വനിതാദിനത്തില്‍ ഞാന്‍ കണ്ട പെണ്ണുങ്ങള്‍

കല്യാണം കഴിഞ്ഞു ചെക്കനോടൊത്തേ താമസിക്കാവൂ. അത് എവിടെയാണെങ്കിലും, ഒരുമിച്ചു ജീവിക്കുന്നതിനാണ് കൂടുതല്‍ ഭംഗി. ഒരുപാട് സമ്പത്ത് അല്ല മനഃസമാധാനമാണ് ഏറ്റവും വലിയ ധനം. അവനെ നന്നായി സ്‌നേഹിക്കൂ.. നല്ലൊരു ജീവിതം ഉണ്ടാവട്ടെ - സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ എന്റെ കണ്ണ് നിറക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

Update: 2024-03-08 15:44 GMT
Advertising

'' മോളെ, നിനക്ക് വേണ്ടി പ്രാര്‍ഥിക്കാം, നല്ലൊരു ഭാവിയുണ്ടാകട്ടെ, അവനെ നന്നായി സ്‌നേഹിക്കൂ, അവനോടൊപ്പം തന്നെ നല്ലൊരു ജീവിതം ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ.''

തെലുങ്കാനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി ട്രെയിനില്‍ വെച്ചാണ് ഞാന്‍ ടെസ്സി സിസ്റ്ററിനെ പരിചയപ്പെടുന്നത്. ഇളം നീല കുപ്പായവും വെളുപ്പ് കരയോട് കൂടിയ കറുത്ത തട്ടവും, അതിനുള്ളിലൂടെ പുറത്തേക്ക് എത്തി നോക്കുന്ന വെളുത്ത മുടിഴിയകളും, കണ്ണടക്കിടയിലൂടെ തിളങ്ങുന്ന കുഞ്ഞി കണ്ണുകളും കാണാം. എന്റെ അപ്പുറത്തുള്ള ലോവര്‍ ബര്‍ത്തിലായിരുന്നു സിസ്റ്ററും ചേച്ചിയും.

കഴിഞ്ഞ യാത്രയിലും എനിക്ക് സൈഡ് ലോവര്‍ ബര്‍ത്താണ് കിട്ടിയത്. സൈഡ് ലോവര്‍ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ബര്‍ത്താണ്, അതൊരു തുറന്ന് കിടക്കുന്ന ഫീലാണ് തരിക. വാതിലിന്റെ അടുത്തായത് കൊണ്ട് ആളുകള്‍ നടന്നു കൊണ്ടിരിക്കും, നമ്മള്‍ കിടക്കുമ്പോള്‍ അരികിലൂടെ ആളുകളിങ്ങനെ നടക്കുന്നത്, ഒരുപാട് തുറിച്ചു നോട്ടങ്ങള്‍, ഇതൊക്കെ യാത്രക്കിടയില്‍ ഒരു വല്ലായ്മയാണ്. ഒട്ടും പ്രൈവസിയില്ലാത്ത സീറ്റെന്ന് പറയാം.

അരോചകമാകുന്ന അപരിചിതരുടെ നോട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിസ്റ്ററും കൂടെയിരിക്കുന്ന ചേച്ചിയും ഇടക്കൊരു മന്ദഹാസത്തോടെ, സ്‌നേഹത്തോടെ നോക്കിയത് ഞാന്‍ കണ്ടു. ട്രെയിനിയില്‍ കയറിയ ഇന്നലെ കുറച്ചു വര്‍ക്ക് ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ മിണ്ടാനൊന്നും പോയിട്ടില്ലായിരുന്നു. വേറെയും മലയാളികളായ കുട്ടികളൊക്കെ ട്രൈയിനിലുണ്ട്, വര്‍ക്ക് തീര്‍ക്കണമെന്ന ലക്ഷ്യത്തില്‍ ആരോടും മിണ്ടാന്‍ പോയില്ല.

