ഓണം ആഘോഷിക്കാന്‍ തുടക്കക്കാരിയുടെ ചമ്മലോടെ ഞാനും ഉണ്ടായിരുന്നു
ജോലി കിട്ടുന്നതിന് മുമ്പ് എല്ലാവര്‍ക്കും ഒപ്പമിരുന്നുള്ള ഒരു ഓണസദ്യ ആസ്വദിച്ച് കഴിച്ചിട്ടില്ല. എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ ഒപ്പം ഒരേ നിരയില്‍ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോള്‍ ഓണം ഒരു നാടിന്റെ ഒത്തൊരുമയുടെ ആവേശം കൂടിയാണ് അനുഭവിപ്പിക്കുന്നത് - ഓര്‍മകളുടെ ഓണം.
മലയാള മണ്ണിന്റെ നെഞ്ചുലക്കുന്ന ദുരന്തത്തില്‍ ഒരു വലിയ സങ്കടപ്പെയ്ത്തിന്റെ അലകള്‍ അടങ്ങാത്ത ആഴം നീന്തിക്കടന്നാണ് ഇപ്രാവശ്യം ഓണം വരുന്നത്. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഒരു ഗ്രാമം തന്നെ തുടച്ച് നീക്കിയ ആഘാധത്തില്‍ നിന്നും നമ്മള്‍ ഇനിയും മോചിതരായിട്ടില്ല. വര്‍ഗവും വര്‍ണവും നോക്കിയിട്ടായിരുന്നില്ല ഓരോപ്രതിസന്ധിയിലും നാം ഒത്തൊരുമിച്ചത്. പകരംവെക്കാനാവാത്ത നഷ്ടങ്ങളില്‍ നിന്നും അതിജീവിക്കാന്‍ നാം ഓരോരുത്തരും ഓരോരുത്തരെയും ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്. ആഘോഷങ്ങളും ആചാരങ്ങളും അതിര് വിടാതെ നമ്മെ വിട്ടുപോയവരെ സ്മരിച്ച് കൊണ്ട്, ഒരിക്കലും നികത്താനാവാത്തനഷ്ടങ്ങളില്‍ വേദനയായി അവശേഷിക്കുന്നവര്‍ക്ക് വേണ്ടി നമുക്കൊന്നിക്കാം.
ഓണവും നല്ലോരോര്‍മകളാണ്.
മലയാളത്തിന്‍ മാനവര്‍ക്കെല്ലാംആമോദത്തോടെ ഒത്തൊരുമിക്കാനൊരവസരവുമാണ്.
ചുറ്റിലും നിറയുന്ന ആഘോഷങ്ങളുടെ പൊലിവോടെ എന്നത്തേക്കും ഓര്‍ത്തുവെക്കാവുന്ന ഒരുപാട് സന്തോഷങ്ങളുടെ നിറവോടെയും വര്‍ണ്ണങ്ങളോടെയും വീണ്ടും ഒരോണം.
പണ്ട് മുതലുള്ള ഓണക്കാലം ഓര്‍ക്കുമ്പോള്‍ തന്നെ, മുറ്റത്തും തൊടിയിലും മഴത്തുള്ളികളാല്‍ മഴവില്ല് തിളങ്ങുന്ന ഓരോ പുല്‍ക്കൊടി തുമ്പിലും പലവര്‍ണ്ണപ്പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന പൂക്കാലമാണ് മനസ്സില്‍ വിരിയുക.
പലവിധ പൂക്കള്‍ കൊട്ടക്കണക്കിന് ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത് അങ്ങാടി വാണിഭം സാധാരണക്കാരന്റെ കീശ കാലിയാക്കുമ്പോള്‍, ഇപ്പോഴും ഓര്‍മകളില്‍ നിര്‍മലമായി ഇളം കാറ്റില്‍ ഇളകിയാടുന്ന തുമ്പയും തെച്ചിയും ഓണപ്പൂക്കളും അയല്‍പക്ക മുറ്റത്ത് തൃക്കാക്കരക്കോലം വെച്ച് കുഞ്ഞിപ്പൂക്കളം തീര്‍ക്കുന്നുണ്ട്.
