ആദ്യ ഇന്‍സുലിന്‍ കൊലപാതകം; ഉദ്വേഗജനഗമായ അന്വേഷണ വഴികള്‍

ലോകത്തില്‍ ആദ്യമായി തെളിയിക്കപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഇന്‍സുലിന്‍ മര്‍ഡര്‍ വെപ്പണ്‍ ആക്കിയ കൊലപാതകം ആയിരുന്നു എലിസബത്തിന്റേത്. ലോകത്തിലെ ആദ്യത്തെ ഇന്‍സുലിന്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുും ഉദ്വേഗ ജനഗമായ അന്വേഷണ വഴികളും.

Update: 2023-03-30 18:16 GMT

1957 ലെ മെയ്മാസം 3-ാം തീയ്യതി രാത്രിയില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ ഒരു മരണം സംഭവിച്ചിരിക്കുന്നു. വെറും മരണമല്ല, ചരിത്രത്തിലെ ഒരു ഏട് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്‍സുലിന്‍ ഉപയോഗിച്ചുള്ള ആദ്യത്തെ മരണം!

മെയ് 4-ാം തീയതി സമയം ഏതാണ്ട് രാത്രി 1 മണിയോട് അടുത്തപ്പോഴാണ് പൊലീസ് ഓഫീസര്‍ ജോണ്‍ നെയ്‌ലറുടെ വീട്ടിലെ ടെലിഫോണ്‍ മണി അടിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സേവനം വേണ്ട തൊഴില്‍ ആയതിനാല്‍ ഗാഢനിദ്രക്കിടയിലും നെയ്‌ലര്‍ കുതൂഹലത്തോടു കൂടി തന്നെ ടെലിഫോണ്‍ കൈപ്പിടിയിലാക്കി.

'ഹലോ ആരാണ്?'

'അത്... അത്... ഇവിടെ ഒരു സ്ത്രീ മരിച്ചിരിക്കുന്നു. നിങ്ങള്‍ ഉടന്‍ വരണം.'

ആരാണ്? എന്താണ് സംഭവം? എന്നെല്ലാം പൊലീസ് ഓഫീസര്‍ തല്‍നിമിഷം തന്നെ കുറിച്ചെടുത്തു. ഉടന്‍ സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. വീട് കണ്ടുപിടിക്കാന്‍ അര്‍ധരാത്രിയിലും ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കാരണ,ം വീടിന് ചുറ്റും ആള്‍ക്കൂട്ടം വളഞ്ഞിരുന്നു.

കാര്‍ റോഡിനോട് ഓരം ചേര്‍ത്ത് നിര്‍ത്തി ആള്‍ക്കൂട്ടത്തിന് മദ്ധ്യത്തിലൂടെ നെയ്‌ലര്‍ വീടിനകത്ത് പ്രവേശിച്ചു. അങ്ങിങ്ങ് കുറച്ച് പേര്‍ നിന്ന് കുശുകുശുക്കുന്നത് കാണാം. അവരെല്ലാം നെയ്‌ലറെ കണ്ടപ്പോള്‍ ഒതുങ്ങി. സംഭാഷണം വെട്ടിച്ചുരുക്കി മൗനത്തെ അവലംബിച്ചു. എന്നാല്‍, ഇതില്‍ നിന്നെല്ലാം മാറി സാമാന്യം മദ്ധ്യ വയസ്‌ക്കനായ ഒരാള്‍ ഒരു സ്ത്രീയുടെ ചിത്രവും കയ്യിലേന്തി അടക്കി അടക്കി ഏങ്ങലടിച്ച് കരയുന്നു. നെയ്‌ലര്‍ അയാളെ സൂക്ഷിച്ച് നോക്കി. അപ്പോഴേക്കും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് അടുത്തെത്തി മുകളിലാണ് ഡെഡ്‌ബോഡി എന്ന് അറിയിച്ചു. കോണിപ്പടികള്‍ കയറി മുകളില്‍ പോകുമ്പോഴും നെയ്‌ലറുടെ കണ്ണില്‍ ആ ചിത്രവും കരയുന്ന മനുഷ്യനും ആയിരുന്നു.

മുകളിലെ കിടപ്പു മുറിയോട് ചേര്‍ന്നുള്ള ബാത്‌റൂമില്‍ ബാത്ടബില്‍ വിവസ്ത്രയായ സ്ത്രീയുടെ മുഖം താഴെ കണ്ട കരയുന്ന മനുഷ്യന്റെ കയ്യിലുള്ള ചിത്രത്തിലേത് തന്നെയായിരുന്നു. മരിച്ചത് ഭാര്യയും കരയുന്നത് ഭര്‍ത്താവുമാണെന്ന് മനസിലായി. സംഭവ സ്ഥലത്തു നടക്കുന്ന മറ്റ് തെളിവെടുപ്പുകളുടെ സമയത്ത് ഓഫീസര്‍ വീട് വിട്ട് പുറത്തിറങ്ങി അന്തരീക്ഷം നിരീക്ഷിച്ചു.

