വില്ലന്റെ സന്നാഹങ്ങള്‍ക്ക് 'പാക്ക് അപ്പ്'

ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ പടം നിന്ന് പോയി. ഫല്‍ഗുണന്‍ അവസാനമായി 'പാക്ക് അപ്പ്' പറഞ്ഞു. വളരെ വേദനയോടെ, വളരെ പതിഞ്ഞ സ്വരത്തില്‍. അതോടെ എന്റെ വില്ലന്‍ സ്വപ്നങ്ങള്‍ക്കും പാക്ക് അപ്പ് ആയി. എല്ലാവരും നിരാശരായി മലയിറങ്ങി. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 38

Update: 2024-09-10 13:47 GMT
Advertising

എഴുപതുകളുടെ അവസാനത്തില്‍ ബ്ലാക്ക് & വൈറ്റ് സിനിമകളുടെ പ്രളയമായിരുന്നു. ഒന്നിന് പിറകെ ഒന്നായി പുതിയ സിനിമയുടെ ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. ഇനി പറയാന്‍ പോകുന്നത് മറ്റൊരു സിനിമ സാഹസത്തിന്റെ കഥയാണ്. 'തേര്‍വാഴ്ച'യുടെ തിരക്കഥ എഴുതിയത്, യു. ഫല്‍ഗുണന്‍ എന്ന മുന്‍ നക്‌സലൈറ് ആയിരുന്നു. ഷൂട്ടിംഗ് ഘട്ടത്തില്‍ അദ്ദേഹം മുഴുവന്‍ സമയവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. 'തേര്‍വാഴ്ച' കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിലും സംവിധാന മോഹം അങ്കുരിച്ചു. അദ്ദേഹം വയനാട്ടിലെ നക്‌സലൈറ്റ് ആക്ഷന്‍ പശ്ചാത്തലമാക്കി ഒരു തിരക്കഥ എഴുതി. അദ്ദേഹം തന്നെ സംവിധായകന്‍! നിര്‍മാതാവിനെ അദ്ദേഹം സംഘടിപ്പിച്ചു. അദ്ദേഹവും എനിക്കൊരു ഓഫര്‍ തന്നു. സഹസംവിധായകന്റെ ജോലിക്കൊപ്പം വില്ലന്റെ വേഷവും! ജന്മിയുടെ ക്രൂരനും താന്തോന്നിയുമായ മകന്റെ വേഷം. ആദിവാസികളെ ചൂഷണം ചെയ്യുക, ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യുക, കാട്ടു മൃഗങ്ങളെ വേട്ടയാടുക, ഇതൊക്കെയാണ് വില്ലന്റെ പ്രധാന വിനോദം.

നായകസ്വപ്നം പൊളിഞ്ഞ സ്ഥിതിക്ക്, വില്ലന്‍ വേഷത്തില്‍ ഒരു കൈ നോക്കാമെന്നു ഞാനും തീരുമാനിച്ചു. അങ്ങിനെ ഞാന്‍ 'സന്നാഹം' എന്ന സിനിമയുടെ വില്ലന്‍ കം അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി. വയനാട് ആയിരുന്നു ലൊക്കേഷന്‍. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ഞങ്ങള്‍ തമ്പടിച്ചു. ബക്കറിന്റെ സ്ഥിരം ക്യാമറാമാന്‍ ആയിരുന്ന വിപിന്‍ദാസിനെ തന്നെയാണ്, ബക്കറിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിജയനാഥ് തന്റെ കന്നി ചിത്രമായ തേര്‍വാഴ്ചയില്‍ ക്യാമറാമാന്‍ ആയി തെരഞ്ഞെടുത്തതെങ്കില്‍, തേര്‍വാഴ്ചയുടെ തിരക്കഥാകൃത്തായ യു. ഫല്‍ഗുണന്‍ സംവിധായകനായപ്പോള്‍ അദ്ദേഹവും വിപിന്‍ദാസിനെത്തന്നെ ക്യാമറാമാന്‍ ആക്കി.