പാലക്കാട് എത്തിയപ്പോള്‍ രാവിലത്തെ ചായക്ക് വേണ്ടി ഞങ്ങള്‍ രണ്ടുപേരും വാതിലിന്റെ അടുത്തെത്തി. വട വാങ്ങിയിട്ടും അവിടെ നിന്ന് സിസ്റ്റര്‍ മാറിയില്ല. സീറ്റില്‍ എന്റെ ഭക്ഷണം വെച്ച്, ഞാന്‍ വീണ്ടും പുറത്തേക്ക് പോയി. സിസ്റ്ററാണെങ്കില്‍ ചായക്കാരനോട് ഹല്‍വ എവിടെ കിട്ടുമെന്ന് ചോദിക്കുന്നു. അയാള്‍ അപ്പുറത്തെ കടയിലെന്നു മറുപടി പറഞ്ഞു.

സിസ്റ്റര്‍ക്ക് ഇറങ്ങാന്‍ ഭയമുണ്ടെന്ന് തോന്നി.

'' ഹല്‍വ ഞാന്‍ വാങ്ങി കൊണ്ട് വരാം..''

സിസ്റ്റര്‍ പേഴ്‌സില്‍ നിന്നും നാനൂറ് രൂപ എടുത്തു തന്നു.

'' എടാ മോനെ, സൂക്ഷിച്ചു പോകണേ.. ''

'' ഓക്കെ ''

രണ്ട് പാക്ക് ഹല്‍വയും വാങ്ങി മടങ്ങി വന്നു.

തിരുവനതപുരത്തേക്ക് വരികയാണെങ്കില്‍ വിളിക്കണമെന്ന് ബീന ചേച്ചി എപ്പോഴും പറയാറുള്ളതാണ്. ഇന്നലെയാണ് വനിതാ ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന എഴുത്തുകാരുടെ സംഗമത്തിലേക്ക് ക്ഷണം കിട്ടിയെന്ന് ഞാന്‍ ചേച്ചിയോട് പറയുന്നത്. തലേന്ന് എത്തുമെന്നുള്ളത് കൊണ്ട് താമസം എന്തായാലും വീട്ടിലാക്കാമെന്ന് ചേച്ചി. എനിക്കും അത് തന്നെയായിരുന്നു ആവശ്യം. ആദ്യായിട്ട് പോകുന്നത് കൊണ്ട് എന്തെങ്കിലും കൊണ്ട് പോകണമെന്ന് ആശ, എന്ത് എന്ന് ആലോചിച്ചപ്പോള്‍ കറുത്ത ഹല്‍വ എന്റെയും ചിന്തയില്‍ വന്നിരുന്നു. അതുകൊണ്ട് വേഗം പോയി ചേച്ചിക്കും വേണ്ടി ഒരു പാക്ക് കൂടെ വാങ്ങി.

തിരിച്ചു ചായ കുടിക്കാന്‍ വേണ്ടി അവരുടെ ബര്‍ത്തില്‍ പോയിരുന്നു. ശാന്ത ചേച്ചിക്ക് ഒരു അറുപതിനോട് അടുത്ത് പ്രായം വരും, ഇംഫാലില്‍ തന്റെ മകളുടെ അടുത്ത് നിന്നും തിരിച്ചു വരുന്ന വഴിയാണ്. ചാലക്കുടിയാണ് സ്വദേശം. മകളുടെ അമ്മായി അച്ഛന്‍ മരിച്ചതിനു കൂടാന്‍ പോയതായിരുന്നു. ചടങ്ങൊക്കെ കഴിഞ്ഞു അന്‍പതാം ദിവസം അമ്മായിയമ്മയും മരിച്ചു. അങ്ങനെ എല്ലാം കൂടെ ഒരു ദീര്‍ഘയാത്രയായി.

ശാന്ത ചേച്ചിയുടെ മകള്‍ക്ക് ഇരട്ട കുട്ടികളാണ്, രണ്ട് ആണ്‍കുട്ടികള്‍. വര്‍ത്താനം അപ്പോഴേക്കും കൊച്ചു മക്കളിലേക്ക് എത്തി. മകനാണെങ്കില്‍ രണ്ട് പെണ്‍കുട്ടികള്‍. കൊച്ചുമക്കളെ നോക്കിയിരിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഇനി സ്‌കൂള്‍ അവധിക്ക് ഇവിടെ നിന്ന് എല്ലാവരും ഇംഫാലിലേക്ക് പോകും.  


