ഓര്‍മകള്‍ പൂക്കുന്ന ഇടനാഴിയിലൂടെ ഒരിക്കല്‍ കൂടി
ഒരു പാട് പേരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആര്‍ട്‌സില്‍ നിന്ന് വിട പറഞ്ഞിറങ്ങുമ്പോള്‍ ആ തണല്‍ മരങ്ങള്‍ എന്നോടും സംസാരിച്ചു.
ഓര്‍മകള്‍ പൂക്കുന്ന ഇടനാഴിയിലൂടെ ഒരിക്കല്‍ കൂടി കടന്നു ചെല്ലണം. നടന്നു തീര്‍ത്ത ആ വഴികളോട് അത്ര മാത്രം ഇഷ്ടം തോന്നുന്നു, തീര്‍ച്ചയായും എന്റെ ഓരോ കാലടിയും അവ തിരിച്ചറിയുമായിരിക്കും. അധികം ആരോടും മിണ്ടാത്ത, എന്നാല്‍ എല്ലാരോടും സൗഹൃദവും ആത്മബന്ധവും കാത്തുസൂക്ഷിച്ച് നിശബ്ദമായി കഥകള്‍ കുറിച്ചിടുന്ന എന്റെ കടന്നു വരവ് കണ്ട് ആ ക്ലാസ് മുറികള്‍ പുഞ്ചിരിക്കുമായിരിക്കും.
രണ്ടാഴ്ച്ച കൂടുമ്പോള്‍ ഉമ്മ വീട്ടിലേക്ക് പോവുന്ന വഴി എന്നും വിപ്ലവത്തിന്റെ ചുവപ്പു വര്‍ണ്ണം കൊണ്ട് ചായം പൂശി നനുത്ത കാറ്റാല്‍ മഞ്ഞമന്ദാരം പൊഴിക്കുന്ന പാതയെ പരവതാനിയാക്കി തല ഉയത്തി നില്‍ക്കുന്ന ആര്‍ട്‌സ് എന്നെ മാടി വിളിക്കാറുണ്ടായിരുന്നു. ഓരോ തവണ ആ വഴി പോവുമ്പോഴും അവിടേക്ക് എത്തിച്ചേരാന്‍ അടങ്ങാത്ത ആവേശമായിരുന്നു എനിക്ക്. അത്രമേല്‍ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ എന്റെ സ്വപ്നം സാധ്യമായി.
തണല്‍ മരങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ ചിത്രം വരച്ച മണ്ണില്‍ മരം മഴ പോലെ പെയ്തു കൊണ്ടിരുന്നു. ഹൃദയത്തില്‍ പതിഞ്ഞ ചില സുഹൃത്തുക്കള്‍, ഞങ്ങളുടെ പൊട്ടിച്ചിരികള്‍ ഇപ്പോഴും ആ നീളന്‍ വരാന്തയില്‍ മുഴങ്ങുന്നുണ്ട്! നിശബ്ദയായി എന്നും ഞാന്‍ ആസ്വദിച്ച ബാക്ക് ബെഞ്ചിലെ കുസൃതികള്‍, ഇണക്കവും പിണക്കവും നിറഞ്ഞ സൗഹ്യദങ്ങള്‍, രുചിയുള്ള ആഹാരം കാണുമ്പോള്‍ കൈയിട്ട് വരുന്ന വികൃതികള്‍, ഉറക്കം വന്ന് മരിക്കുന്ന ചില ക്ലാസുകള്‍, കലയും വിപ്ലവവും നിറഞ്ഞ ചുവരെഴുത്തുകള്‍ എല്ലാം ഓര്‍മകളില്‍ പൂക്കള്‍ പൊഴിക്കുന്നു.
വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞെങ്കിലും പെയ്‌തൊലിച്ചിറ്റുന്ന ഓരോ മഴത്തുള്ളികളും എന്നെ ആ പഴയഓര്‍മകളിലേക്കെത്തിക്കും. കുട നനയാതിരിക്കാന്‍ മഴ കൊണ്ട് ബസ്റ്റോപ്പ് വരെ ഓടിയ ഞങ്ങള്‍, നിശബ്ദമായി മരത്തണലില്‍ നനഞ്ഞു നിന്ന പ്രണയ രഹസ്യങ്ങള്‍ കേള്‍ക്കാന്‍ ഒളിച്ചു നില്‍ക്കാറുണ്ടായിരുന്നു. ഒരു പാട് പ്രണയ ജോഡികള്‍ ഉണ്ടായിരുന്നു കോളജില്‍. അവര്‍ പ്രണയത്തെ സ്വാതന്ത്ര്യമായി വിശ്വസിച്ചു. പക്ഷെ, പ്രണയം യഥാര്‍ഥത്തില്‍ മധുര സൗഹൃദങ്ങളില്‍ നിന്നും കലാലയ വര്‍ണങ്ങളില്‍ നിന്നും അവരെ വിലക്കി, അവര്‍ അവരിലേക്ക് തന്നെ ഒതുങ്ങി. എത്രയേ പ്രണയ ലേഖനങ്ങളുടെ കടലാസു തുണ്ടുകള്‍ ആര്‍ട്‌സിന്റെ മണല്‍ തരിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും.
അക്ഷരങ്ങള്‍ കൊണ്ട് എഴുതി ചേര്‍ക്കാന്‍ കഴിയാത്ത എന്റെ സ്മൃതികളിലൂടെ ഒരിക്കല്‍ കൂടി എനിക്ക് സഞ്ചരിക്കണം. എനിക്ക് നേര്‍വഴി കാട്ടിയ അധ്യാപകര്‍, എന്നെ ഒരു പാട് സ്‌നേഹിച്ച ഗുരുസ്ഥാനിയര്‍, ചുമരുകളില്‍ കൊത്തി എഴുതിയ ഞങ്ങളുടെ പേരുകള്‍, പരീക്ഷ ചൂടില്‍ ഓര്‍മ വരുന്ന പുസ്തകങ്ങള്‍ക്കായി നിറഞ്ഞു കവിയുന്ന ലൈബ്രറി, നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വെച്ച അറ്റന്റസ് ലിസ്റ്റും ഇന്റേണല്‍ മാര്‍ക്കും.. അങ്ങനെ എല്ലാം എല്ലാം എന്നെ നോക്കി നില്‍ക്കുന്നുണ്ട്.
ഒരു പാട് പേരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആര്‍ട്‌സില്‍ നിന്ന് വിട പറഞ്ഞിറങ്ങുമ്പോള്‍ ആ തണല്‍ മരങ്ങള്‍ എന്നോടും സംസാരിച്ചു. ഒരു വസന്തമായി തിരികെയെത്തും വരെ എനിക്കായ് കാത്തിരിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. ഒരിക്കല്‍ എന്റെ അധ്യാപകരുടെ കൈയൊപ്പ് പതിഞ്ഞ ആ വീഥിയില്‍ എന്റേതായാരു കൈയൊപ്പ് പതിപ്പിക്കാന്‍ ഞാന്‍ തിരികെയെത്തുമെന്നുറപ്പോടെ....