ആനക്കര, കുമ്പിടി, കുമരനെല്ലൂർ, മലമക്കാവ്... എം.ടിയെ നേരിട്ടറിയുന്ന മനുഷ്യർക്കിടയിലൂടെ
നിള കണ്ടുകൊണ്ടേയിരിക്കണം എന്ന മോഹത്താൽ എം.ടി വാസുദേവൻ നായർ പണി കഴിപ്പിച്ച ‘അശ്വതി' എന്ന വീട് ഇന്നൊരു ക്ലിനിക് ആണ്. റോഡിനിപ്പുറത്ത് മണൽ വാരി വാരി പിന്നാക്കം പോയ പുഴയിലേക്കുള്ള വഴി നിറയെ ആളുയരത്തിൽ പുല്ല് കാട് മൂടിയിരിക്കുന്നു!


"ഒരുപാട് ദൂരമുണ്ടോ?" പുറപ്പെടാൻ നേരം ഞാനവനോട് പിന്നെയും ചോദിച്ചു.
" ഇല്ല, അടുത്താണ്. പെട്ടെന്നെത്തും" -സുഹൃത്ത് കബീർ മറുപടി പറഞ്ഞു.
കൂടല്ലൂരിലേക്കായിരുന്നു ആ യാത്ര. 'മാടത്ത് തേക്കേപ്പാട്ട്' എന്ന, ഇപ്പോൾ ആളില്ലാതെ പൂട്ടിക്കിടക്കുകയാണ് എന്ന് ഉറപ്പുള്ള ഒരു വീട്ടിലേക്ക്. അവിടേക്കുള്ള വഴിയിലേക്ക്, പുഴയിലേക്ക്, വയലിലേക്ക്...
അക്ഷരങ്ങളിലൂടെ അഭയവും ആനന്ദവും മൗനവും തന്ന, എം. ടി എന്ന വലിയ മനുഷ്യനുണ്ടായിരുന്ന നാടും വീടുമാണത്. മാർക്വേസിന് മക്കൊണ്ട പോലെ, എസ്. കെ പൊറ്റെക്കാടിന് അതിരാണിപ്പാടം പോലെ...
ഞങ്ങളുടേതും അതിന് മുന്നത്തെയും തലമുറയിലുള്ളവർ ആദ്യം വായിച്ചിരുന്നതൊക്കെയും അദ്ദേഹത്തിന്റെ എഴുത്തുകളായിരുന്നു. സൂര്യൻ കിഴക്കേ ഉദിക്കൂ എന്ന പോലെ ഒരു അനിവാര്യതയായിരുന്നു അത്.

എം.ടി സ്വയം തന്നെയും ഒരു ദേശമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഏകാന്തതയും ഗൃഹാതുരതയും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന ദേശം. ചിലർ സംതൃപ്തിയോടെ അതിൽത്തന്നെ ജീവിച്ചു; നിളയുടെയും അപ്പുണ്ണിയുടെയും വേലായുധന്റെയും കുട്ടേടത്തിയുടെയും ഒപ്പം. വായനയുടെ മറ്റേത് ദൂരങ്ങളിലേക്ക് പോയാലും കഥാകാരൻ കൂടല്ലൂരിലേക്ക് തിരികെയെത്തിയ പോലെ പിന്നെയും പിന്നെയും അവരവിടേക്ക് തന്നെ തിരിച്ചു വന്നു. സുഹൃത്ത് അങ്ങനെ ഒരാളായിരുന്നു. ഞാനോ, ആരോടുമൊന്നും പറയാതെ പൊടുന്നനെ ഒരുനാൾ നാടുവിട്ട് ഓടിപ്പോയവൾ. ഒരുപാടൊരുപാട് വർഷങ്ങൾക്കിപ്പുറമാണ് അവനെന്നെ തിരികെ കണ്ടെത്തിയത്.
"തൈവളപ്പിൽ ചന്തു,
സേതു,
ശങ്കരൻ നായർ,
കുട്ട മാമ,
മുത്താച്ചി,
ആമിനുമ്മ
കോപ്രക്കാരൻ കുഞ്ഞാലു
അത്തുണ്ണി മുതലാളി....."