സിസ്റ്ററും ഇംഫാലില്‍ നിന്ന് കയറിയതാണ്. അവിടെ മഠത്തില്‍ കയറിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ അമ്പത് വര്‍ഷത്തോടടുത്തു സിസ്റ്റര്‍ ആയിട്ട്. അതിനിടയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പിന്നെ കുറച്ചു കാലം ഗോവയിലും ജീവിച്ചു.

മൂന്ന് വട അധികമാണെന്ന് സിസ്റ്റര്‍ പറയുന്നുണ്ട്. വട കഴിച്ചു കഴിഞ്ഞപ്പോഴേക്കും ചേച്ചി പഴം കൊടുത്തു. എനിക്കാണെങ്കില്‍ രാവിലെ അധികം കഴിക്കാന്‍ കഴിയില്ല, ഒന്ന് കഴിച്ചു മെല്ലെ മെല്ലെ രണ്ടാമത് കഴിക്കുന്നതിന്റെ ഇടയിലാണ്.

'' മധ്യപ്രദേശിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല '' എന്ന് ഞാന്‍ പറയുന്നത്.

'' മോള്‍, സിസ്റ്റര്‍ റാണിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ''

'' ഇല്ല ''

'' മോള് കാത്തലിക്കാണോ? ''

'' അല്ല ''

'' ആഹ് ''

അവര്‍ സിസ്റ്റര്‍ റാണിയുടെ കഥ പറയാന്‍ തുടങ്ങി: ഇരുപത്തി ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഭോപ്പലില്‍ ഉദയ നഗര്‍ എന്ന് പറയുന്ന സ്ഥലം. സിസ്റ്റര്‍ റാണി പാവങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിക്കളുടെ ആനുകൂല്യം ലഭിക്കാന്‍ അവരെ സഹായിക്കുന്നു. പണക്കാരായ ജന്മിമാര്‍ക്ക് അത് അത്ര പിടിച്ചില്ല. അവര് സിസ്റ്ററെ കൊല്ലാന്‍ തീരുമാനിച്ചു. എന്തോ ആവശ്യാര്‍ഥം നാട്ടിലേക്ക് വരാന്‍ ഇറങ്ങിയ സിസ്റ്ററുടെ ബസ് മനഃപൂര്‍വം ക്യാന്‍സല്‍ ചെയ്തു. അവര്‍ക്ക് കാട്ടിലൂടെ പോകുന്ന ബസ് മാര്‍ഗം യാത്ര ചെയ്യേണ്ടി വന്നു. സ്വീകരിച്ചു ഇരുത്തിയ ആളുകളെ സിസ്റ്ററിന് പരിചയമുണ്ട്. ഒരു വഴിയമ്പലത്തില്‍ ഇറങ്ങി, തേങ്ങ ഉടച്ചു, ഒരു കഷ്ണം അവര്‍ക്കും കൊടുത്തു,

'' ഇത് എന്താ മകനെ.. എന്തെങ്കിലും വിശേഷ ദിവസമാണോ? ''

'' അതെ, ഇന്ന് വിശേഷദിവസമാണ്''