തുടര്‍ന്ന് പൊലീസുകാരനെ വിളിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അന്വേഷിച്ചു. മരിച്ചത് എലിസബത്ത് ബാര്‍ലോ, അവരുടെ ഭര്‍ത്താവ് കെന്നത്ത് ബാര്‍ലോ, ഒരു മകന്‍ ഉണ്ട് ഇയാന്‍. കെന്നത്തിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ്. പത്ത് വയസ് പ്രായം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചപ്പോള്‍ മകന് ഒരു അമ്മ വേണമെന്ന തോന്നലില്‍ കെന്നത്ത് എലിസബത്തിനെ കല്യാണം കഴിച്ചതാണ്. രണ്ടാനമ്മയുടെ ഭാവഭേദങ്ങള്‍ ഇല്ലാത്ത എലിസബത്തിന് ഇയാനെ ജീവനായിരുന്നു. തിരിച്ചും അങ്ങനെ തന്നെ.

കെന്നത്ത് രജിസ്റ്റേഡ് നേഴ്‌സും എലിസബത്ത് ഓക്‌സിലറി നേഴ്‌സുമാണ് (ഓക്‌സിലറി നേഴ്‌സ് എന്നാല്‍ റെജിസ്റ്റേര്‍ഡ് നേഴ്‌സിനെ സഹായിക്കുന്ന ജോലി). ഇരുവരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആണെങ്കിലും രണ്ട് ഹോസ്പിറ്റലുകളിലാണ്. പൊലീസുകാരന്‍ കണ്ടെത്തിയ വിവരണങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. എന്നാല്‍, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എലിസബത്ത് നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് ഒരു ലോണ്‍ഡ്‌റി ഷോപ്പില്‍ ജോലിക്ക് ചേര്‍ന്നിരുന്നു എന്ന വിവരം ഇരുവരെയും കുഴപ്പിച്ചു. ഒരു നേഴ്‌സിന് ലോണ്‍ഡ്‌റി ഷോപ്പില്‍ എന്ത് കാര്യം എന്നതിന് അവര്‍ തന്നെ ഉത്തരവും കണ്ടെത്തി. ഒരു പക്ഷേ ഓക്‌സിലറി നഴ്‌സിന് ശമ്പളം ലോണ്‍ഡ്‌റി കടയിലേതിനേക്കാള്‍ കുറവായത് കൊണ്ടായിരിക്കും!

ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് വയ്യാത്ത ഭാര്യക്ക് കൊടുത്തേക്കാമെന്ന് കരുതി കെന്നത്ത് വെള്ളവുമായി മുകളില്‍ ചെന്നു. ക്ഷീണിച്ച് അവശയായ എലിസബത്ത് താന്‍ ഉറങ്ങാന്‍ പോകുകയാണെന്നും മകനായ ഇയാനോട് ഗുഡ് നൈറ്റ് പറയണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.

പതിവു പോലെ ആ വെള്ളിയാഴ്ചയും എലിസബത്ത് വീക്ക്‌ലി ഓഫ് എടുത്തു. അതായത് മരിക്കുന്ന ദിവസം. ഉച്ചക്ക് 12:30 ഓടു കൂടി ലോണ്‍ട്‌റി കടയില്‍ നിന്നും ഇറങ്ങിയ എലിസബത്ത് അടുത്തുള്ള 'ഫിഷ് ഏന്റ് ചിപ്‌സ്' കടയില്‍ കയറുകയും ഫാമിലി പാക്ക് വാങ്ങുകയും വീട്ടിലേക്ക് വരികയും ചെയ്തു. വീട്ടില്‍ എത്തിയ ഉടന്‍ ഫാമിലി പാക്ക് തുറന്ന് തന്റെ ഭാഗം മാത്രം എടുത്ത് കഴിച്ച് ഒരു ചായയും കുടിച്ച് ഉച്ചയുറക്കത്തിന് പോയി. കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് ചില്ലറ ചെറിയ വീട്ടു ജോലികള്‍ തീര്‍ത്തു. എലിസബത്ത് വീട്ടില്‍ വരുമ്പോള്‍ മുതല്‍ കെന്നത്ത് കാര്‍ വാഷിംഗില്‍ ആണ്. ജോലിയെല്ലാം തീര്‍ന്ന് ക്ലോക്കിലെ സൂചി നാലില്‍ നില്‍ക്കുമ്പോഴും എലിസബത്ത് കാണുന്നത് കാറിനെ കുളിപ്പിച്ചു കൊണ്ടിരിക്കുന്ന കെന്നത്തിനെ ആണ്. കാറിനെ അത്യധികം സ്‌നേഹിക്കുന്ന കെന്നത്തിന് ഇത് പതിവായതിനാല്‍ എലിസബത്ത് കുറച്ചു സമയം അയല്‍ വീട്ടില്‍ ചിലവഴിക്കാനായി സ്‌കിന്നര്‍ ഫാമിലിയുടെ വീട്ടിലെത്തി. അവിടെ കുറച്ചു നേരം ചില വഴിക്കുകയും എലിസബത്തും മിസിസ് സ്‌കിന്നറും വളരെ അടുത്ത് ഇടപഴകുകയും കുടുംബ വിശേഷങ്ങളും അയല്‍പക്ക വാര്‍ത്തകളും പറഞ്ഞ് ആസ്വദിക്കുകയും ചെയ്തു.