ഷൂട്ടിങ്ങിന്റെ തലേദിവസം വൈകുന്നേരത്തോടെ വിപിന്‍ദാസ് കല്‍പ്പറ്റയില്‍ എത്തി. അദ്ദേഹം എറണാകുളത്തു നിന്നും കാറിലാണ് എത്തിയത്. വന്ന ഉടനെ അദ്ദേഹം നിര്‍മാതാവിനെ വിളിച്ചു ചില ആവശ്യങ്ങള്‍ പറഞ്ഞു.

'' നാളെ രാവിലെ എറണാകുളത്തു എന്റെ വീടിന്റെ രജിസ്‌ട്രേഷന്‍ ആണ്. കുറച്ചു പണത്തിന്റെ ഷോര്‍ട്ട് ഉണ്ട്. പ്രതിഫലത്തുക മുഴുവന്‍ എനിക്ക് ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ആയി തരണം''

നിര്‍മാതാവ് അമ്പരന്നു. ഇത്രയും തുക പെട്ടെന്ന് എങ്ങിനെ സംഘടിപ്പിക്കും? മാത്രമല്ല, പിറ്റേ ദിവസം രാവിലെ ഷൂട്ടിംഗ് തുടങ്ങുകയാണ്. നിര്‍മാതാവിന്റെ സ്വാധീനത്തില്‍ ഒരുപാടു പ്രഗത്ഭരെ സ്വിച്ച് ഓണ്‍ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത്.

വിപിന്‍ദാസ് പറഞ്ഞു

'' ഞാന്‍ വീട്ടില്‍ കൊണ്ടുപോയി പണമേല്‍പിച്ചിട്ടു രാത്രി തന്നെ അവിടന്ന് തിരിച്ചോളാം, വെളുപ്പിനു മുന്‍പ് ഇങ്ങെത്തും.''

ഈ പറഞ്ഞത് പ്രായോഗികമല്ലാത്ത കാര്യം ആണെന്ന് എനിക്കറിയാം. വിപിന്‍ദാസിനോടൊപ്പം ഒരുപാടു സിനിമകള്‍ ചെയ്തിട്ടുള്ളത് കൊണ്ട്, എനിക്ക് അപകടം മണത്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:

'' ഇപ്പോള്‍ ബാങ്ക് സമയവും കഴിഞ്ഞില്ലേ. നാളെ രാവിലെ പ്രൊഡ്യൂസര്‍ പണം ബാങ്കില്‍ നിന്നെടുത്തു തരും, നമുക്ക് ഷൂട്ടിംഗ് തുടങ്ങാം. പണം ആരുടെയെങ്കിലും കൈവശം എറണാകുളത്തു എത്തിക്കാം''.

പക്ഷെ, വിപിന്‍ദാസ് വഴങ്ങാന്‍ തയാറായില്ല. പണവും കൊണ്ട് താന്‍ തന്നെ പോകണം, പണം കിട്ടിയേ തീരൂ എന്നദ്ദേഹം വാശി പിടിച്ചു. നിര്‍മാതാവും, ഫല്‍ഗുണനും ഞാനും കൂടിയാലോചിച്ചു. ഷൂട്ടിംഗ് മുടങ്ങാന്‍ പാടില്ല. എന്ത് ചെയ്യും?

കോഴിക്കോട് കാരനായ നിര്‍മാതാവ് പറഞ്ഞു:

''ഞാന്‍ കാറെടുത്തു ഒന്ന് ചുറ്റിനോക്കട്ടെ. ഇനി ഇപ്പോള്‍ ഈ രാത്രിയില്‍ ഒന്‍പതു ചുരം ഇറങ്ങി കോഴിക്കോട് പോയി പണം സംഘടിപ്പിക്കാന്‍ കഴിയില്ല. കല്‍പ്പറ്റയില്‍ ചില സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ, രാത്രി ഇത്രയും പണം ആരുടെയെങ്കിലും വീട്ടില്‍ ഉണ്ടാവുമോ എന്നറിയില്ല. ഏതായാലും ഞാനൊന്നു ശ്രമിച്ചു നോക്കാം''.