അതും പറഞ്ഞു അയാള്‍ അവരെ കുത്തി കൊന്നു, റോഡിന്റെ അരികിലേക്ക് തള്ളി. അന്‍പത്തിമൂന്ന് കുത്തുകളുണ്ടായിരുന്നു സിസ്റ്ററുടെ ശരീരത്തില്‍. കുത്തിയവര്‍ അപ്പൊ തന്നെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ആരും രക്ഷിക്കാന്‍ പോയില്ല. പക്ഷേ, ബസ് നേരെ zപാലീസ് സ്റ്റേഷനിലേക്ക് പോയി. വില്ലേജ്‌ഴ്സ് കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഇരു വശവും കാടും തൊട്ട് അടുത്ത് തന്നെ കൊക്കയുമാണ്, അവര് കൊക്കയിലേക്ക് തള്ളുകയാണെങ്കില്‍ ബോഡി പോലും കിട്ടില്ല. ആളുകള്‍ പോയപ്പോഴേക്കും അവര് മരിച്ചിരുന്നു. കാത്തലിക്ക് വിശ്വാസ പ്രകാരം രക്തസാക്ഷികാളായവര്‍ക്ക് വിശുദ്ധ പദവി കിട്ടും. എല്ലാ സ്റ്റേജും കഴിഞ്ഞിരുന്നു സിസ്റ്റര്‍ റാണി പോളിന്. ഒരു സ്റ്റേജ് മാത്രമാണ് വിശുദ്ധയാകാന്‍ ബാക്കിയുണ്ടായിരുന്നത. പാവം, എന്തൊരു വേദന സഹിച്ചു കാണും. സിസ്റ്ററിന്റെ മുഖത്ത് വേദന പടരുന്നത് ഞാന്‍ കണ്ടു.

എനിക്ക് ഒന്നര വടയില്‍ കൂടുതല്‍ കഴിക്കാന്‍ കഴിഞ്ഞില്ല. കൈ കഴുകി വന്നു സംസാരം വീണ്ടും നീണ്ടുപോയി. സിസ്റ്റര്‍ റാണിയെ അവjd കൊല്ലപ്പെട്ട സ്ഥലത്ത് തന്നെ അടക്കംചെയ്തു. എല്ലാവര്‍ഷവും ഫെബ്രുവരി ഇരുപത്തി അഞ്ചിന് അവിടെ പ്രത്യേക പ്രാര്‍Lനയുണ്ടാകാറുണ്ട്, അവരുടെ കുടുംബം ഒക്കെ എത്താറുണ്ട്, ഈ സംഭവം അറിഞ്ഞു ഒരുപാട് പേര് വരാറുണ്ട് എന്ന് പറഞ്ഞു.

കൊല്ലാന്‍ അറിയാത്ത ഒരാളെ കൊണ്ട് ചെയ്യിപ്പിച്ച പണിയാണ്. ഈ ദുരന്തം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ ഇട്ടേച്ചു പോയി. പിന്നെ ജയിലില്‍ വെച്ച് അയാള്‍ക്ക് മാനസാന്തരം ഉണ്ടായി. റാണി സിസ്റ്ററുടെ അനിയത്തിയും സിസ്റ്റര്‍ തന്നെയാണ്. അവിടെ തന്നെ ജോലി ചെയ്യുന്നു. വളരെ ബ്രില്ല്യന്റായ മാത്‌സ് ടീച്ചറാണ്. കാന്‍സര്‍ ആയിരുന്നു, കീമോ കഴിഞ്ഞു ഇപ്പോഴും പഠിപ്പിക്കാന്‍ സ്‌കൂളില്‍ വരുന്നു. ഇവരെല്ലാവരും ഇപ്പോഴും ഉദയ നഗറിലുണ്ട്.

എന്തോരം സ്ത്രീകളാണ്, ഏതെല്ലാം ദേശങ്ങളിലാണ് ജോലി ചെയ്യുന്നത്. സിസ്റ്റര്‍ റാണിയെ പോലെ എത്രയെത്ര ജീവിതങ്ങള്‍. പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു. അവിടെ വന്നു ജീവിക്കുമ്പോഴേ ഈ കഷ്ടപ്പാട് അറിയൂ എന്ന് സിസ്റ്റര്‍. സത്യം.