തിരിച്ച് വീട്ടിലെത്തി ലിവിംഗ് റൂമില്‍ ടി.വി കണ്ടു കൊണ്ട് കെന്നത്തുമായി ഒരുമിച്ചിരുന്ന് ചായയും സ്‌നാക്‌സും കഴിച്ചു കൊണ്ടിരുന്ന എലിസബത്ത് വൈകുന്നേരം 6:30 ഓടു കൂടി പൊടുന്നനെ എഴുന്നേറ്റ് മുകളിലെ നിലയിലുള്ള ബെഡ്‌റൂമിലേക്ക് കോണി കയറി. താന്‍ വളരെ ക്ഷീണിതയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ തന്നെ വിളിക്കണമെന്നും അപ്പോള്‍ ടി.വി ഒരുമിച്ച് കാണണമെന്നും കെന്നത്തിനോട് കോണിപ്പടിയില്‍ തിരിഞ്ഞു നിന്ന് പറയാന്‍ അവള്‍ മറന്നില്ല.

ഏകദേശം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ് ഏല്‍പ്പിച്ച പ്രകാരം ഭാര്യയെ ടി.വി കാണാന്‍ വിളിക്കാന്‍ വേണ്ടി കെന്നത്ത് മുകളിലെ റൂമില്‍ എത്തിയെങ്കിലും തനിക്ക് ഭയങ്കര ക്ഷീണമാണെന്നും കിടക്കണമെന്നും ആവശ്യപ്പെട്ടു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി കെന്നത്ത് കൂടുതല്‍ ഒന്നും ചോദിക്കാതെ ലിവിംഗ് റൂമില്‍ വന്നിരുന്ന് ഷോ കാണുവാന്‍ തുടങ്ങി.

ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് വയ്യാത്ത ഭാര്യക്ക് കൊടുത്തേക്കാമെന്ന് കരുതി കെന്നത്ത് വെള്ളവുമായി മുകളില്‍ ചെന്നു. ക്ഷീണിച്ച് അവശയായ എലിസബത്ത് താന്‍ ഉറങ്ങാന്‍ പോകുകയാണെന്നും മകനായ ഇയാനോട് ഗുഡ് നൈറ്റ് പറയണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പാതിമനസോടെ കെന്നത്ത് വീണ്ടും താഴെ ലിവിംഗ് റൂമില്‍ എത്തി. പകുതിയാക്കി നിര്‍ത്തിയ ടി.വി ഷോ കാണുകയും ചെയ്തു. സമയം ഒമ്പതരയോട് അടുത്തപ്പോള്‍ മുകളിലെ മുറിയില്‍ നിന്ന് എലിസബത്തിന്റെ അലര്‍ച്ചയും പതിവില്ലാത്ത ശബ്ദവും കേട്ടപ്പോള്‍ കെന്നത്ത് ഓടി മുറിയില്‍ വന്നപ്പോള്‍ കണ്ടത് ബെഡില്‍ മുഴുവന്‍ ഛര്‍ദ്ദിച്ച് അവശയായി സമീപത്ത് കിടക്കുന്ന എലിസബത്തിനെയാണ്. എലിസബത്ത് കുഴഞ്ഞ് പോകുന്നുവെങ്കിലും വേച്ച കാല്‍വെപ്പുകളോടെ എഴുന്നേറ്റ് ഛര്‍ദ്ദില്‍ വീണ ബെഡ് ഷീറ്റ് മാറ്റാന്‍ കെന്നത്തിനെ ഹെല്‍പ്പ് ചെയ്തു. ഉച്ചയ്ക്ക് കഴിച്ച ഫിഷ് ആന്റ് ചിപ്‌സ് വയറിന് ശരിയായി കാണില്ലെന്ന് എലിസബത്ത് പറഞ്ഞ് പുതിയ ബെഡ് ഷീറ്റ് വിരിച്ചതിലേക്ക് തളര്‍ന്നു വീണു.

പഴയ ബെഡ് ഷീറ്റ് താഴെത്തെ നിലയിലുള്ള വാഷ് ടബില്‍ കൊണ്ടു പോയി ഇട്ട് ടി.വിയും ഓഫ് ചെയ്ത് കെന്നത്ത് പത്ത് മണിയോടു കൂടി മുറിയില്‍ എത്തി. വല്ലാതെ ഉഷ്ണിക്കുന്നു എന്ന് പറഞ്ഞ് വസ്ത്രങ്ങള്‍ എല്ലാം ഊരി വിവസ്ത്രയായി എലിസബത്ത് ബെഡിന്റെ ഒരറ്റത്ത് കിടന്നു. മറുവശത്ത് കയ്യില്‍ ഒരു പുസ്തകവുമായി കെന്നത്തും കിടന്നു. അതിനിടയില്‍ ഉഷ്ണം സഹിക്കാന്‍ വയ്യെന്നും കുളിച്ചിട്ട് വരാമെന്നും പറഞ്ഞ് എലിസബത്ത് ബാത്ത്‌റൂമില്‍ പോയി. ബാത്ത്ടബിലെ പൈപ്പിന്റെ ശബ്ദം കേട്ടെങ്കിലും വായനയുടെ ഇടയില്‍ കെന്നത്ത് ഉറങ്ങി പോയി.

