വെള്ളാര്‍മല, മുണ്ടക്കൈ: അടുത്ത പാഠം അതിജീവനം

വെള്ളാര്‍മല ജിവിഎച്ച്എസിലെയും മുണ്ടകൈ ജിഎല്‍പി സ്‌കൂളിലെയും കുട്ടികളാണ് കഴിഞ്ഞ ദിവസം മുതല്‍ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിക്കാനെത്തിയത്

Update: 2024-09-10 13:09 GMT
Advertising

''മഴപെയ്താല്‍ ആ വെള്ളച്ചാട്ടത്തിലേക്ക് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെ ഉണ്ടാവും. വെള്ളം പൊങ്ങി മനുഷ്യര്‍ ഉള്‍പ്പെടെ അവിടെയുള്ള ജീവജാലങ്ങളുടെ നാശത്തിന് അത് കാരണമാകും. അങ്ങനെ മരിച്ചവര്‍ ഏറെയാണ് '. വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനി ആയിരുന്ന ലയയുടെ കഥയിലാണ് പ്രവചന തുല്യമായ ഈ വരികളുള്ളത്.

കുട്ടികള്‍ തന്നെ തയ്യാറാക്കിയ 'വെള്ളാരങ്കല്ലുകള്‍' എന്ന് പേരിട്ട ഡിജിറ്റല്‍ മാഗസിനില്‍ 'ആഗ്രഹത്തിന്റെ ദുരനുഭവം' എന്ന പേരില്‍ ലയ എഴുതിയ കഥയില്‍ ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും വായിക്കാനാവും. വീട്ടുകാരറിയാതെ വെള്ളച്ചാട്ടം കാണാന്‍ പോവുകയാണ് കൂട്ടുകാരികള്‍. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചിരിക്കുന്ന അനശ്വരയുടെയും അലംകൃതയുടെയും അരികിലേക്ക് സംസാരിക്കാന്‍ കഴിവുള്ള ഒരു വിചിത്ര കിളി പറന്നെത്തി. ''നിങ്ങള്‍ ഇവിടെ നിന്ന് വേഗം രക്ഷപെട്ടോ കുട്ടികളേ, ഇവിടെ വലിയ ഒരാപത്ത് വരാന്‍ പോകുന്നു. നിങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെ നിന്ന് ഓടിപൊയ്‌ക്കോളൂ''. അതും പറഞ്ഞ് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുള്‍ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികള്‍ ഓടാന്‍ തുടങ്ങി. കുട്ടികള്‍ ഓടി മാറി മലമുകളിലേക്ക് നോക്കിയപ്പോള്‍ ഒരുവശത്തേക്ക് ഒലിച്ചിറങ്ങുന്ന മഴയും കിളി ഒരു പെണ്‍കുട്ടിയായി മാറുന്നതുമാണ് കണ്ടത്. മുന്‍പ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച അമൃതയെന്ന കുട്ടിയുടെ രൂപമായിരുന്നു അവള്‍ക്കപ്പോഴെന്നാണ് ലയ കഥയില്‍ പറയുന്നത്.

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ യഥാര്‍ഥ ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയണമെന്ന് ലയ പകര്‍ന്ന ചിന്തകള്‍ പേറിക്കൊണ്ടാണ് ദുരിതം താണ്ടിയ സ്‌കൂളുകളിലെ കുരുന്നുകള്‍ കഴിഞ്ഞ ദുവസം പുനര്‍ പ്രവേശനോത്സവത്തില്‍ ഒത്തു കൂടിയത്. പാറക്കെട്ടുകളും വന്‍മരങ്ങളും തടഞ്ഞ് സ്വയം നാശം ഏറ്റുവാങ്ങിയപ്പോഴും നാടിനെ പൂര്‍ണമായി നാശത്തിന് വിട്ടുകൊടുക്കാതെയും അഭയം തേടിയവരുടെ ജീവനു കാവലാളായി നിലയുറപ്പിക്കുകയും ചെയ്ത വെള്ളാര്‍മല ജിവിഎച്ച്എസിലെയും കൂടെ മുണ്ടകൈ ജിഎല്‍പി സ്‌കൂളിലെയും കുട്ടികളാണ് ഇന്ന് മുതല്‍ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിക്കാനെത്തുന്നത്. 


| വെള്ളാര്‍മല, മുണ്ടക്കൈ സ്‌കുളുകളിലെ കുട്ടികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുനപ്രവേശനോത്സവം നടത്തിയപ്പോള്‍.