അദ്ദേഹം കാറെടുത്തു യാത്രയായി. ഞാനും ഫല്‍ഗുണനും പിറ്റേ ദിവസത്തെ ഷൂട്ടിങ്ങിനുള്ള പ്ലാനിങ്ങില്‍ മുഴുകി. അല്‍പം കഴിഞ്ഞു നിര്‍മാതാവ് കുറച്ചു പണവും സംഘടിപ്പിച്ചു കൊണ്ടുവന്നു. പ്രതിഫലത്തുക മുഴവന്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പകുതിയിലധികം അദ്ദേഹം വിപിന്‍ദാസിനെ ഏല്‍പ്പിച്ചു. വെളുപ്പിനെ എത്തിക്കോളാം എന്ന് പറഞ്ഞു വിപിന്‍ദാസ് കാറില്‍ കയറി. ഞാന്‍ അദ്ദേഹത്തിന്റെ കാറിന്റെ അടുത്ത് ചെന്ന് സ്വകാര്യമായി പറഞ്ഞു:

'' വിപിന്‍ജി, ചതിക്കരുത്, രാവിലെ എത്തിയേക്കണം. സ്വിച്ച് ഓണ്‍ ഒന്‍പത് മണിക്കാണ്. കളക്ടര്‍ ആണ് വരുന്നത്''

'' ഞാന്‍ ഏറ്റു അയൂബേ, സ്വിച്ച് ഓണിന് ഞാന്‍ ഇവിടെ ഉണ്ടാകും''

വിപിന്‍ദാസ് കൈ വീശി യാത്രയായി. അദ്ദേഹത്തിന്റെ കാര്‍ റസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്നു ഇരുളില്‍ മറയുന്നതു ഞാന്‍ നോക്കി നിന്നു.

അതിനു മുന്‍പും അതിനു ശേഷവും ഞാന്‍ വിപിന്‍ദാസിനോടൊപ്പം കുറെ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ നല്ലൊരു ക്യാമറാമാന്‍ ആണദ്ദേഹം. ബക്കറിന്റെ ചിത്രങ്ങളില്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷെ, വ്യക്തിപരമായ ചില ന്യൂനതകള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു വളരെ ആശങ്കയോടെയാണ് ഞാന്‍ അന്ന് ഉറങ്ങാന്‍ കിടന്നത്. എല്ലാവരും വെളുപ്പിനെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. നിര്‍മാതാവും, ഞാനും ഫല്‍ഗുണനും പരസ്പരം ചോദിച്ചു:

''വിപിന്‍ദാസ് എത്തിയോ ?''

അപ്പോള്‍ മണി ആറായി. ഒന്‍പതു മണി വരേയും ഞങ്ങള്‍ വിപിന്‍ ദാസിന്റെ കാറിന്റെ ഹോണിനായി കാതോര്‍ത്തിരുന്നു.

പക്ഷെ, വിപിന്‍ദാസ് എത്തിയില്ല. പിന്നെ ഒരിക്കലും വിപിന്‍ദാസ് ആ സിനിമയിലേക്ക് തിരിച്ചു വന്നില്ല. ഒരു ദിവസത്തെ ജോലി പോലും ചെയ്യാതെയാണ്, പ്രതിഫലത്തിന്റെ പകുതിയിലധികം തുകയും വാങ്ങിക്കൊണ്ടു അദ്ദേഹം മുങ്ങിയത്. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാതിരുന്നതുകൊണ്ട് ലാന്‍ഡ് ഫോണില്‍ പല പ്രാവശ്യം വിളിച്ചു നോക്കി. പക്ഷെ, ഫലമില്ല. രാവിലെ യൂണിറ്റ് മുഴുവന്‍ ഷൂട്ടിങ്ങിനു സജ്ജമായി. പക്ഷെ, ക്യാമറമാന്‍ ഇല്ലായിരുന്നു.