കുറച്ച് സമയത്തിനുശേഷം ഞെട്ടിയുണര്‍ന്ന കെന്നത്ത് ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ സമയം 11:20 ആയിരിക്കുന്നു. ബെഡിന്റെ മറുതലക്കല്‍ എലിസബത്തിനെ കാണാനുമില്ല. കുളിക്കാന്‍ പോയ എലിസബത്ത് ഇത്ര നേരമായിട്ടും തിരിച്ചു വന്നിട്ടില്ലെന്ന് മനസ്സിലായ പരിഭ്രാന്തനായ കെന്നത്ത് ബാത്‌റൂമിലേക്ക് കയറി നോക്കി. അവിടെ കണ്ട കാഴ്ച ഞെട്ടിച്ചു കളഞ്ഞു. വെള്ളത്തില്‍ എലിസബത്ത് മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് കെന്നത്ത് കണ്ടത്. ഉടന്‍തന്നെ ബാത്ത്ടബിന്റെ ക്യാപ്പ് തുറക്കുകയും നിറഞ്ഞിരിക്കുന്ന വെള്ളം ഒഴുക്കി കളയുകയും ചെയ്തു. വെള്ളം ഒഴുകിപ്പോയെങ്കിലും എലിസബത്തിന് ബോധം വന്നില്ല. കിടന്നിരുന്ന എലിസബത്തിനെ പൊക്കിയെടുത്ത് താഴെ നിലത്തേക്ക് കടത്തുവാന്‍ പരിശ്രമിച്ചുവെങ്കിലും ഭാരം കാരണം അത് സാധിച്ചില്ല. എത്രയും വേഗം തന്നെ എലിസബത്തിന് കൃത്രിമ ശ്വാസം കൊടുക്കുവാന്‍ ആരംഭിച്ചു. എന്നാല്‍, അതിലും എലിസബത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല. എത്രയും വേഗം ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ ഹോസ്പിറ്റലില്‍ എത്തിക്കാമായിരുന്നു. എന്നാല്‍, ഇത് വിളിച്ചറിയിക്കുന്നതിനുള്ള ടെലിഫോണ്‍ സൗകര്യങ്ങള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. മിസ്റ്റര്‍ സ്‌കിന്നറിന്റെ വീട്ടില്‍ ടെലിഫോണ്‍ സൗകര്യം ഉള്ളതിനാല്‍ കോണിപ്പടികള്‍ ഇറങ്ങി അവരുടെ വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ കെന്നത്ത് കുതിച്ചു. ഒറ്റ ശ്വാസത്തില്‍ എല്ലാം വിവരിച്ചുവെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം അവര്‍ക്ക് വ്യക്തമായില്ല. എന്തോ ഗുരുതരമായി കെന്നത്തിന്റെ വീട്ടില്‍ സംഭവിച്ചിരിക്കുന്നു എന്ന് മാത്രമാണ് അവര്‍ക്ക് മനസ്സിലായത്. കാര്യങ്ങള്‍ വിവരിച്ചശേഷം അയാള്‍ തിരിച്ച് ഓടിപ്പോയി. അവിടെ താഴത്തെ മുറിയില്‍ അവരുടെ മകന്‍ ഇയാന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവന്‍ ഇതൊന്നും തന്നെ അറിഞ്ഞിരുന്നില്ല. സ്‌കിന്നര്‍ ദമ്പതിമാര്‍ അദ്ദേഹത്തിന്റെ പുറകെ ഓടിച്ചെന്നു. അവിടെ ചെന്നപ്പോള്‍ വിവസ്ത്രയായ എലിസബത്തിനെയാണ് അവര്‍ കണ്ടത്. ഉടന്‍തന്നെ അവര്‍ തിരിച്ച് അവരുടെ വീട്ടിലേക്ക് വരികയും അവരുടെ കുടുംബ ഡോക്ടറെ വിവരമറിയിച്ച് സ്ഥലത്തേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഡോക്ടര്‍ സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ എലിസബത്തിന് മരണം സംഭവിച്ചിരുന്നു. പൊലീസിനെ അറിയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇത്രയും വിവരങ്ങളാണ് സംഭവസ്ഥലത്ത് നിന്നും പൊലീസിന് ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്.

തുടര്‍ന്ന് ഓഫീസര്‍ നെയ്‌ലര്‍ മരണം സ്ഥിതീകരിച്ച ഡോക്ടറെ ചോദ്യം ചെയ്തു. 'എന്തുകൊണ്ടാണ് ഡോക്ടര്‍ക്ക് ഇത് ഒരു സാധാരണ മരണമായി തോന്നാതിരുന്നത്' എന്നതായിരുന്നു ആദ്യ ചോദ്യം. മൃതദേഹം കിടന്നിരുന്ന സ്ഥലവും മൃതദേഹത്തിന്റെ കൃഷ്ണമണിക്ക് മുങ്ങിമരിച്ച ഒരാള്‍ക്ക് സാധാരണ ഉണ്ടാകുന്ന കൃഷ്ണമണിയേക്കാള്‍ ഉണ്ടായിരുന്ന വലിപ്പവ്യത്യാസവും അസ്വാഭാവികമായി തോന്നിയതും എല്ലാവരും ഒരേ രീതിയിലുള്ള ഭക്ഷണം കഴിച്ച് ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടായ ചര്‍ദ്ദിലും ക്ഷീണവും മരണവും സംഭവിച്ചതുമാണെന്ന് ഡോക്ടര്‍ മറുപടി പറഞ്ഞു.