കര്‍ക്കിടകം കുലംകുത്തി പെയ്തു തീര്‍ന്ന ഇടവേളയില്‍ ചിങ്ങം പൊന്‍വെയില്‍ പട്ടുടയാട അണിഞ്ഞെത്തുമ്പോള്‍പൂത്തുമ്പികളുംപൂമ്പാറ്റകളും ഒരു മൂളിപ്പാട്ടോടെ ആഘോഷത്തിമിര്‍പ്പിലാകും.
ഓര്‍മയുടെ ഓണത്തെളിമയില്‍ എന്റെ കുട്ടിക്കാലം വലിയ ആഘോഷങ്ങളോ സന്തോഷങ്ങളോ നിറഞ്ഞതായിരുന്നില്ല.കൂടപ്പിറപ്പുകളും കൂട്ടുകാരും സ്‌കൂളിന് പത്ത് ദിവസങ്ങള്‍ ഓണാവധി കിട്ടിയ സന്തോഷത്തില്‍ ആര്‍പ്പുവിളികളോടെ ഓടിക്കളിക്കുന്നതും ആഹ്ലാദത്തോടെ ഊഞ്ഞാലാടുന്നതും ഒരു ജനല്‍പ്പുറക്കാഴ്ചകള്‍ മാത്രമായി എന്നില്‍ ഒതുങ്ങിയിരുന്നു.
ഏകാന്തതകള്‍ മടുപ്പിച്ച നാളുകള്‍ ഓരോന്നായി മറയുമ്പോള്‍, ഓണത്തിന്റെ ഒരു മാസം മുമ്പേ എന്റെ ഓണക്കാലത്തെ ആര്‍ഭാടമായി വരവറിയിച്ചിരുന്നത് റേഡിയോയിലെ വിവിധ നിലയങ്ങളാണ്. അതിലൂടെ ഓണപ്പാട്ടുകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ശബ്ദരേഖകളുംനേരിട്ട് കാണുന്നതിനേക്കാള്‍ മികവോടെ മനസ്സില്‍ പതിഞ്ഞിരുന്നു.
അതുപോലെ ഒരുപ്രത്യേകതയായിരുന്നു,ഓണവിശേഷങ്ങള്‍ കൊണ്ട്നിറപ്പകിട്ടാര്‍ന്ന മാസികകളും വാര്‍ഷികപ്പതിപ്പുകളും. അതെല്ലാം കിട്ടാവുന്നിടത്ത് നിന്നെല്ലാം സംഘടിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വായിച്ച് തീര്‍ക്കാനാവാത്ത കഥകളും നോവലുകളും ആഴ്ചകള്‍ കൊണ്ട് ആവേശത്തോടെ വായിച്ചു തീര്‍ത്തു.
മാവേലിയും പൂക്കളവും കഥകളിയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത് ഓണാശംസ കാര്‍ഡുകള്‍ കിട്ടുന്നതായിരുന്നു ആ കാലത്തെ മറ്റൊരു വലിയ സന്തോഷം. പ്രിയപ്പെട്ട ആരുടെയൊക്കെയോ മനോഹരമായ ഓണം ആശംസാ സന്ദേശങ്ങളുമായി പുഞ്ചിരി മായാത്ത മുഖത്തോടെ പോസ്റ്റ്മാന്‍ ചിങ്ങമാസത്തിലെ ഓരോ ദിവസങ്ങളിലും പടികടന്ന് വന്നിരുന്നു.
വീടിന് മുമ്പിലുള്ള വലിയ മൈതാനത്ത് നിന്നും, ഓണത്തിന്റെ അന്ന് പകല്‍ മുഴുവന്‍ പലതരം ഓണക്കളികളുടെ ആരവങ്ങള്‍ കാതില്‍ അലക്കും. ഉത്രാട ദിനത്തിലും തിരുവോണ നാളിലും അയല്‍പക്കങ്ങളിലെ ഓരോ വീട്ടിലെയും സ്‌നേഹങ്ങള്‍ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് തൂക്ക് പാത്രം നിറച്ച് വ്യത്യസ്തമായ അട, അരി, പരിപ്പ്, സേമിയപായസങ്ങള്‍ കൊണ്ടാണ് എന്നെ കാണാന്‍ വന്നിരുന്നത്. ഒന്നും ഒഴിവാക്കാതെ പലതരം പായസമധുരം മത്ത് നിറച്ച് അന്നത്തെ വൈകുന്നേരം ആകുമ്പോഴേക്കും മറ്റൊരു പരുവത്തിലാകും വീട്ടില്‍ എല്ലാവരും.
