പഠിക്കാത്തതും, പഠിപ്പിക്കേണ്ടതും
കത്തെഴുതാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസം, കത്തയക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നില്ല. സ്റ്റാമ്പും, റവന്യു സ്റ്റാമ്പും, സ്റ്റാമ്പ് പേപ്പറും തമ്മിലുള്ള വ്യത്യാസം പോലും കുട്ടികള്‍ക്ക് അറിയില്ല. ഇതൊക്കെ എന്തിനാണ് എന്ന് അവര്‍ക്കു മനസ്സിലാകില്ല. ഇത് അതിശയോക്തിയല്ല, വേണമെങ്കില്‍ നിങ്ങള്‍ ഒരു സ്റ്റാമ്പ് പേപ്പര്‍ കാണിച്ചു വീട്ടിലെയോ അയല്‍വക്കത്തെയോ കുട്ടികളോട് അതെന്താണ് എന്ന് ചോദിച്ചു നോക്കൂ.
കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി പരിചയക്കാര്‍ക്കിടയില്‍ നീറ്റ്, കീം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സ് എന്‍ട്രന്‍സ് ടെസ്റ്റുകളുടെ ചര്‍ച്ചകളായിരിന്നു. ആര്‍ക്കൊക്കെ കിട്ടി, ആര്‍ക്കൊക്കെ സാധ്യതയുണ്ട്, ആരൊക്കെ അടുത്ത വര്‍ഷം വീണ്ടും എഴുതാന്‍ തീരുമാനിച്ചു തുടങ്ങിയ വിവരങ്ങള്‍ വാട്‌സാപ്പില്‍ കറങ്ങി നടന്നു. കിട്ടിയവരില്‍ പലരും അതാത് കോളജുകളില്‍ പഠിക്കുന്ന ആളുകളെ കണ്ടു പിടിച്ചു വിവരങ്ങള്‍ അറിയുന്ന തിരക്കിലായിരുന്നു. എന്റെ പരിചയത്തിലുള്ള ഒരു കുട്ടിയുടെ പിതാവ് ഒരു സീനിയര്‍ വിദ്യാര്‍ഥിയെ വിളിച്ചു പ്രത്യേകിച്ച് എന്തെങ്കിലും കരുതണോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ മറുപടി പറഞ്ഞത്രേ, അങ്കിളേ പറ്റുമെങ്കില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാന്‍ പഠിപ്പിച്ചു വേണം അവനെ കോളജിലേക്ക് വിടാന്‍!
ക്യാഷ് കൈകാര്യം ചെയ്യുന്നത് കുറഞ്ഞ, യു.പി.ഐ ഇടപാടുകള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പക്ഷെ, ഒന്ന് ആലോചിച്ചപ്പോള്‍ ഇതില്‍ കാര്യമുണ്ട് എന്ന് തോന്നി. പ്ലസ്ടു വരെ വീടുകളില്‍, അച്ഛനമ്മമാരുടെ തണലില്‍, അവര്‍ വരച്ച ലക്ഷ്മണരേഖയ്ക്ക് ഉള്ളില്‍ നിന്നാണ് മിക്ക കുട്ടികളും വളരുന്നത്. 18 വയസ്സ് തികയാത്ത കാരണം കൊണ്ടും, ഈ കുട്ടികള്‍ക്ക് വേണ്ട പക്വത ഇല്ല എന്ന് മുതിര്‍ന്നവര്‍ തീരുമാനിക്കുന്നത് കൊണ്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ ഇവര്‍ക്ക് അന്യമാണ്. സ്‌കൂളുകളിലെ ഫീസ് പോലും അടയ്ക്കുന്നത് ഇവര്‍ അറിയുന്നില്ല. കൂടി വന്നാല്‍ വല്ലപ്പോഴും മാളില്‍ പോകാനും, സിനിമക്ക് പോകാനും കിട്ടുന്ന പോക്കറ്റ് മണിയാണ് ഇവര്‍ക്ക് ആകെയുള്ള ധനകാര്യ പരിശീലനം. പണ്ട് പറഞ്ഞു കേള്‍ക്കാറുള്ള ഒരു തമാശ, ഒരു ബാങ്കില്‍ പോയാല്‍ ഡെപ്പോസിറ്റ് സ്ലിപ് പോലും പൂരിപ്പിക്കാന്‍ ഡിഗ്രി കഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് കഴിയാറില്ല എന്നായിരുന്നു. ഇപ്പഴും വഞ്ചി ഏറെക്കുറെ തിരുനക്കര തന്നെ!