നിള കണ്ടു തുടങ്ങുന്ന വഴിയിലൊരിടത്ത് ഓലയും താർ പായയും കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ ചായപ്പീടികയുടെ അടുത്ത് മേശ, കസേര എന്ന് വേണമെങ്കിൽ വിളിക്കാവുന്നതിന്റെ ഇരുപുറവുമിരിക്കുമ്പോൾ പണ്ട് പരിചയമുണ്ടായിരുന്ന കൂടല്ലൂരുകാരെ കുറിച്ച് അവൻ ഓർമിപ്പിച്ചു. വർഷങ്ങളുടെ അകലം മാറി നിന്നു അപ്പോൾ. ഒരു നേർത്ത പുഞ്ചിരിയോടെ വായനയുണ്ടായിരുന്ന 'കാലം' ഓർമയിൽ തെളിഞ്ഞു.
തൃത്താല കുമ്പിടി വഴി കൂട്ടക്കടവിലെത്തിയത് നേര് പറഞ്ഞാൽ അറിഞ്ഞതേയില്ല. പാടത്തിനരികെ വണ്ടി നിർത്തി. നെല്ല് മണക്കുന്ന വരമ്പിലൂടെ നടന്നു. എങ്ങോട്ടാണ് എന്ന് മനസ്സിലായ പോലെ ഒരു വെള്ളക്കൊക്ക് മുന്നേ പറന്ന് ഞങ്ങൾക്ക് വഴി കാട്ടി. മാടത്ത് തേക്കേപ്പാട്ട് എന്നെഴുതിയ ഗേറ്റ് കടന്ന് ഭംഗിയുള്ള, നിശ്ശബ്ദത നിറഞ്ഞ പടവുകൾ കയറി മഹാനായ എഴുത്തുകാരന്റെ തറവാട്ടു വീടിന് മുന്നിലെത്തി അൽപ നേരം നിന്നു.
ഈ വീടിന്റെ പിന്നാമ്പുറത്ത് കൂടിയായിരുന്നു അന്ന് വാസുദേവൻ എന്ന കുട്ടി താന്നികുന്നിന്റെ ഉച്ചിയിലേക്ക് കയറിപ്പോയത്. കുന്നിനു മുകളിൽനിന്ന് നിളയെ നോക്കി നിന്നത്. ദൂരെ പുഴയിൽ സന്ധ്യ ചുവക്കുന്നതും അതിനുമപ്പുറം കുന്നിൻ മുകളിൽ കൊടിക്കുന്നത്തമ്മയുടെ ക്ഷേത്രവും കിളികൾ കൂടണയുന്നതും കണ്ട്, നിറയെ കഥകളുമായി മലയാളിയുടെ മനസ്സുകളിലേക്ക് ഇറങ്ങി വന്നത്...
*
മലമൽക്കാവ് ക്ഷേത്രത്തിലേക്കുള്ള, നട്ടുച്ചയ്ക്കും പച്ചപ്പ് തണൽ പടർത്തിയ വഴിയിലൂടെ നടക്കുകയായിരുന്നു. എത്രയോ മനസ്സുകളുടെ ആശകളും ആഗ്രഹങ്ങളും പൂവായി വിരിഞ്ഞ ജലപ്പരപ്പ്. വഴിവക്കിലെല്ലാം നാട്ടുപൂക്കളാണ്. തെച്ചി, ശംഖുപുഷ്പം, മുസാണ്ട, മുക്കുറ്റി, നാലുമണിപ്പൂവ്... കണ്ണാന്തളിയെ തിരയുകയായിരുന്നു എന്റെ കണ്ണുകൾ...
**
ആനക്കര, കുമ്പിടി, കുമരനെല്ലൂർ, മലമക്കാവ്... എം.ടി എന്ന കഥാകാരനെ നേരിട്ടറിയുന്ന മനുഷ്യർക്കിടയിലൂടെ നടന്നു. ഒരു ചേച്ചി നടത്തുന്ന ചെറിയ ചായപ്പീടിക കണ്ടു. സഹായത്തിന് ഒരാണുണ്ട് അവിടെ. ഇവരുടേതാണ് ഉയർന്നു കേൾക്കുന്ന ശബ്ദം. ഞങ്ങൾ ചെല്ലുമ്പോൾ സ്ഥിരമായുണ്ടാവുന്നവരെന്ന് സംസാരത്തിൽ നിന്നും മനസ്സിലായ ചിലർ ദോശയും ചട്ട്‌നിയും കഴിക്കുന്നുണ്ട്.
