പിതാവ് വളർത്തിയെടുത്ത വിരാടിൽ ഇപ്പോഴും ഒരു പോരാളിയുണ്ട്

ടീമിന് താനൊരു ബാധ്യതയല്ലെന്ന് തെളിയിക്കാൻ ആറ് ഇന്നിങ്‌സുകൾ കൂടെ വിരാടിന് ലഭിച്ചേക്കും

Update: 2024-12-14 14:21 GMT
Advertising

രണ്ട് ലോകമായിരുന്നു വിരാട് കോഹ്‌ലിക്ക്. ഒന്ന് അയാളെ അത്യുന്നതങ്ങളിലെത്തിച്ച ക്രിക്കറ്റും മറ്റൊന്ന് താൻ ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമാവണമെന്ന് തന്നെക്കാൾ ആഗ്രഹിച്ച പിതാവ് പ്രേം കോഹ്‌ലിയും. 2006 ഡിസംബർ 19ന് അപ്രതീക്ഷിതമായി പ്രേം കോഹ്ലി മരണപ്പെടുമ്പോൾ ഉത്തംനഗറിലെ വാടകവീട് അനാഥമാവുകയായിരുന്നു. അഞ്ചു ദിനം നീളുന്ന ഒരു ടെസ്റ്റ് മത്സരം മൂന്നാല് ദിനം കൊണ്ട് തീർന്ന് പോകുമ്പോൾ അഞ്ചാം ദിനത്തിലുണ്ടാകുന്ന അതേ ശൂന്യത.

ഒരു രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെയൊടുവിലാണ് പ്രേമിന്റെ വിടവാങ്ങലോടെ ജീവിതത്തിന്റെ ക്രീസിൽ വിരാട് തനിച്ചാവുന്നത്. 18 വയസ്സ് മാത്രം പ്രായമുള്ള വിരാട് ഡിസംബറിലെ ശൈത്യത്തെക്കാൾ തണുത്തുറഞ്ഞ പിതാവിന്റെ ശരീരം മുന്നിൽ വെച്ച്‌ അന്നത്തെ പ്രിയപരിശീലകൻ രാജ്‌കുമാർ ശർമയെ വിളിച്ചൊരു കാര്യം ആവശ്യപ്പെട്ടു,

"എനിക്ക് കളിക്കണം, മത്സരം പൂർത്തിയാക്കണം"

വിരാടിലെ പോരാളിയെ, അയാളിലൂടെ ലോകം കാണാനിരിക്കുന്ന അത്ഭുതങ്ങളുടെ ആദ്യ സൂചനയായിരുന്നുവത്. പരിശീലകരും സഹകളിക്കാരും വിരാടിനെ ആവും വിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും മത്സരം പൂർത്തിയാക്കണമെന്ന വിരാടിന്റെ നിശ്ചയദാർഢ്യം അന്ന് വിജയിച്ചു.

 

അമ്പയറുടെ ഒരു തെറ്റായ തീരുമാനത്തിൽ പുറത്തായെങ്കിലും അഞ്ചു മണിക്കൂറോളം ക്രീസിൽ ചിലവഴിച്ചു തൊണ്ണൂറിലധികം റൺസ് നേടിയാണ് വിരാട് പവലിയനിലേക്ക് തിരിച്ചു നടന്നത്, ശേഷം വന്ദ്യപിതാവിന്റെ സംസ്കാര ചടങ്ങുകളിലേക്കും.

1999 ലോകകപ്പിലെ ബ്രിസ്റ്റോൾ മൈതാനത്തിന്റെ അതേ ചൂടും ചൂരുമായിരുന്നു അന്നത്തെ ദിവസം ഫിറോസ്ഷാ കോട്ല മൈതാനത്തിനും. അച്ഛന്റെ മരണാനന്തരം തിരിച്ചെത്തി സെഞ്ച്വറി നേടി മൂന്നക്ഷരം മുദ്രണം ചെയ്ത ബാറ്റ് ആകാശത്തേക്കുയർത്തിയ സച്ചിന്റെ പിൻഗാമിയെ അന്ന് ഫിറോസ്ഷാ കോട്ല ഡൽഹിയിലും കണ്ടു, വിരാടിലൂടെ. സച്ചിന്റെ പിൻഗാമിയെന്ന വാഴ്ത്തുപാട്ടിന് ആദ്യമായി ഹരിശ്രീ കുറിച്ചുവന്ന്. 

ഒന്നരവർഷം പിന്നിടും മുന്നേ ഇന്ത്യയെ അയാൾ ലോകകപ്പ് ജേതാക്കളാക്കി. 2008ലെ അണ്ടർ 19 കിരീടം രണ്ടായിരത്തിന് ശേഷം ഒരിക്കൽ കൂടെ ഇന്ത്യയിലെത്തുമ്പോൾ ക്യാപ്റ്റനായും ബാറ്ററായും വിരാട് തന്നെയായിരുന്നു തലപ്പത്ത്.