കെന്നത്ത് പൊലീസിന് കൊടുത്ത മൊഴികളെല്ലാം തന്നെയും കെട്ടിച്ചമച്ച കഥയാണെന്ന് ഇതിനോടകം തന്നെ നെയിലര്‍ക്ക് ബോധ്യപ്പെട്ടു. ഉടന്‍തന്നെ നെയിലര്‍ ആ വീട് മുഴുവന്‍ അരിച്ചുപെറുക്കുവാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അങ്ങനെ അന്വേഷിച്ചതില്‍ നിന്നും മൊഴിയുമായി സാമ്യപ്പെടുന്ന കുറച്ചു തെളിവുകള്‍ അവര്‍ക്ക് കിട്ടി. എലിസബത്ത് ഛര്‍ദ്ദിച്ച ബെഡ്ഷീറ്റ്, എലിസബത്തിന്റെ വിയര്‍ത്ത വസ്ത്രങ്ങള്‍ തുടങ്ങിയവ പൊലീസിന് അവിടെ നിന്നും കണ്ടുകിട്ടി.

പുലര്‍ച്ചയായപ്പോഴേക്കും ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഡേവിഡ് പ്രൈസ് സംഭവസ്ഥലത്ത് എത്തുകയും പരിശോധിക്കുകയും ചെയ്തു. അദ്ദേഹവും ഫാമിലി ഡോക്ടര്‍ പറഞ്ഞതിനോട് യോജിച്ച് ഇത് ഒരു സ്വാഭാവിക മരണമല്ലെന്ന് വിധിയെഴുതി. അതിനോടകം തന്നെ നെയ്‌ലര്‍ക്ക് കെന്നത്തിന്റെ കരച്ചില്‍ ഒരു അഭിനയമാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. ഉടന്‍തന്നെ എന്തെങ്കിലും ഒരു കണ്‍ക്ലൂഷനില്‍ എത്തിയാല്‍ മാത്രമാണ് സംഭവസ്ഥലത്ത് നിന്നും തെളിവുകള്‍ നഷ്ടപ്പെടാതിരിക്കുകയുള്ളൂ. എലിസബത്ത് മരിച്ചു കിടക്കുന്ന ബാത്‌റൂമിലേക്ക് അദ്ദേഹം ചെന്നു. അവിടെ ഒരു കോര്‍ണറില്‍ ഇരുത്തിയ നിലയിലാണ് ഡെഡ്‌ബോഡി അപ്പോള്‍ ഉള്ളത്. മരിച്ചു കിടന്നിരുന്ന ബാത്‌റൂമിലെ ബാത്ത്ടബിനെയും ഒരാവര്‍ത്തി കണ്ണുകൊണ്ട് ഉഴിഞ്ഞു. അപ്പോഴാണ് ബാത്ത്ടബിനോട് ചേര്‍ന്ന് ഒരു ടംബ്ലറില്‍ വെള്ളമിരിക്കുന്നത് കണ്ടത്. അത് ചെറിയ ഒരു വക്കത്താണ് ഇരിക്കുന്നത്. അതിനടുത്തുതന്നെയാണ് എലിസബത്ത് മുങ്ങി കിടന്നിരുന്നത്. മരണവെപ്രാളം കാണിച്ചിരുന്നു എങ്കില്‍ എലിസബത്തിന്റെ കൈ തട്ടി തീര്‍ച്ചയായും ആ വെള്ളം താഴെ പോകേണ്ടതാണ്. അത് മാത്രവുമല്ല എലിസബത്തിനെ അതില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചു എന്ന് കെന്നത്ത് പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ശ്രമിച്ചിരുന്നാല്‍ പോലും ആ വെള്ളം ആ വെപ്രാളത്തിനിടയില്‍ കൈ തട്ടി താഴേക്ക് പോകേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ ഓഫീസര്‍ക്ക് ഒരു കാര്യം വ്യക്തമായി. എലിസബത്ത് മരണവെപ്രാളം കാണിച്ചിട്ടുമില്ല, താഴേക്ക് എടുക്കാന്‍ ശ്രമിച്ചു എന്ന കെന്നത്തിന്റെ മൊഴി കള്ളവുമാണ്.

ചില സാധ്യതകള്‍ നെയ്‌ലര്‍ മനസിലിട്ട് കണക്കുകൂട്ടി. മരണവെപ്രാളം കാണിക്കാന്‍ എലിസബത്ത് ശ്രമിച്ചിട്ടില്ല, അല്ലെങ്കില്‍ അതിന് കഴിഞ്ഞിട്ടില്ല. അതിനുള്ള കാരണങ്ങള്‍ അദ്ദേഹം മനസില്‍ നമ്പറിട്ട് കുറിച്ചിട്ടു.