ഒന്‍പത് മണിക്ക് മുന്‍പ് അതിഥികള്‍ എല്ലാം എത്തി. കൃത്യസമയത്ത് കളക്ടര്‍ വന്നു. കാമറ യുണിറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആയിരുന്നു. എല്ലാവരും എന്റെ പരിചയക്കാര്‍. നിരവധി സിനിമകളും, സര്‍ക്കാര്‍ ഡോക്യൂമെന്ററികളും അവരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരോടു കാമറ എടുത്തു റസ്റ്റ്ഹൗസിന്റെ അങ്കണത്തില്‍ സെറ്റ് ചെയ്യാന്‍ പറഞ്ഞു. ക്യാമറാ റെഡി ആയപ്പോള്‍ എല്ലാവരെയും അടുത്തേക്ക് വിളിച്ചു. കളക്ടര്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. പിന്നെ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ഞാന്‍ തന്നെ ആ കുന്നില്‍ മുകളില്‍ നിന്ന് മാമലകളുടെ ചില പ്രകൃതി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. അത് കഴിഞ്ഞു ചായ സല്‍ക്കാരവും കഴിഞ്ഞു അതിഥികളെ യാത്രയാക്കി. ചിലര്‍ '' മല കയറി വന്നതല്ലേ, ഷൂട്ടിംഗ് കണ്ടിട്ടേ പോകുന്നുള്ളൂ'' എന്ന് വാശി പിടിച്ചു. നിര്‍മാതാവും സംവിധായകനും കൂടി അവരെ ഒരുവിധം പറഞ്ഞു വിട്ടു. 


പിന്നെ ഞങ്ങള്‍ മൂന്നുപേരും കൂടി തലപുകഞ്ഞാലോചിച്ചു. എന്താണ് അടുത്ത മാര്‍ഗം? ഞാന്‍ പറഞ്ഞു:

''ഏതായാലും ഇന്ന് ഷൂട്ടിംഗ് നടക്കില്ല. ഫല്‍ഗുണന്‍ യൂണിറ്റുകാരോട് പാക്ക് അപ്പ് പറഞ്ഞേക്ക്. നാളെ ഷൂട്ടിംഗ് തുടങ്ങാനുള്ള വഴി ആലോചിക്കാം''.

''അയൂബ് തന്നെ പാക്ക് അപ്പ് പറഞ്ഞേക്കു'' ഫല്‍ഗുണന്‍ പറഞ്ഞു.

''അതുവേണ്ട,'' ഞാന്‍ പറഞ്ഞു

'' പാക്ക് അപ്പ് പറയുന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണ്. പാക്ക് അപ്പ് പറഞ്ഞുകൊണ്ടാകട്ടെ നിങ്ങളുടെ സംവിധാന ജീവിതത്തിന്റെ തുടക്കം''

ഫല്‍ഗുണന്‍ എഴുന്നേറ്റു പോയി.

ഒരു ദീര്‍ഘ ശ്വാസം എടുത്തിട്ട് അദ്ദേഹയം അലറി .''പാക്ക് അപ്പ്''

അദ്ദേഹത്തിന്റെ ശബ്ദം മലകളില്‍ തട്ടി പ്രതിധ്വനിച്ചു.

എന്റെ സുഹൃത്തും ക്യാമറാമാന്‍ മധു അമ്പാട്ടിന്റെ അസ്സിസ്റ്റന്റുമായ വിപിന്‍ മോഹനെ ഞാന്‍ വിളിച്ചു. അദ്ദേഹം തിരുവന്തപുരത്താണ് താമസം. ലാന്‍ഡ് ഫോണ്‍ മാത്രമുള്ള കാലം. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടി. ഞാന്‍ കാര്യങ്ങളെല്ലാം വിശദമാക്കി. എന്നിട്ടു പറഞ്ഞു:

''വിപിന്‍ ഇന്ന് രാത്രി തന്നെ കല്‍പ്പറ്റയില്‍ എത്തണം. നാളെ മുതല്‍ ഷൂട്ടിംഗ് തുടങ്ങണം. ഇത് വിപിന്റെ ആദ്യത്തെ സ്വതന്ത്ര ക്യാമറ വര്‍ക്ക് ആവട്ടെ''.