ഇന്ത്യൻ ക്രിക്കറ്റിൽ അന്നുവരെ അധികം കണ്ടിട്ടില്ലാത്ത ഒരു മുഖമായിരുന്നു വിരാടിന്. ജയിക്കാൻ ഏതറ്റം വരെയും പോകുന്ന, എതിരാളികളെ കൂസാത്ത , സ്ലെഡ്ജിങ് ചെയ്യാൻ വിധിക്കപ്പെട്ട്‌ മൗനം പാലിക്കുന്നവരിൽനിന്നും തീർത്തും വ്യത്യസ്‌ത പ്രകൃതം - അണ്ടർ 19 സർക്കിളിൽ തന്നെ വിരാടിന്റെ ബാറ്റിങ്ങിന്റെയും അഗ്ഗ്രസീവ് അപ്പ്രോച്ചിന്റെയും ചൂടറിഞ്ഞ എതിരാളികളാണ് ഒട്ടുമിക്കതും. മാസങ്ങൾക്കിപ്പുറം അർഹമായ വിളി സീനിയർ ടീമിലേക്കും. അയാളിലെ പോരാളിക്ക് കിട്ടിയ അർഹമായ ഉപഹാരം.

ഇന്റർനാഷണൽ സർക്കിളിലും തുടക്കം മുതലേ യഥേഷ്ടം റൺസ് വാരിക്കൂട്ടിയാണ് കരിയർ ഗ്രാഫ് ഉണ്ടായിരുന്നതെങ്കിലും അസാധാരണമായതൊന്ന് സംഭവിക്കുന്നത് 2013 ഹൊബാർട്ടിലാണ്. ഇന്ത്യക്കൊപ്പം ആസ്‌ത്രേലിയയും ശ്രീലങ്കയും കൂടിയുൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ഫൈനൽ സാധ്യത നിലനിർത്താൻ ബോണസ് പോയിന്റോട് കൂടെ ജയം അനിവാര്യമായൊരു മത്സരത്തിൽ അന്നത്തെ ഏറ്റവും അപകടകാരിയായ മലിംഗയെ കശാപ്പ് ചെയ്ത് ക്രിക്കറ്റ് ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി. സമ്മർദ്ദ നിമിഷങ്ങൾ അയാളെ കൂടുതൽ കരുത്തുറ്റനാക്കി. വൈകാതെ അത്തരം ഇന്നിംഗ്‌സുകളുടെ അസാധാരണത്വം ക്രിക്കറ്റ് ഗ്രൗണ്ടുകളിൽനിന്ന് പൂർണമായും വിരാടിന്റെ ബാറ്റിലൂടെ തുടച്ചുനീക്കപ്പെട്ടു.

ലോർഡ്സിലും മെൽബണിലും കേപ്‌ടൗണിലും ജൊഹാനസ്ബർഗിലും അഡ്ലൈഡിലും ഓക്ലാന്റിലും മൊഹാലിയിലും തന്റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച ഫിറോഷാ കോട്ലയിലും ഒന്നിലധികം തവണ അത്ഭുതങ്ങൾ ആവർത്തിക്കപ്പെട്ടു.

ബൈബോൺ ലീഡർ

മേജർ കിരീടങ്ങളിലെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം പിന്തള്ളപ്പെട്ടുപോയ ക്യാപ്റ്റനാണ് വിരാട്. ഒരു ലീഡർക്ക് വേണ്ട സകലഗുണങ്ങളുമുള്ള ബൈബോൺ ലീഡർ. എതിരാളികളുടെ തട്ടകത്തിൽ കയറി അഗ്രസീവ് സമീപനം കൊണ്ട് ലോർഡ്‌സും സിഡ്‌നിയും ഓവലും ഡർബനും കീഴടക്കിയവൻ.

ടെസ്റ്റ് മത്സരങ്ങൾക്ക് പോലും പുനർജീവൻ വെച്ചൊരു കാലമായിരുന്നു വിരാടിന് കീഴിൽ ഇന്ത്യക്ക്‌. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തകർക്കപ്പെടില്ലെന്നുറപ്പിച്ച ചിലതൊക്കെ തന്റെ പേരിലാക്കുകയും മറ്റ് ചിലതിന് ഭീഷണിയായി വളർച്ചയിൽ നിന്നുയർച്ചയിലേക്ക് സഞ്ചരിക്കുന്ന കാലത്ത് അപ്രതീക്ഷിതമായി അടിതെറ്റുന്നു. ആദ്യമാദ്യം ആരും ശ്രദ്ധിക്കാതിരുന്ന ആ വീഴ്ച്ച പതിയെ ക്രിക്കറ്റ് ലോകത്ത് തന്നെ ചർച്ചയായി. ഏറ്റവും മികച്ച ഏറുകാർക്ക് സ്വപ്നം കണ്ടിരുന്ന ഏറ്റവും മൂല്യമുള്ള വിക്കറ്റ് പൊടുന്നനെ എറിയുന്നവർക്കെല്ലാം എളുപ്പത്തിൽ സമ്മാനിക്കുന്ന രീതിയിലേക്ക് വിരാടിന്റെ ബാറ്റിങ് കൂപ്പ്കുത്തി.