ഇതിനിടയില്‍ എന്റെ ജോലിയും വീട്ടുകാരെ കുറിച്ചുമൊക്കെ സിസ്റ്റര്‍ ചോദിച്ചിരുന്നു. ആസിഫബാദിലെ ഗവണ്മെന്റ് സ്‌കൂളുകളുടെ അവസ്ഥയും ആളുകളുടെ ജീവിതരീതിയുമൊക്കെ പറഞ്ഞപ്പോള്‍, ഭോപ്പാലിലെ ജീവിതവും വിദ്യാഭ്യാസവും മരിച്ചു കഴിഞ്ഞാലുള്ള 'നുക്ത' എന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആചാരത്തെ കുറിച്ചൊക്കെ സിസ്റ്റര്‍ വാചാലയായി. ഈ ദിവസമൊക്കെ അവര് ആടിനെ അറുത്ത് കഴിക്കും. മൂന്ന് ദിവസത്തെ ആചാരത്തിന് ഒന്‍പതു ദിവസം വരെ ആടിനെ അറുത്ത സംഭവമുണ്ട്. അന്നന്നു കിട്ടുന്നത് അന്നന്നു ചിലവാക്കും, നമ്മളെ പോലെ സമ്പാദ്യശീലമില്ലത്തത് കൊണ്ടാണ് അവരിപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്നതെന്നാണ് സിസ്റ്ററുടെ കാഴ്ചപ്പാട്. മ്മള്‍ എന്ത് നല്ല കാര്യം ചെയ്താലും പ്രശ്‌നമാണ്. എന്നാല്‍, ഗവണ്മെന്റ് സേവനങ്ങള്‍ മര്യാദക്ക് ആളുകള്‍ക്ക് ലഭിക്കുന്നില്ല, സിസ്റ്ററുടെ വാക്കുകളില്‍ ചെറിയ നീരസവും വിഷമവും.

പിന്നീട് സംസാരം ട്രെയിന്‍ യാത്രയിലും ബസിലുമൊക്കെ വെച്ച് നടന്ന കവര്‍ച്ചയെ കുറിച്ചായി. ഒരിക്കല്‍ ഒരു സിസ്റ്ററുടെ പേഴ്‌സ് ട്രൈയിനില്‍ നിന്ന് നഷ്ടപ്പെട്ടതും, ഒരു ചെറിയ കുട്ടിയെ പിടിച്ചതും. മറ്റൊരിക്കല്‍ പേഴ്സും വലിയൊരു തുകയും നഷ്ടപ്പെട്ടതും. അതിന്റെ കൂടെയുള്ള ഹെവി ലൈസന്‍സ് നഷ്ടമായ സങ്കടം പങ്കുവെച്ച മറ്റൊരു സിസ്റ്ററും പിന്നീട് രേഖകളൊക്കെ കണ്ടു കിട്ടിയതുമൊക്കെ പറഞ്ഞു.

ആസിഫാബാദില്‍ വെച്ച് ഈ അടുത്ത് നടന്ന സംഭവം ഞാനും വിവരിച്ചു: ഞാനും ബിന്നുവും ഒരു കല്യാണ പരിപാടി കഴിഞ്ഞു തിരിച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നു, രാത്രിയാണ്. വണ്ടി എടുക്കുന്നത് ബിന്നുവാണ്. തൊട്ട് മുന്‍പിലുള്ള ആളുടെ കയ്യില്‍ നിന്നും പൈസ നിലത്ത് വീണത് അവള്‍ കണ്ടു. ഹോണടിച്ചു, വേഗത്തില്‍ അയാളുടെ പിന്നാലെ പോയിട്ടും അയാള്‍ നിര്‍ത്തിയില്ല, തിരിഞ്ഞു നോക്കിയില്ല. അതിനിടെ സ്‌കൂട്ടറില്‍ വന്ന രണ്ട് പേരോട് കാര്യം പറഞ്ഞു. പക്ഷേ, അവരും എന്ത് ചെയ്യും എന്ന ഭാവത്തില്‍ നില്‍ക്കുന്നു. അപ്പോ അഞ്ചു ബൈക്കില്‍ കൂവലും ഒച്ചപ്പാടും ബഹളവുമായി ഒരു പത്തു യുവാക്കള്‍ ഞങ്ങളെ കടന്നു പോയി.