ഭാഗ്യവശാല്‍ വിപിന്‍ ആ സമയത്തു ഫ്രീ ആയിരുന്നത് കൊണ്ട് അദ്ദേഹം വരാമെന്നേറ്റു. രാത്രിയോടെ അദ്ദേഹം എത്തി. ഞങ്ങള്‍ പിറ്റേ ദിവസം വിപിന്‍ ദാസിന് പകരം വിപിന്‍ മോഹനെ കാമറമാന്‍ ആക്കി, രാവിലെ ഷൂട്ടിംഗ് തുടങ്ങി. 


| വിപിന്‍ മോഹനും ആദം അയ്യൂബും സന്നാഹത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍

വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഷൂട്ടിംഗ് നന്നായി പുരോഗമിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായതു രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്. നിര്‍മാതാവിന്റെ കൈയിലുള്ള പണം തീര്‍ന്നു. സംവിധായകന്‍ ബഡ്ജറ്റിനെക്കുറിച്ചു നിര്‍മാതാവിനോട് പറഞ്ഞിരുന്നത് എന്താണെന്നറിയില്ല. അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. അദ്ദേഹം കോഴിക്കോട് പോയി പണം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ആവശ്യമുള്ള തുക കിട്ടിയില്ല. കിട്ടിയ പണവുമായി അദ്ദേഹം തിരിച്ചു വന്നപ്പോള്‍ അത്, ബില്ലുകള്‍ സെറ്റില്‍ ചെയ്യാന്‍ മാത്രമേ തികഞ്ഞുള്ളൂ. അങ്ങിനെ ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ പടം നിന്ന് പോയി.

ഫല്‍ഗുണന്‍ അവസാനമായി 'പാക്ക് അപ്പ്' പറഞ്ഞു. വളരെ വേദനയോടെ, വളരെ പതിഞ്ഞ സ്വരത്തില്‍. അതോടെ എന്റെ വില്ലന്‍ സ്വപ്നങ്ങള്‍ക്കും പാക്ക് അപ്പ് ആയി. എല്ലാവരും നിരാശരായി മലയിറങ്ങി.

അന്ന് ജോലിയൊന്നും ചെയ്യാതെ തന്നെ, നിര്‍മാതാവിന് നിന്നും പ്രതിഫലവും വാങ്ങി മുങ്ങിയ വിപിന്‍ദാസുമൊത്തു പിന്നീട് ഞാന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. പക്ഷെ, അപ്പോഴൊന്നും അദ്ദേഹം ഈ സംഭവത്തെക്കുറിച്ചു സംസാരിക്കാനോ വിശദീകരണം നല്‍കാനോ താല്‍പര്യം കാണിച്ചില്ല. വളരെ പ്രഗത്ഭനായ ക്യാമറാമാന്‍ ആയിരുന്നു അദ്ദേഹം. പി.എ ബക്കറിന്റെ മാത്രമല്ല, ഐ.വി ശശിയുടെയും പ്രിയപ്പെട്ട ക്യാമറാമാന്‍ ആയിരുന്നു അദ്ദേഹം. എന്നാല്‍, വ്യക്തിജീവിതത്തിലെ പല താളപ്പിഴകള്‍ കാരണം, അദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ചു. അന്ത്യനാളുകള്‍ ചിലവഴിക്കാന്‍ വയനാട്ടില്‍ തന്നെ എത്തി എന്നത് വിധിയുടെ കളിയായിരിക്കാം.

2011 ല്‍ വിപിന്‍ ദാസിന്റെ അന്ത്യവും വയനാട്ടില്‍ വെച്ചായിരുന്നു. ഇരുനൂറിലധികം സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച, നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹം, അന്ത്യനാളുകളില്‍ ഒരു സന്യാസിയെപ്പോലെ, ധ്യാനത്തില്‍ മുഴുകി, പ്രകൃതി സ്‌നേഹിയായി. താന്‍ വളര്‍ത്തുന്ന രണ്ടു എമു പക്ഷികളുടെ പരിപാലനത്തില്‍ മുഴുകി. 2011 ഫെബ്രുവരി 12 നു വൈത്തിരിയില്‍ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചു.

(തുടരും)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആദം അയ്യൂബ്

contributor

Similar News