1. എലിസബത്ത് സ്വബോധത്തോടെ അല്ലായിരുന്നു അവിടെ കിടന്നിരുന്നത്.

2. അല്ലെങ്കില്‍ അവരുടെ കൈകാലുകള്‍ പ്രതികരിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോയിരുന്നു.

ഈ അവസ്ഥകളില്‍ ഒന്നിലൂടെ ആയിരിക്കണം എലിസബത്ത് കടന്നുപോയിരിക്കുന്നത്.

നിഗമനം 1: ഭര്‍ത്താവിന് ഇതില്‍ വലിയൊരു പങ്കുണ്ടെന്ന് ഈ ഒരൊറ്റ ടംബ്ലര്‍ വെള്ളം കൊണ്ട് തന്നെ വ്യക്തമായി കഴിഞ്ഞു.

അന്വേഷണം: എന്താണ് എലിസബത്തിന് യഥാര്‍ഥത്തില്‍ അന്ന് രാത്രി സംഭവിച്ചത് എന്നതിലേക്കാണ് ഇനി എത്തിച്ചേരേണ്ടത്.

കെന്നത്ത് പൊലീസിന് കൊടുത്ത മൊഴികളെല്ലാം തന്നെയും കെട്ടിച്ചമച്ച കഥയാണെന്ന് ഇതിനോടകം തന്നെ നെയിലര്‍ക്ക് ബോധ്യപ്പെട്ടു. ഉടന്‍തന്നെ നെയിലര്‍ ആ വീട് മുഴുവന്‍ അരിച്ചുപെറുക്കുവാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അങ്ങനെ അന്വേഷിച്ചതില്‍ നിന്നും മൊഴിയുമായി സാമ്യപ്പെടുന്ന കുറച്ചു തെളിവുകള്‍ അവര്‍ക്ക് കിട്ടി. എലിസബത്ത് ഛര്‍ദ്ദിച്ച ബെഡ്ഷീറ്റ്, എലിസബത്തിന്റെ വിയര്‍ത്ത വസ്ത്രങ്ങള്‍ തുടങ്ങിയവ പൊലീസിന് അവിടെ നിന്നും കണ്ടുകിട്ടി. എന്നാല്‍, അടുക്കളയില്‍ നിന്നും പൊലീസിനെ കിട്ടിയത് രണ്ട് സിറിഞ്ചും നാല് നീഡിലുകളുമാണ്. ഇതില്‍ നിന്നും ഏതോ മരുന്ന് അവര്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമായി. എന്നാല്‍, ഏതു മരുന്നാണെന്ന് കണ്ടുപിടിക്കുവാന്‍ അവിടെ മരുന്ന് ബോട്ടുകള്‍ ഒന്നും അവര്‍ക്ക് കിട്ടിയതുമില്ല. ആ വീട്ടില്‍ നിന്നും എടുക്കാവുന്ന മാക്‌സിമം തെളിവുകള്‍ എടുത്തു കഴിഞ്ഞപ്പോള്‍ ഡെഡ്‌ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റി. പുലര്‍ച്ചെ 5:45 ഓടുകൂടി അടുത്തുള്ള ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് എലിസബത്തിന്റെ ബോഡി എത്തിച്ചു.


പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ ആരംഭിക്കുകയും എലിസബത്തിന്റെ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും രക്തത്തിന്റെ അംശം കിട്ടുകയും ശ്വാസകോശത്തില്‍ നിന്നും വെള്ളത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു. അപ്പോള്‍ മുങ്ങിമരിച്ചതാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നു. പക്ഷേ, മുങ്ങി മരിക്കുന്ന സമയത്ത് വെള്ളത്തില്‍ അകപ്പെട്ട ഒരാള്‍ കാണിക്കാവുന്ന വെപ്രാളങ്ങള്‍ ഒന്നും തന്നെയും എലിസബത്ത് കാണിച്ചിട്ടില്ല എന്നതാണ് പ്രധാന ചോദ്യചിഹ്നമായി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലുള്ളത്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയോ വെള്ളം തട്ടിത്തെറിപ്പിക്കുകയോ മറ്റു മരണ വെപ്രാളമോ ചെയ്യുകയോ എലിസബത്ത് ചെയ്തിട്ടില്ല എന്ന് കൃത്യം നടന്ന സ്ഥലം വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ അതിനര്‍ഥം, എലിസബത്ത് ആ ടബിലേക്ക് കിടക്കുന്നതിന് മുമ്പ് തന്നെ ബോധം നഷ്ടപ്പെട്ടിരുന്നു.