 ലെസ്‌ലിയുടെ അതിജീവന പാഠം

ഉറ്റവര്‍ മാത്രമല്ല, ഒപ്പം പഠിച്ച കൂട്ടുകാരില്‍ പലരേയും നഷ്ടമായ ഹൃദയവേദനയോടെ സ്‌കൂളിലെത്തുന്ന കുട്ടികളോട് അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പകരാന്‍ സമൂഹത്തിനും അധ്യാപകര്‍ക്കും കഴിയേണ്ടതുണ്ട്. ആമസോണ്‍ കാടുകള്‍ അമ്മസോണായി മാറുംവിധം അതിജീവനത്തിന്റെ മാതൃക തീര്‍ത്ത കുട്ടികളുടെ കഥ അവര്‍ക്ക് കരുത്ത് പകരും. നാല്, ഒന്‍പത്, പതിമൂന്ന് വയസുള്ള, മൂന്ന് പെണ്‍കുട്ടികള്‍, ഒപ്പം പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞും. ഇവര്‍ നാലുപേരുമാണ് നരിയും വിഷപാമ്പുകളും ആളെപ്പിടിയന്‍ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോണിലെ കൊടുംകാടിനുള്ളില്‍ നാല്‍പ്പത് ദിവസം കഴിച്ചുകൂട്ടിയത്. 2023 മെയ് ഒന്നിനാണ് ലെസ്‌ലി എന്ന 13 കാരിയുടേയും കുടുംബത്തിന്റെയും ജീവിതത്തെ ആകെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. ലെസ്‌ലിയും സഹോദരങ്ങളും മാതാവും സഞ്ചരിച്ച സെസ്ന 206 എന്ന ചെറുവിമാനം കൊളംബിയയിലെ കാടിനുള്ളില്‍ തകര്‍ന്നു വീണു. ആ അപകടത്തില്‍ ലെസ്‌ലിക്കും മൂന്ന് സഹോദരങ്ങള്‍ക്കും അവരുടെ മാതാവ് മഗ്ദലേനയെ നഷ്ടപ്പെട്ടു. എന്നാല്‍, വിധിയോട് തോറ്റ് കൊടുക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. പൊരുതാന്‍ തീരുമാനിച്ച അവര്‍ അമ്മ നഷ്ടപ്പെട്ട ദുഃഖം ഉള്ളിലൊതുക്കിയാണ് ആകാശം പോലും കാണാത്ത കാട്ടില്‍ കഴിഞ്ഞത്. 


160 പേര്‍ ഉള്‍കൊള്ളുന്ന കൊളംബിയന്‍ സൈന്യവും 70 ഓളം സന്നദ്ധപ്രവര്‍ത്തകരും പ്രതീക്ഷ കൈവിടാതെ കാട് അരിച്ചുപെറുക്കി. കഴിയാവുന്ന രീതിയിലെല്ലാം അവര്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കി. കുട്ടികള്‍ക്കായി വനത്തില്‍ റൊട്ടികള്‍ വിതറി, മുത്തശ്ശിയുടെ നിര്‍ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വനമേഖലയില്‍ കേള്‍പ്പിച്ച് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. മരങ്ങള്‍ മുറിച്ച് സ്‌പ്രേ പെയിന്റ് അടിച്ച് വഴി കാട്ടി. സംശയം തോന്നുന്നയിടങ്ങളിലെല്ലാം ഹെലികോപ്റ്ററില്‍നിന്നും വിമാനത്തില്‍നിന്നും സ്പാനിഷിലും തദ്ദേശഭാഷയിലുമുള്ള പതിനായിരത്തിലധികം നിര്‍ദേശങ്ങള്‍ പറത്തിവിട്ടു. മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളടക്കം സൈന്യം കുട്ടികള്‍ക്കായി പങ്കുവച്ചു. തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന അടയാളങ്ങള്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം വിതറാന്‍ ആ കുട്ടികളും മറന്നില്ല, മരച്ചില്ലകളും ചുള്ളിക്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച പാര്‍പ്പിടവും കുട്ടികള്‍ പാലു കുടിക്കാന്‍ ഉപയോഗിക്കുന്ന ബേബിബോട്ടിലുമാണ് നാല്‍പ്പതാം നാളില്‍ അവരെ കണ്ടെത്താന്‍ സഹായിച്ചത്. ആമസോണ്‍ കാടുകളില്‍ നിന്നും കേട്ട അതിജയത്തിന്റെ അത്ഭുത കഥകള്‍ മുറിവേറ്റ കുട്ടികളുടെ മനസ്സില്‍ വേദനാ സംഹാരിയായി മാറും.

വെള്ളാര്‍മല സ്‌കൂളിലെ ലയ സ്വപ്നം കണ്ട രീതിയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്ന ശാസ്ത്രജ്ഞര്‍ ദുരന്ത ബാധിത സ്‌കൂളില്‍ നിന്നും ഉദിച്ചുയരണം. തേയിലനുള്ളി ജീവിതം കരുപിടിപ്പിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളുടെ കൈകളില്‍ സ്റ്റെതസ്‌കോപ്പ് പിടിപ്പിച്ച ഉണ്ണിമാഷിന്റെ നേതൃത്വത്തിലുള്ള അധ്യാപകര്‍ക്ക് ആകാശത്തോളം ഉയരത്തില്‍ പറക്കാനുള്ള ചിറകുകള്‍ സമ്മാനിക്കാനാവും.

