പവിത്രന്‍ എപ്പോഴും പറയാറുണ്ടായിരുന്നു; അന്‍പത്തഞ്ചു വയസ്സ് വരെയേ താന്‍ ജീവിക്കുകയുള്ളൂ

ഇന്ത്യയിലെ രണ്ടു പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടും പവിത്രന്‍ തന്റെ കുറഞ്ഞ ചിത്രങ്ങളിലൂടെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടി കാലത്തോട് മധുരമായി പകരം വീട്ടി. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 35

Update: 2024-06-25 13:09 GMT
Advertising

പി.എ ബക്കറിന്റെ ആദ്യ സിനിമയായ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പലരും പിന്നെ സംവിധായകരായി. പവിത്രന്‍ (നിര്‍മാതാവ്), ടി.വി ചന്ദ്രന്‍ (നായകന്‍), ചിന്ത രവി (നടന്‍) എന്നിവരാണ് അതില്‍ പ്രമുഖര്‍. ഇവരില്‍ ആദ്യം സംവിധായകന്‍ ആയതു ടി.വി ചന്ദ്രനാണ്. കബനീനദി റിലീസ് ആയതിനു ശേഷം ചന്ദ്രന്‍ പല പ്രാവശ്യം ഒരു സ്‌ക്രിപ്റ്റുമായി എന്നെ കാണാന്‍ വന്നിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചു നോക്കി, അഭിപ്രായം പറയണം എന്നതായിരുന്നു ചന്ദ്രന്റെ ആവശ്യം. എന്നാല്‍, ഞാന്‍ ആ സമയത്തു വളരെ അധികം തിരക്കില്‍ ആയതിനാല്‍ എനിക്ക് അത് വായിച്ചു നോക്കാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചന്ദ്രന്റെ കയ്യില്‍ നിന്നും സ്‌ക്രിപ്റ്റ് വാങ്ങിയതേ ഇല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍, ചന്ദ്രന്റെ ആ ഉദ്യമത്തെ ഗൗരവമായി എടുത്തില്ല എന്നതാണ് സത്യം. ചന്ദ്രന്റെയുള്ളില്‍ ഇത്രയും പ്രതിഭ ഒളിച്ചിരിപ്പുണ്ടെന്നു അന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നില്‍ നിന്നും അനുകൂലമായ ഒരു പ്രതികരണം ലഭിക്കാത്തതു കൊണ്ട് ചന്ദ്രന്‍ പിന്നെ എന്നെ കാണാന്‍ വന്നില്ല. പിന്നീട് ഞാന്‍ അറിയുന്നത് ചന്ദ്രന്‍ ആ ചിത്രം പൂര്‍ത്തിയാക്കി എന്നാണ്. 'കൃഷ്ണന്‍ കുട്ടി' എന്നായിരുന്നു ആ സിനിമയുടെ പേര്. അവിടന്ന് പിന്നെയങ്ങോട്ടു ടി.വി ചന്ദ്രന്റെ ജൈത്രയാത്ര ആയിരുന്നു. 'ഹേമാവിന്‍ കാതലര്‍കള്‍' മുതല്‍ 'പൊന്തന്‍ മാട' യിലൂടെ 'പാഠം ഒന്ന് ഒരു വിലാപം' കഴിഞ്ഞും മലയാള സിനിമയെ അന്തര്‍ദേശീയ തലത്തിലെത്തിച്ച ഒരു പാട് സിനിമകള്‍ ചന്ദ്രനിലൂടെ പിറന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ചന്ദ്രനെ തേടിയെത്തി. മലയാള സിനിമയുടെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ 'ജെ.സി ഡാനിയേല്‍ പുരസ്‌കാരവും' ചന്ദ്രന്റെ തൊപ്പിയിലെ പൊന്‍തൂവലായി തിളങ്ങി.

നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ നായകന്‍ ബസ് കത്ത് നില്‍ക്കുന്ന രംഗം ചിത്രീകരിക്കാനായി റോഡിന്റെ എതിര്‍ വശത്ത് ലോങ്ങ് ഷോട്ടില്‍ കാമറ വെച്ച്, ഒന്നും സംഭവിക്കാതെ, ഒരു റോള്‍ ഫിലിം മുഴുവന്‍ ഓടിച്ചുതീര്‍ത്തു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പവിത്രന്‍ പറഞ്ഞത് - '' ബസ് കാത്തു നില്‍പ്പിന്റെ വിരസത പ്രേക്ഷകരും അനുഭവിക്കട്ടെ '' എന്നായിരുന്നു.