 അറുപതിനോടടുത്ത ടെസ്റ്റ് ബാറ്റിങ് ശരാശരി അമ്പതിനും താഴെയെത്തി നില്കുക്കുന്നുവെന്ന ഒരൊറ്റ സ്റ്റാറ്റ് മതി കാര്യങ്ങളെ സാധൂകരിക്കാൻ. മോശം പ്രകടനങ്ങൾക്കും സെഞ്ച്വറി വരൾച്ചക്കും അഫ്‌ഗാനെതിരെ സെഞ്ച്വറി പ്രകടനത്തിലൂടെ വിരാമമിട്ട് , 2023 ലോകക്കപ്പിലൂടെ വിരാട് 2.0 അവതരിച്ചു. ഇന്നിപ്പോൾ ചെറിയൊരിടവേളക്ക് ശേഷം അയാൾക്കത്ര പരിചിതമല്ലാത്ത ഒരിടത്തേക്ക് അയാൾ ഒരിക്കൽ കൂടെ വീണിരിക്കുന്നു. നിരന്തരമായ ഒറ്റയക്ക സ്കോറുകളിലൂടെ കരിയർ തന്നെ ത്രിശങ്കുവിലായിരിക്കുന്നു. ക്രീസിൽ ഇന്നുവരെ കാണിച്ചിട്ടില്ലാത്ത അസ്വാസ്ഥയും ഭയവും. ഓഫ് സ്റ്റമ്പിന് വെളിയിൽ പന്തെറിഞ്ഞാൽ ക്ലബ് നിലവാരത്തിലെ ആവർത്തിക്കപ്പെടുന്ന പുറത്താക്കപെടലുകൾ. ഇന്നിങ്സിന്റെ തുടക്കങ്ങളിൽ ഒരു കവർ ഡ്രൈവ് പണ്ടൊരു ശുഭസൂചനയായിരുന്നെങ്കിൽ ഇന്നത് സ്ലിപ്പിലേക്കുള്ള ക്യാച്ചിങ്ങ് പ്രാക്ടീസ് ആയി മാറിയിരിക്കുന്നു. സച്ചിനോളമോ, അതുമല്ലെങ്കിൽ അതിലേറെയോ മുകളിൽ നിൽക്കേണ്ടുന്ന ടെസ്റ്റ് കരിയറിൽ ഇന്ന് 'എക്സ്ട്രാ ഓർഡിനറി' വിഭാഗത്തിൽ പെടുത്താനാവശ്യമായ ഒന്നും അവശേഷിപ്പില്ലാത്ത തരമുള്ള വീഴ്ച്ച.

ഇനിയുള്ള ആറ് ഇന്നിങ്സുകൾ

ഗാബ്ബയിലെ മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങിയിരിക്കുന്നു. മഴ വില്ലനായില്ലെങ്കിൽ വരും ദിവസങ്ങളിലെപ്പോഴെങ്കിലും വിരാട് ബാറ്റിങ്ങിനിറങ്ങും. ഗാബ്ബക്ക് ശേഷം മെൽബണും സിഡ്‌നിയും കാത്തിരിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ടീമിന് താനൊരു ബാധ്യതയല്ലെന്ന് തെളിയിക്കാൻ, കുറച്ചു വർഷങ്ങൾ കൂടെ മുന്നോട്ട്‌ പോകാനുള്ള ഇന്ധനം തന്നിലുണ്ടെന്ന് തെളിയിക്കാൻ ആറ് ഇന്നിങ്‌സുകൾ കൂടെ വിരാടിന് ലഭിച്ചേക്കും..

പിതാവ് പ്രേം കോഹ്ലി വളർത്തിയെടുത്ത വിരാടിൽ ഇപ്പോഴും ഒരു പോരാളിയുണ്ട്, ആ പോരാളി ഒരുപക്ഷെ വരും ഇന്നിങ്‌സുകളിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചെടുത്തേക്കും, അതുമല്ലെങ്കിൽ പുറത്താക്കപ്പെടും മുന്നേ സ്വയം ഒഴിഞ്ഞ്‌ ആ പോരാളിയുടെ അഭിമാനം സംരക്ഷിച്ചേക്കും. ഇത് രണ്ടിനും ഇടക്കുള്ള നിലവിലെ അവസ്ഥ അയാളിലെ പോരാട്ടവീര്യത്തിന് ചേർന്നതുമല്ല.

പിതാവിന്റെ ഭൗതികശരീരവും കരഞ്ഞു തളർന്ന അമ്മ സരോജ് കൊഹ്‍ലിയെയും തനിച്ചാക്കി മത്സരം പൂർത്തിയാക്കണമെന്ന് തീരുമാനിക്കാൻ ഒരു പതിനെട്ടുകാരന്റെ കരളുറപ്പിന് കഴിയുമെങ്കിൽ മുപ്പത്താറാം വയസ്സിൽ തന്റെ സിംഹാസനവും ചെങ്കോലും മറ്റൊരാൾക്ക് കൈമാറാൻ വിരാടിലെ കരുത്തുറ്റ പോരാളിക്ക് പ്രയാസമേതുമുണ്ടാകില്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - സോനു സഫീര്‍

Writer

Similar News