കുട്ടികളെ പാനിപ്പത്തും, സ്വാതന്ത്ര്യ സമരവും, പ്രസിഡന്റുമാരുടെ പേരുകളും പരീക്ഷയിലെ മാര്‍ക്കിനായി പഠിപ്പിക്കുമ്പോള്‍, ജീവിതത്തിനായി അത്യാവശ്യം വേണ്ട പലതും നമ്മള്‍ പഠിപ്പിക്കാന്‍ മറക്കുന്നു എന്നതാണ് സത്യം. അരാഷ്ട്രീയവാദത്തെ എങ്ങനെ മറികടക്കും എന്ന ലേഖനങ്ങളിലും സംവാദങ്ങളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന വാദമാണ് യുവാക്കളില്‍ എങ്ങനെ സാമൂഹിക നീതിയെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും ചെറുപ്പത്തില്‍ തന്നെ ബോധവാന്മാരാക്കണം എന്നത്. എന്നാല്‍, ആദ്യം അവരെ ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് അത്യാവശ്യം. ഇപ്പോള്‍ നമ്മുടെ പാഠ്യപദ്ധതി ചെയ്യുന്നത് അവര്‍ക്കു ഒരു ഡിഗ്രി വാങ്ങി കൊടുക്കുക എന്നത് മാത്രമാണ്.
പാര്‍ലമെന്റിനെ കുറിച്ചും, നിയമസഭയെ കുറിച്ചും, ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ചും പഠിച്ചു ഓണപ്പരീക്ഷക്ക് മാര്‍ക്ക് വാങ്ങുന്ന കുട്ടി, വില്ലേജ് ആപ്പീസും, ബ്ലോക്ക് ആപ്പീസും കാണുന്നതോടെ അമ്പരപ്പിലാകും. കാരണം, അത് രണ്ടും ഔട്ട് ഓഫ് സിലബസ് ആണല്ലോ. നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോലും ഇന്നത്തെ കുട്ടികള്‍ കയറി ചെല്ലുന്നില്ല.
കത്തെഴുതാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസം പക്ഷെ, യഥാര്‍ഥത്തില്‍ ഒരു കത്തയക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നില്ല. സ്റ്റാമ്പും, റവന്യു സ്റ്റാമ്പും, സ്റ്റാമ്പ് പേപ്പറും തമ്മിലുള്ള വ്യത്യാസം പോലും കുട്ടികള്‍ക്ക് അറിയില്ല. ഇതൊക്കെ എന്തിനാണ് എന്ന് അവര്‍ക്കു മനസ്സിലാകില്ല. ഇത് അതൊശയോക്തിയല്ല, വേണമെങ്കില്‍ നിങ്ങള്‍ ഒരു സ്റ്റാമ്പ് പേപ്പര്‍ കാണിച്ചു വീട്ടിലെയോ അയല്‍വക്കത്തെയോ കുട്ടികളോട് അതെന്താണ് എന്ന് ചോദിച്ചു നോക്കൂ.
പാര്‍ലമെന്റിനെ കുറിച്ചും, നിയമസഭയെ കുറിച്ചും, ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ചും പഠിച്ചു ഓണപ്പരീക്ഷക്ക് മാര്‍ക്ക് വാങ്ങുന്ന കുട്ടി, വില്ലേജ് ആപ്പീസും, ബ്ലോക്ക് ആപ്പീസും കാണുന്നതോടെ അമ്പരപ്പിലാകും. കാരണം, അത് രണ്ടും ഔട്ട് ഓഫ് സിലബസ് ആണല്ലോ. നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോലും ഇന്നത്തെ കുട്ടികള്‍ കയറി ചെല്ലുന്നില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല എന്നത് ഒരു തര്‍ക്കത്തിന് വേണ്ടി പറഞ്ഞാല്‍ പോലും, അവര്‍ അങ്ങോട്ട് ചെല്ലേണ്ട സമയമാകുമ്പോള്‍ ഉണ്ടാകുന്ന സംഭ്രമവും പേടിയും ഇല്ലാതാക്കാന്‍ ഇപ്പഴേ അവരെ തയ്യാറാക്കേണ്ടതുണ്ട്.
നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു പൊലീസ് സ്റ്റേഷന് ഉള്ളില്‍ പോകേണ്ട ആവശ്യം വരാറില്ല. പക്ഷെ, പോകേണ്ട ആവശ്യം വന്നാല്‍ ഉള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം വിളിക്കുക ഒരു ലോക്കല്‍ നേതാവിനെയാകും. നമ്മുടെ സര്‍ക്കാര്‍, നമ്മുടെ പണം ചിലവിട്ട്, നമ്മളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് പൊലീസ് സേന. അങ്ങനെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലാന്‍ നാം എന്തിനാണ് മടിക്കുന്നത്, എന്തിനാണ് പേടിക്കുന്നത്? ഒരു കോടതിയിലേക്ക് പോകുന്ന ചിന്ത നമ്മളില്‍ പലരെയും തകര്‍ത്തു കളയും. എന്ത് കൊണ്ടാണ് നാട്ടിലെ നീതിന്യായ വ്യവസ്ഥയ്ക്കായുള്ള സംവിധാനത്തെ നമ്മള്‍ ഭയക്കുന്നത്?
