിറങ്ങളുള്ള ഗ്ലാസ് കൊണ്ട് രചിക്കപ്പെട്ട ചിത്രപ്പണികള്‍ വളരെ മനോഹരമാണ്. മാസത്തിലൊരിക്കല്‍ ഇവിടെ ജര്‍മന്‍ ഭാഷയില്‍ കുര്‍ബാന ഉണ്ട് എന്ന് എഴുതിവെച്ചിട്ടുണ്ട്. ഒരു പ്രാവശ്യം സന്ദര്‍ശിച്ച ഏതൊരാളും എന്നെങ്കിലും മടങ്ങിവരണമെന്ന ആഗ്രഹവുമായിട്ടായിരിക്കും ഇവിടെ നിന്ന് തിരികെ പോകുന്നത്; ഞാനും അങ്ങനെ തന്നെയാണ് മടങ്ങിയത്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News