നിഗമനം 2 : എലിസബത്ത് മരിച്ചത് വെള്ളത്തില്‍ മുങ്ങിയാണെന്നുള്ള വാദം ശരിവെക്കാമെങ്കിലും അതിനുമുമ്പ് ബോധം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതിനിടയില്‍ ഡോ. ഡേവിഡ് പ്രൈസ് കെന്നത്ത് പൊലീസിനോട് പറയാത്ത മറ്റൊരു കാര്യം കണ്ടെത്തിയിട്ടുണ്ട് എലിസബത്ത് ഏഴ് ആഴ്ച ഗര്‍ഭിണിയാണ് എന്നതായിരുന്നു ആ വിവരം.

ഇനി കണ്ടെത്തേണ്ടത് പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്:

1. ആരാണ് എലിസബത്തിനെ ബോധം കെടുത്തിയത്?

2. എന്തായിരുന്നു അതിനുവേണ്ടി ഉപയോഗിച്ചത്?

3. എന്തിനുവേണ്ടിയാണ് അത് ചെയ്തത്?

- ഈ മൂന്ന് ചോദ്യങ്ങളിലെ ഉത്തരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്വാസകോശത്തില്‍ നിന്നും ലഭിച്ച ജലത്തിന്റെ അംശം ഒഴികെ മറ്റൊരു തരത്തിലുള്ള ഫോറിന്‍ പാര്‍ട്ടിക്കളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല. അത് മരണവെപ്രാളത്തിനിടയില്‍ വെള്ളം കയറിയതാണെന്ന് അനുമാനിക്കാം. ഇനി കണ്ടെത്തേണ്ടത് കണ്ടുപിടിക്കാന്‍ കഴിയാത്ത ഏതെങ്കിലും വിഷാംശമാണോ മരണകാരണം എന്നതാണ്. കെന്നത്ത് നേഴ്‌സ് ആയതിനാല്‍ ഏത് മരുന്ന് കിട്ടണമെങ്കിലും അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഈ അനുമാനത്തിലേക്ക് വിരല്‍ ചൂണ്ടിയത് അടുക്കളയില്‍ നിന്നും കിട്ടിയ സിറിഞ്ചുകള്‍ ആണ്.

ഈ കാര്യങ്ങള്‍ ഡോക്ടര്‍ ഡേവിഡുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ രണ്ടുപേരും ഒരേ അനുമാനത്തില്‍ എത്തി. വിഷാംശം ഉണ്ടെന്നുള്ളത് സത്യമായിരിക്കാം. പക്ഷേ, അങ്ങനെ ഉണ്ടെങ്കില്‍ അത് ഇതുവരെയും നടത്തിയ ടെസ്റ്റുകള്‍ കണ്ടെത്തേണ്ടതാണ്.

നിഗമനം 3 : ടെസ്റ്റുകളില്‍ കണ്ടെത്താന്‍ കഴിയാത്ത വിഷാംശമായിരിക്കും ശരീരത്തില്‍ ചെന്നിട്ടുള്ളത്. ഒരുപക്ഷേ അത് വിഷം തന്നെ ആവണമെന്നില്ല. ഏതെങ്കിലും ഒരു വസ്തു അമിതമായി ഉപയോഗിച്ചാലും അത് വിഷമമായി ശരീരത്തില്‍ പ്രവര്‍ത്തിക്കും.

അങ്ങനെ വരുമ്പോള്‍ അടുത്തതായി കണ്ടുപിടിക്കേണ്ടത് എലിസബത്തിന്റെ ശരീരത്തില്‍ കുത്തിവെച്ച പാടുകള്‍ ഉണ്ടോ എന്നുള്ളതാണ്. ഉടന്‍തന്നെ ഡോക്ടറും പൊലീസ് ഓഫീസറും വെളിപാട് വന്നിട്ടെന്ന പോലെ മോര്‍ച്ചറിയിലേക്ക് ഓടിച്ചെന്നു. കാരണം, ഏതാനും നിമിഷങ്ങള്‍ക്കകം ശവശരീരം സംസ്‌കരിക്കാന്‍ വേണ്ടി വിട്ടുകൊടുക്കുകയാണ്. അതിനുമുമ്പ് തന്നെ ഇവര്‍ക്കു വേണ്ട തെളിവുകള്‍ ഡെഡ്‌ബോഡിയില്‍ നിന്നും കണ്ടെത്തേണ്ടതുണ്ട്. അനുമതിക്ക് പോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ വീണ്ടും പരിശോധന ആരംഭിച്ചു. എലിസബത്തിന്റെ ശരീരത്തില്‍ എവിടെയെങ്കിലും കുത്തിവെച്ച പാടുകള്‍ ഉണ്ടോ എന്നുള്ളത് മാത്രമാണ് ഇത്തവണ പരിശോധിക്കുന്നത്. അവരുടെ സംശയം ശരി വെക്കുന്ന രണ്ടു ഇന്‍ജക്ഷന്‍ പാടുകള്‍ നിതംബത്തില്‍ നിന്നും കണ്ടെത്തി. വളരെ ആഴത്തില്‍ എടുത്തിരിക്കുന്ന രണ്ട് ഇഞ്ചക്ഷനുകളുടെയും ശരീരഭാഗത്തില്‍ നിന്നും ടിഷ്യു സെലക്ട് ചെയ്ത് ഡോക്ടര്‍ വേര്‍തിരിച്ച് എടുക്കുകയും അതിനെ വിദഗ്ധ പരിശോധനക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് ഡെഡ്‌ബോഡി സംസ്‌ക്കരിക്കാന്‍ വിട്ടുകൊടുത്തു.