ചിന്ത രവി 'ഒരേ തൂവല്‍ പക്ഷികള്‍' എന്ന സിനിമയിലൂടെ സംവിധായകനായി. സലാം കാരശ്ശേരി വീണ്ടും നിരവധി സിനിമകള്‍ നിര്‍മിച്ചു; ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' എന്ന സിനിമയുള്‍പ്പടെ. അന്നത്തെ ബക്കറിന്റെ സഹവാസികളില്‍ ഒരാളായ നടന്‍ നിലമ്പൂര്‍ ബാലനും 'അന്യരുടെ ഭൂമി' എന്ന സിനിമ സംവിധാനം ചെയ്തു. മേല്‍പ്പറഞ്ഞ എല്ലാവരും അവരുടെ സിനിമകളില്‍ സഹസംവിധായകനാവാന്‍ എന്നെ ക്ഷണിച്ചെങ്കിലും ഞാന്‍ സ്‌നേഹപൂര്‍വം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. 


| പവിത്രനോടൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ ആദം അയ്യൂബ്

 പക്ഷെ, പവിത്രന്‍ കബനീനദിക്കു ശേഷം 'യാരോ ഒരാള്‍' എന്ന തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തില്‍ വര്‍ക്ക് ചെയ്യാന്‍ എന്നോട് പറഞ്ഞപ്പോള്‍, മഹാരാജാസ് കോളജ് മുതലുള്ള സൗഹൃദത്തിന്റെ ആഴത്തില്‍ എനിക്ക് സമ്മതിക്കാതെ നിവൃത്തി ഇല്ലായിരുന്നു. യാരോ ഒരാളുമായി ഞങ്ങള്‍വീണ്ടും കോഴിക്കോട് നടക്കാവിലെ വൃന്ദാവന്‍ ടൂറിസ്റ്റു ഹോമിലെത്തി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായ എഡിറ്റര്‍മാരുടെ ജോഡി രാമേട്ടനും സുരേഷ് ബാബുവും അവിടെ എത്തിയിട്ടുണ്ടായിരുന്നു. പവിത്രന്‍ അവരെ ഏല്‍പിച്ച ജോലി, സ്‌ക്രിപ്റ്റ് മുഴുവന്‍ ഷോട്ട് ഡിവൈഡ് ചെയ്ത്, ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് എഴുതുക എന്നതായിരുന്നു. രണ്ടുപേരും കുത്തിയിരുന്ന് അവരെ ഏല്‍പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തു. എന്നാല്‍, പവിത്രന്‍ ഒരിക്കല്‍ പോലും അത് എടുത്തു നോക്കിയില്ല. കാരണം, പവിത്രന്റെ സിനിമയില്‍ ഷോട്ട് ഡിവിഷന്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ സ്റ്റാറ്റിക് ലോങ്ങ് ഷോട്ടുകള്‍ ആയിരുന്നു. മലയാളം സിനിമയില്‍ പേഴ്‌സണല്‍ സിനിമ എന്ന ഒരു ഴോണറിനു ജന്മം നല്‍കിയത് പവിത്രന്‍ ആണെന്ന് പറയപ്പെടുന്നു. പവിത്രന് മാത്രം കാണാനുള്ള സിനിമ എന്നാണ് പലരും അന്ന് അതിനെ ആക്ഷേപിച്ചത്. ബാങ്ക് രവി എന്ന് വിളിക്കുന്ന രവീന്ദ്രനാഥ്, പ്രോതിമാ, എ.സി.കെ രാജ (ചിത്രകാരനും, ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ സ്റ്റെല്ല രാജയയുടെ ഭര്‍ത്താവ്) എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കാലന്റെ വേഷത്തില്‍ ഞാനും അതില്‍ അഭിനയിച്ചിരുന്നു. മധു അമ്പാട്ട് ആയിരുന്നു ഛായാഗ്രാഹകന്‍. സംഗീത സംവിധായകന്‍ അരവിന്ദന്‍ ആയിരുന്നു. എന്നാല്‍, ടി.വി ചന്ദ്രന്റെ പ്രഥമ സംവിധാന സംരംഭമായ 'കൃഷ്ണന്കുട്ടി'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് പവിത്രന്‍ ആയിരുന്നു.