റേഡിയോയിലെ പ്രക്ഷേപണങ്ങളില്‍ നിന്നും ടിവിയിലെ ശ്രോതാവായി മാറിയപ്പോള്‍ ഓണം മറ്റൊരു തലത്തിലേക്കായി. ടിവിയില്‍, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകള്‍ നാലഞ്ച് മണിക്കൂര്‍ ബാഹുല്യത്തിലും വിവിധ പരസ്യങ്ങളുടെ മേമ്പൊടികളോടെ മടുപ്പില്ലാതെ ചാനലുകള്‍ മാറ്റി മാറി കളിച്ചു. എണ്ണിയാലൊടുങ്ങാത്ത ഓണം സ്‌പെഷ്യല്‍ പരിപാടികള്‍ എല്ലാം കണ്ട് വീട്ടിനകത്ത് തന്നെ ഒതുങ്ങിക്കൂടി പുറത്തിറങ്ങാതെ ആഘോഷിച്ചിരുന്ന ഓണക്കാലങ്ങള്‍. വീണ്ടും അടുത്ത വര്‍ഷത്തിലെ ഓണാഘോഷത്തിലേക്ക് തിരിച്ച് വരാനായി ടിവിയിലെ മാവേലി മടങ്ങി പോകും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, ആരും മിണ്ടിപ്പറയാനില്ലാത്ത ഒരു നീണ്ട ഇടവേളയുടെ മടുപ്പോടെ ഞാനുംകാത്തിരിക്കും. അതായിരുന്നു അന്നത്തെ ഓണം.
ജോലി കിട്ടിയതിന് ശേഷമാണ് ഓണപ്പരിപാടികള്‍ നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും. ജാതിമത ഭേദമന്യേ സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് ഓണത്തെ വരവേല്‍ക്കുമ്പോള്‍ എല്ലാവരുടെയും കൂട്ടത്തില്‍ ഓണം ആഘോഷിക്കാന്‍ ഒരു തുടക്കക്കാരിയുടെ ചമ്മലോടെ ഞാനും ഉണ്ടായിരുന്നു. ഡ്യൂട്ടിയുടെ ഇടവേള നേരങ്ങളില്‍ രാവിലെ പൂക്കളമൊരുക്കാനും, കളിതമാശകള്‍ പറയാനും, ഓണക്കോടിയില്‍ എല്ലാവര്‍ക്കും ഒപ്പം കൂടി സെല്‍ഫിഫോട്ടോകളെടുക്കാനും. വേഷം കെട്ടിയ മാവേലി തമ്പുരാന്‍ ഓരോ സെക്ഷനിലും കയറിയിറങ്ങി മധുരം നല്‍കി ഓണവിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ടാകും.
| ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടൊപ്പം ഓണാഘോഷത്തില്‍
ഉച്ചക്ക്, ശര്‍ക്കര ഉപ്പേരിയും ഉപ്പും നെയ്യും സാമ്പാറും രസവും മോരും അവിയലും പുളിശ്ശേരിയും എരിശേരിയും തോരനും പുളിഇഞ്ചിക്കറിയും പപ്പടവും കൂട്ടി വാഴയിലയില്‍ വിളമ്പുന്ന ഗംഭീര ഓണസദ്യ. ജോലി കിട്ടുന്നതിന് മുമ്പ് എല്ലാവര്‍ക്കും ഒപ്പമിരുന്നുള്ള ഒരുഓണസദ്യ ആസ്വദിച്ച് കഴിച്ചിട്ടില്ല. എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ ഒപ്പം ഒരേ നിരയില്‍ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോള്‍ ഓണം ഒരു നാടിന്റെഒത്തൊരുമയുടെ ആവേശം കൂടിയാണ് അനുഭവിപ്പിക്കുന്നത്. ഇലയില്‍ വിളമ്പിയ ഭക്ഷണം കുഴച്ച് കൂട്ടി ഒടുവില്‍ പായസ മധുരവും നുണഞ്ഞ് ശ്വാസം വിടാന്‍ പോലും ഇടമില്ലാതെ അന്നത്തെ ദിവസം മറക്കാനാവാത്ത സന്തോഷത്തില്‍ വയറും മനസ്സും നിറയ്ക്കുന്നു പൊന്നോണം....