കുറെ കാലം മുന്‍പ് നമ്മുടെ നാട്ടില്‍ നിലവില്‍ വന്ന നിയമമാണ് വിവരാവകാശ നിയമം. സര്‍ക്കാരുകള്‍ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന നിയമമാണ് വിവരാവകാശ നിയമം എന്നുപറയുന്നത്. ഇത്തരം അവകാശം നല്‍കി കൊണ്ടുള്ള ഈ നിയമം പോലും സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നിട്ടില്ല. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത് പ്രകാരം ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുവാന്‍ സംവിധാനമുണ്ട്, പക്ഷെ നമുക്കതു അന്യമാണ്. നമ്മള്‍ സ്ഥിരമായി പത്രവാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും കാണുന്നതാണ് 'വിവരാവകാശ നിയമ പ്രവര്‍ത്തകന്‍' എന്ന്. അങ്ങനെയൊരു തസ്തിക ഇല്ല, ഓരോ പൗരനുമാണ് അത്തരം പ്രവര്‍ത്തകനാകേണ്ടത്. പക്ഷെ അത് സംഭവിക്കുന്നില്ല, എന്ത് കൊണ്ട്?
ഇതിനുള്ള ഉത്തരമാണ്, അജ്ഞത. ജീവിതത്തില്‍ നാം അറിയേണ്ടതും, ഉപയോഗപ്പെടുത്തേണ്ടതുമായ സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണം. അത് കൊണ്ട് തന്നെയാണ് ഈ വ്യവസ്ഥയുടെ പല തലങ്ങളിലും നമ്മള്‍ ചൂഷണം ചെയ്യപ്പെടുന്നത്. നമ്മുടെ അറിവില്ലായ്മയെ പലരും മുതലെടുക്കുകയാണ്. പകരം നമ്മള്‍ ചെയ്യുന്നത് എന്താണ്, ഈ വ്യവസ്ഥിതിയെ കുറ്റം പറയും, ഇതൊരിക്കലും നന്നാകില്ലെന്നു പറയും. യുവജനങ്ങളിലെ അരാഷ്ട്രീയവാദം തുടങ്ങുന്നത് ഈ അജ്ഞതയില്‍ നിന്നാണ് എന്നതാണ് രസകരമായ കാര്യം.
ഇതിനൊരു മാറ്റം വരണമെങ്കില്‍ ഇനിയുള്ള തലമുറ ഇതെല്ലാം അറിഞ്ഞിരിക്കണം, കുറഞ്ഞ പക്ഷം ഇത്തരം കാര്യാലയങ്ങളില്‍ ചെന്ന് ഒരു അപേക്ഷ കൊടുക്കാന്‍ എങ്കിലും പഠിച്ചിരിക്കണം. അവിടുള്ള ഉദ്യോഗസ്ഥരോട് ധൈര്യമായി ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കണം. ഈ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കണം. അതിന് അവരെ പ്രാപ്തരാക്കേണ്ട ചുമതല നമുക്കാണ്, വിദ്യാഭ്യാസ വകുപ്പിനാണ്. എന്നാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുള്ളൂ, അര്‍ത്ഥവത്താവുകയുള്ളൂ. ഇതിനു വേണ്ട സൗകര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, ചുറ്റുവട്ടത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ട് ചെല്ലണം, അവരോടു അവിടുള്ള ഉദ്യോഗസ്ഥര്‍ സംവദിക്കണം, ഇതൊന്നും തങ്ങള്‍ക്കു അപ്രാപ്ര്യമല്ലെന്നും, അവിടങ്ങളില്‍ കടന്നു ചെല്ലാന്‍ ഭയപ്പെടേണ്ടെന്നും മനസ്സിലാക്കി കൊടുക്കണം. ഇത്തരം ഒരു ബോധത്തില്‍ നിന്ന് കുട്ടികള്‍ക്ക് മാത്രമല്ല ഗുണം. അവര്‍ക്കു ജീവിക്കാന്‍ ധൈര്യം നല്‍കുന്നു, പുറം ലോകത്തോട് സംവദിക്കാന്‍ ശബ്ദം നല്‍കുന്നു എന്നത് കൂടാതെ, ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടി തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് തിരിച്ചറിവുണ്ടാകുന്നു. ആ ഓര്‍മപ്പെടുത്തല്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ ഇടയ്ക്കിടെ വേണ്ടതാണെന്നു പറയാതെ തന്നെ നമുക്ക് അറിയാവുന്നതാണല്ലോ.