പവിത്രന് ഷൂട്ടിംഗ് കാലഘട്ടത്തില്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. രാത്രിയിലത്തെ 'കലാപരിപാടികള്‍' ഒക്കെ കഴിഞ്ഞു വൈകിയാണ് കിടക്കുന്നത്. എല്ലാവരും രാവിലെ ഉണര്‍ന്ന് കുളിച്ചു റെഡി ആയി കാത്ത് നില്‍ക്കും. രാവിലെ മുതല്‍ പവിത്രനെ വിളിക്കാന്‍ തുടങ്ങിയാലും അവന്‍ എഴുന്നേല്‍ക്കുകയില്ല. ക്യാമറയും യൂണിറ്റും, അഭിനേതാക്കാളും ലൊക്കേഷനില്‍ എത്തിക്കഴിഞ്ഞാലും പവിത്രന്‍ ഉറക്കമായിരിക്കും. ക്യാമെറാമാനും മറ്റും കാറില്‍ കയറി ഇരുന്നതിനു ശേഷം, പവിത്രനെ വിളിക്കുമ്പോള്‍, പായയില്‍ നിന്ന് പിടഞ്ഞെണീറ്റു, കൈലി മുണ്ട് വാരിവലിച്ചു ഉടുത്തു, നേരെ കാറില്‍ കയറി ഇരുന്നിട്ട് പറയും ''പോകാം''. 

നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ നായകന്‍ ബസ് കത്ത് നില്‍ക്കുന്ന രംഗം ചിത്രീകരിക്കാനായി റോഡിന്റെ എതിര്‍ വശത്ത് ലോങ്ങ് ഷോട്ടില്‍ കാമറ വെച്ച്, ഒന്നും സംഭവിക്കാതെ, ഒരു റോള്‍ ഫിലിം മുഴുവന്‍ ഓടിച്ചുതീര്‍ത്തു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പവിത്രന്‍ പറഞ്ഞത് - '' ബസ് കാത്തു നില്‍പ്പിന്റെ വിരസത പ്രേക്ഷകരും അനുഭവിക്കട്ടെ '' എന്നായിരുന്നു.

പവിത്രന്റെ ഷൂട്ടിംഗ് നടക്കുന്നത് കൊണ്ട് വൃന്ദാവന്‍ ടൂറിസ്റ്റ് ഹോമിലേക്ക് പവിത്രന്റെ സുഹൃത്തുക്കളുടെ ഒഴുക്കായിരുന്നു. പവിത്രന്റെ മാത്രമല്ല, ബക്കറിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോഴിക്കോട് സഹൃദയരുടെ നഗരമാണ്. രാത്രി ആയാല്‍ അവിടെ വലിയ ആള്‍ക്കൂട്ടമാണ്. ഒരു രാത്രി വൈകി ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മുറിയില്‍ കിടക്കാന്‍ ഒരു അതിഥി വന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകരനായ സംവിധായകന്‍ കെ.ആര്‍ മോഹന്‍ ആയിരുന്നു അത്. അദ്ദേഹം അമിതമായി മദ്യപിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന് കിടക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഛര്‍ദിക്കാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തിന്റെ പുറം തടവിക്കൊടുത്തു. ഛര്‍ദിച്ചു അദ്ദേഹം അവശനായി. ഞാന്‍ അദ്ദേഹത്തിന്റെ ഛര്‍ദില്‍ മുഴുവന്‍ വൃത്തിയാക്കി. പിറ്റേ ദിവസം രാവിലെ അദ്ദേഹം പോയി.

വര്‍ഷങ്ങള്‍ക്കു ശേഷം കെ.ആര്‍ മോഹന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍, ഒരിക്കല്‍ തമ്മില്‍ കണ്ടപ്പോള്‍ അദ്ദേഹം അന്നത്തെ സംഭവം നന്ദിയോടെ സ്മരിച്ചു.