ആണുങ്ങൾ പോലും ഒരൽപ്പം ശബ്ദം താഴ്ത്തിയാണ് സൗഹൃദം പറയുന്നത്. കാണുമ്പോൾ അതീവ സാധാരണക്കാരിയായിരുന്നു അവർ. പതിവിലധികം ആകാരം പോലുമില്ല. എങ്കിലും എന്തിനേം നേരിടാൻ കരളുറപ്പുള്ള പെണ്ണൊരുത്തി! അനുസരിപ്പിക്കുന്ന ശബ്ദം, കിലു കിലുങ്ങുന്ന ചിരി... രാച്ചിയമ്മ എന്നായിരിക്കണം അവരുടെ പേര് ! ഒരു കഥാകാരന്റെ പരിസരത്ത് മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടിയെ കണ്ട പോലെ സ്ഥലകാല വിഭ്രമപ്പെട്ടു പോയി. സ്വന്തം നാട്ടിൽ അങ്ങനെയൊരാൾ ഉള്ളത് എഴുത്തുകാരൻ അറിഞ്ഞു കാണില്ലേ ആവോ...
*
നിള കണ്ടുകൊണ്ടേയിരിക്കണം എന്ന മോഹത്താൽ എം.ടി വാസുദേവൻ നായർ പണി കഴിപ്പിച്ച അശ്വതി' എന്ന വീട് ഇന്നൊരു ക്ലിനിക് ആണ്. റോഡിനിപ്പുറത്ത് മണൽ വാരി വാരി പിന്നാക്കം പോയ പുഴയിലേക്കുളള വഴി നിറയെ ആളുയരത്തിൽ പുല്ല് കാട് മൂടിയിരിക്കുന്നു!
"അറിയാത്ത ആഴങ്ങൾ ഗർഭത്തിൽ വഹിക്കുന്ന സാഗരത്തേക്കാൽ അറിയുന്ന എന്റെ നിളാ നദിയെയാണ് എനിക്കിഷ്ടം" എന്ന് സന്തോഷത്തോടെ എഴുതിയ കാലത്ത് കടത്ത് തോണികൾ നോക്കി, എത്രയെത്ര സായന്തനങ്ങളിൽ ആ മണൽപ്പരപ്പിൽ അദ്ദേഹം ഇരുന്ന് കാണണം! നാട്ടിലേക്കുള്ള ഓരോ മടങ്ങി വരവിലും കൂടുതൽ കൂടുതൽ മെലിഞ്ഞു ശുഷ്കിച്ച പുഴയെ കണ്ട്, ഏറ്റവും പ്രിയപ്പെട്ട ആരോ സുഖമില്ലാതെ കിടക്കുന്ന പോലെ കാണാൻ ആവതില്ലാതെ സങ്കടം തോന്നിക്കാണണം!! ജലം ഓളം വെട്ടുന്ന നനുത്ത ശബ്ദം കേൾക്കാതെ ശൂന്യതയുടെ വേദന അനുഭവിച്ചു കാണണം!!
പുഴ കടന്ന് പോകുന്ന നാട്ടിലെല്ലാം ആ പേരുള്ള പലതുമുണ്ട്. നിള ബേക്കറി, നിള ഹോട്ടൽ, നിള ടൂറിസ്റ്റ് ഹോം , നിള പാർക്ക്, ഹോംസ്റ്റേ... പക്ഷേ നിള എന്ന നദി മാത്രം ഇന്നില്ല!!
എനിക്കപ്പോൾ പണ്ടെന്നോ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ട വരികൾ ഓർമ്മ വന്നു:
" പ്രിയപ്പെട്ടവർ മരിച്ചാൽ
അവരുടെ പേര്
കുഞ്ഞുങ്ങൾക്കിടുന്ന പതിവുണ്ട് നാട്ടിൽ.
അതുകൊണ്ടാണ്,
ഞാനെന്റെ മകൾക്ക്
നിള എന്ന് പേരിട്ടത്!!"
**
"നിങ്ങളെവിടുന്നാ?"
പുഞ്ചിരിയോടെ ആളുകൾ അന്വേഷിച്ചത് അത് മാത്രമായിരുന്നു. ഇവിടെ ഈ നാട്ടുമ്പുറത്ത് എത് വീട്ടിലേക്കാണെന്ന് ആരും ചോദിച്ചതേയില്ല. അപ്പുണ്ണിയെയും ഉണ്ണി മാധവനെയും സേതുവിനെയും തേടി ഏതൊക്കെയോ ദേശങ്ങളിലെ ആരെല്ലാമോ ഇനിയുമിനിയും എത്തുമെന്ന് അവർക്കറിയുമായിരിക്കുമല്ലോ...