ആളെ എന്തായാലും കിട്ടിയില്ല, സാധനം അവിടെ ഉണ്ടോ അറിയാന്‍ പോയി നോക്കി. ആയിരം രൂപയുണ്ട്. അതല്ല, ഒരു കെട്ട് പൈസ നിലത്തു വീഴുന്നത് ഞാന്‍ കണ്ടതാണെന്ന് ബിന്നു. നമ്മളെ പിന്നാലെ വന്ന ചെക്കന്മാര്‍ എടുത്ത് പോയിക്കാണും. വല്ലാത്തൊരു മനുഷ്യന്മാര്. ഞങ്ങള് കിട്ടിയ ആയിരം പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കൊടുത്തു. അയാള്‍ നേരെ അത് പോക്കറ്റില്‍ വെച്ച്, ഞങ്ങളുടെ പേര് രജിസ്റ്റര്‍

ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ 'വേണ്ട, പൊയ്‌ക്കോളൂ'' എന്ന് പറഞ്ഞു. കള്ളന് കഞ്ഞി വെച്ച പോലെയായി എന്ന് സാരം. പണം നഷ്ടപ്പെട്ട അയാളെ ഓര്‍ത്തു വിഷമം തോന്നി. എത്ര കഷ്ടപ്പെട്ട് കാണും. ഒരു നൂറ് രൂപ പോയാല്‍ നമുക്കുള്ള വിഷമം എത്രയാണ്. അതുകൊണ്ട് സാധനം എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടുമെന്ന ഒരു പ്രതീക്ഷയും വേണ്ട എന്ന ബോധ്യം വന്നു.

ശാന്ത ചേച്ചീനെ ചാലക്കുടിയില്‍ ഇറങ്ങാന്‍ സഹായിച്ചു. അടുത്ത സ്റ്റോപ്പ് അങ്കമാലിയാണ്, അവിടെ സിസ്റ്ററും ഇറങ്ങും. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാമെന്ന് പറഞ്ഞപ്പോള്‍, സിസ്റ്ററര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാമെന്ന് ഞാനും പറഞ്ഞു.

'' കല്യാണം കഴിഞ്ഞു ചെക്കനോടൊത്തേ താമസിക്കാവൂ. അത് എവിടെയാണെങ്കിലും, ഒരുമിച്ചു ജീവിക്കുന്നതിനാണ് കൂടുതല്‍ ഭംഗി. ഒരുപാട് സമ്പത്ത് അല്ല മനഃസമാധാനമാണ് ഏറ്റവും വലിയ ധനം. അവനെ നന്നായി സ്‌നേഹിക്കൂ.. നല്ലൊരു ജീവിതം ഉണ്ടാവട്ടെ ''

എന്റെ കണ്ണ് നിറയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എന്റെ മസ്സിലെ വിഷമവും ആശങ്കയും വായിച്ചിട്ടെന്ന പോലെ അവസാനം പറഞ്ഞ വരികള്‍ എന്നെ തെല്ലതിശയപ്പെടുത്തി. ഇന്നലെ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഞാന്‍ കുറിച്ചിട്ട വരികള്‍. ഇന്നലെ ഉറക്കത്തില്‍ ഞാന്‍ കണ്ട മുഖങ്ങള്‍, ഉണര്‍ച്ച നല്‍കിയ ചിന്തകള്‍, ചിത്രങ്ങള്‍, വരികള്‍. അവസാനം സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍. എല്ലാം ഒന്നിനെ കുറിച്ചായിരുന്നു.

'' എന്നെ തളര്‍ത്തിയതും വളര്‍ത്തിയത്തുമെല്ലാം പ്രണയമാണ്, വ്യത്യസ്ത തരത്തില്‍ വ്യത്യസ്ത ആളുകളില്‍ നിന്നാണെന്ന് മാത്രം''.

ഈ പെണ്ണുങ്ങളെല്ലാം എന്നെ മുന്നോട്ടു ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. വയസ്സ് അറുപതിനോട് അടുത്ത് കാണും സിസ്റ്ററിന്, എന്നിട്ടും സ്‌നേഹത്തോടെ സാമൂഹ്യ നിര്‍മ്മിതിയില്‍ പങ്കാളിയാകുന്നു. യാത്രകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു..

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹന്ന മെഹ്തര്‍

Writer

Similar News