'' അന്നെന്റെ ഛര്‍ദില്‍ കോരിയതു അയൂബാണ്''. സംഭവം കഴിഞ്ഞ പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം സ്ഥലം വിട്ടതുകൊണ്ടു, മദ്യത്തിന്റെ ലഹരിയില്‍ അദ്ദേഹത്തിന് അതൊന്നും ഓര്‍മയുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. വളരെ സൗമ്യനും മിതഭാഷിയുമായിരുന്നു മോഹനേട്ടന്‍. 


| പവിത്രന്‍, കെ.ആര്‍ മോഹന്‍, ടി.വി ചന്ദ്രന്‍

യാരോ ഒരാളില്‍ മധു അമ്പാട്ടിന്റെ അസ്സോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്ന വിപിന്‍ മോഹനും ഞാനും സുഹൃത്തുക്കളായി. കല്‍പറ്റയില്‍ വെച്ച് ഒരു പുതിയ സംവിധായകന്റെ സംവിധാന സംരംഭത്തില്‍, ഞാന്‍ വിപിനെ വിളിച്ചു അതിന്റെ ക്യാമറാമാന്‍ ആക്കി. ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും ആ ചിത്രം റിലീസ് ആയില്ല. പിന്നീട് എന്റെ ചില ടെലി ഫിലിമുകളില്‍ വിപിന്‍ എന്റെ കാമറമാന്‍ ആയിരുന്നു.

യാരോ ഒരാള്‍ പൂര്‍ത്തിയാവുകയും റിലീസ് ആവുകയും ചെയ്തു. തികച്ചും വിചിത്രവും വ്യത്യസ്തവുമായ ഒരു പ്രമേയവും ആഖ്യാനവുമായതു കൊണ്ട് സിനിമ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, അത് പവിത്രന് ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു. പവിത്രന്‍ പിന്നീട് രണ്ടു മൂന്നു സിനിമകള്‍ കൂടി ചെയ്തു. പവിത്രന്റെ രണ്ടാമത്തെ സിനിമയായ 'ഉപ്പു' നല്ലൊരു സിനിമ ആയിരുന്നു. ഇതിനു സംസ്ഥാന ദേശീയ ആവാര്‍ഡുകള്‍ ലഭിച്ചു. പിന്നെ മമ്മൂട്ടിയെ നായകനാക്കി 'ഉത്തരം' എന്ന സിനിമയും പവിത്രന്‍ സംവിധാനം ചെയ്തു. ഇതിനിടക്ക് കെ. കരുണാകരനെക്കുറിച്ചു ഒരു ഡോക്യൂമെന്ററിയും പവിത്രന്‍ സംവിധാനം ചെയ്തു. ബഹദൂര്‍ ആയിരുന്നു ഈ ഡോകുമെന്റിയുടെ നിര്‍മാതാവ്. 'ബലി' എന്നൊരു സിനിമയും സംവിധാനം ചെയ്തുവെങ്കിലും തിയറ്ററില്‍ എത്തിയില്ല. 'കുട്ടപ്പന്‍ സാക്ഷി' ആയിരുന്നു പവിത്രന്റെ അവസാന ചിത്രം. നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിയെയാണ് പവിത്രന്‍ വിവാഹം കഴിച്ചത്. ഇവരുടെ മകള്‍ ഇവാ പവിത്രന്‍ നടിയാണ്.


| പവിത്രനോടൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ ആദം അയ്യൂബ്

പവിത്രന്‍ എപ്പോഴും പറയാറുണ്ടായിരുന്നു, '' ഞാന്‍ അമ്പത്തഞ്ചു വയസ്സ് വരെയേ ജീവിക്കുകയുള്ളൂ. അതില്‍ അവസാന രണ്ടു വര്‍ഷം വാതം പിടിച്ചു കിടപ്പായിരിക്കും''. വാതം പിടിച്ചു കിടന്നില്ലെങ്കിലും പവിത്രന്‍ അന്‍പത്തി ആറാം വയസ്സില്‍ മരിച്ചു. കരള്‍ സംബന്ധമായ രോഗമായിരുന്നു. ഇന്ത്യയിലെ രണ്ടു പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടും പവിത്രന്‍ തന്റെ കുറഞ്ഞ ചിത്രങ്ങളിലൂടെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടി കാലത്തോട് മധുരമായി പകരം വീട്ടിയിട്ടാണ് ഈ ലോകത്തു നിന്നും പോയത്. 

(തുരും)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആദം അയ്യൂബ്

contributor

Similar News