വയനാട്ടിലും വിലങ്ങാടും സംഭവിച്ച ഉരുള്‍പൊട്ടലില്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെ പൂര്‍ണമായും തടഞ്ഞു നിര്‍ത്താന്‍ മനുഷ്യര്‍ക്ക് ആവണമെന്നില്ല. കൃത്യമായ ആസൂത്രണങ്ങളിലൂടെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനാകും. അതിനായി ദുരന്ത നിവാരണ സാക്ഷരത പാഠ്യപദ്ധതിയില്‍ ഇടം പിടിക്കണം. നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ മോക്ഡ്രില്ലിങ്ങിലൂടെ കാണിച്ചു കൊടുത്ത് സാഹചര്യസമ്മര്‍ദങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ദുരന്ത സമയത്തെ ആശയവിനിമയം തൊട്ട് പ്രഥമ ശുശ്രൂഷയും സുരക്ഷ സംവിധാനങ്ങളും വരെയുള്ള കാര്യങ്ങളില്‍ ഓരോരുത്തരും അറിവുള്ളവരായി വളരണം. എത്രയോ പ്രകൃതിദുരന്തങ്ങളെ നേരിട്ട ജപ്പാന്റെ അതിജീവന കഥകള്‍ നമ്മുടെ മുന്നിലെ പാഠപുസ്തകമാണ്. ജപ്പാനിലെ ഓരോ ക്ലാസ് മുറികളിലും ദുരന്ത സാധ്യതകള്‍ പ്രവചിക്കുന്ന ഹസാര്‍ഡ് മാപ്പുകളുണ്ട്. ദുരന്തം വന്നാല്‍ രക്ഷപെടാനുള്ള വഴികളും അതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ സെപ്തംബര്‍ ഒന്ന് ദുരന്തനിവാരണ ദിനമായി ആചരിക്കാറുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്ന ജപ്പാന്‍ രീതികള്‍ ഇവിടെയും പറിച്ചുനടാന്‍ കഴിയേണ്ടതുണ്ട്. 


ലൂയിയുടെ കഥ

ലൂയി എന്ന മിടുക്കന്‍ ഫ്രാന്‍സിലെ കൂര്‍സെലെ ഫാബുര്‍ഗ് എന്ന ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഒരിക്കല്‍ സഹപാഠിളോടൊപ്പം ലൂയി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ദയനീയ കാഴ്ച കണ്ടു. പേപ്പട്ടിയുടെ കടിയേറ്റ ഒരാളെ കുറച്ച് പേര്‍ ബലമായി പിടിച്ചു വെക്കുകയും വൈദ്യന്‍ ചുട്ടുപഴുത്ത ഇരുമ്പ് കമ്പി കടിയേറ്റ പച്ചമാംസത്തില്‍ വെച്ച് കൊടുക്കുകയും ചെയ്യുന്ന ചികിത്സാരീതി ആ ബാലനെ പിടിച്ചു കുലുക്കി. ആ മനുഷ്യന്റെ ദീനരോദനം അവനെ ഉലച്ചു. ഇതിന് ഫലപ്രദമായ മരുന്ന് ഞാന്‍ കണ്ടത്തുമെന്ന് ഉറപ്പിച്ച വിദ്യാര്‍ഥിയായിരുന്നു ലൂയിസ് പാസ്ചര്‍. നിരന്തര ഗവേഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും പേപ്പട്ടി വിഷത്തിന് മരുന്ന് കണ്ടെത്താന്‍ ലൂയിസിന് സാധിച്ചു. ലയ സ്വപ്നം കണ്ട രീതിയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്ന ശാസ്ത്രജ്ഞര്‍ ദുരന്ത ബാധിത സ്‌കൂളില്‍ നിന്നും ഉദിച്ചുയരണം. തേയിലനുള്ളി ജീവിതം കരുപിടിപ്പിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളുടെ കൈകളില്‍ സ്റ്റെതസ്‌കോപ്പ് പിടിപ്പിച്ച ഉണ്ണിമാഷിന്റെ നേതൃത്വത്തിലുള്ള അധ്യാപകര്‍ക്ക് ആകാശത്തോളം ഉയരത്തില്‍ പറക്കാനുള്ള ചിറകുകള്‍ സമ്മാനിക്കാനാവും.

(യൂത്ത് ലീഗ് സംസ്ഥാന ട്രഷററാണ് ലേഖകന്‍)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി. ഇസ്മായില്‍

Writer

Similar News