ലഭ്യമായ തെളിവുകള്‍ മുന്‍ നിര്‍ത്തി വീണ്ടും കെന്നത്തിനെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. അടുക്കളയില്‍ നിന്നും സിറിഞ്ചുകള്‍ കണ്ടെത്തിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ കെന്നത്ത് അത് സമ്മതിക്കുകയും നിര്‍ബന്ധിച്ചു ചെയ്യുന്നതല്ല എന്നും എലിസബത്തിന്റെ സമ്മതത്തോടുകൂടി മാത്രമാണ് ചെയ്തിരുന്നത് എന്നും പറഞ്ഞു. ഏത് മരുന്നാണ് ഉപയോഗിച്ചത് എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പ്രസവശേഷം ഉപയോഗിക്കുന്ന 'എര്‍ഗോമെട്രിന്‍' എന്ന മരുന്നിന്റെ പേരാണ് കെന്നത്ത് പറഞ്ഞത്. പ്രസവശേഷം ഈ മരുന്ന് ഉപയോഗിക്കുന്നത് അമിതമായ രക്തസ്രാവം തടയുന്നതിന് വേണ്ടിയാണ്. ഗര്‍ഭാശയത്തെ ചുരുക്കി കൊണ്ട് അമിതമായ രക്തസ്രാവം തടയുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് എര്‍ഗോമെട്രിന്‍. ആ മരുന്ന് ഗര്‍ഭിണിയായിരിക്കുന്നവര്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അബോര്‍ഷന്‍ലേക്ക് നയിക്കും. അതിനാല്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തു എന്ന് കെന്നത്ത് പറഞ്ഞു. ഇഞ്ചക്ഷന്‍ എടുത്തു എന്ന് കെന്നത്ത് പറഞ്ഞത് ശരിയാണ്. പക്ഷേ, അത് എര്‍ഗോമെട്രിന്‍ ആയിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ നിന്ന് തന്നെ നെയ്‌ലറിന് വ്യക്തമായി. കാരണം, എര്‍ഗോമെട്രിന്‍ എന്നു പറയുന്നത് ഒരു ഡ്രഗാണ്. അത്തരത്തിലുള്ള ഒരു ഡ്രഗ്ഗും യൂസ് ചെയ്തതായി ലാബ് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. സിറിഞ്ചില്‍ മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് റിപ്പോര്‍ട്ടുകളില്‍ റിഫ്‌ലക്റ്റ് ചെയ്യുക തന്നെ ചെയ്യും.

നിഗമനം 4 : ലാബിലെ റിപ്പോര്‍ട്ടുകളില്‍ കണ്ടുപിടിക്കാന്‍ ആകാത്ത ഒരു മരുന്നാണ് എലിസബത്തിന് ഉപയോഗിച്ചിട്ടുള്ളത് എന്ന നിഗൂഢ രഹസ്യം അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി. കെന്നത്ത് തന്നെയാണ് ഇതിന്റെ പിന്നിലുള്ളത് എന്ന് തുടര്‍ച്ചയായി നുണകള്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലൂടെ നെയ്‌ലര്‍ ഉറപ്പിക്കുകയും ചെയ്തു.

കണ്ടെത്തല്‍ : എര്‍ഗോമെട്രിന്‍ ഉപയോഗിച്ചിരുന്നു എങ്കില്‍, എലിസബത്ത് കാണിച്ചു എന്ന് പറയപ്പെടുന്ന മരണത്തിനു മുമ്പുള്ള ലക്ഷണങ്ങളായ അമിതമായ വിയര്‍ക്കല്‍, ക്ഷീണം, കൃഷ്ണമണിയുടെ വലിപ്പവ്യത്യാസം എന്നിവയൊന്നും ഉണ്ടാകില്ല. ഇതൊന്നും എര്‍ഗോമെട്രിന്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള ലക്ഷണങ്ങള്‍ അല്ല.

അവസാനഘട്ട അന്വേഷണത്തില്‍ ഉത്തരം ലഭിക്കേണ്ടത്: എന്തു മരുന്നായിരിക്കും ലാബ് ടെസ്റ്റുകള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്തത്? എന്തിനായിരുന്നു ഉപയോഗിച്ചിരുന്നത്?

എന്തായാലും ഇഞ്ചക്ഷന്‍ നടത്തി എന്നത് വരെയുള്ള കാര്യങ്ങള്‍ കെന്നത്ത് സമ്മതിച്ചു കഴിഞ്ഞു.

ഇഞ്ചക്ഷന് ശേഷം എലിസബത്ത് കാണിച്ച ലക്ഷണങ്ങളിലേക്ക് നയിക്കുന്ന എന്തൊക്കെയാണ് സാധ്യതകള്‍ എന്നും ഏതൊക്കെ മരുന്നുകള്‍ എന്നുമുള്ള ചര്‍ച്ചകള്‍ അദ്ദേഹം ഡോക്ടറുമായി നടത്തി. അങ്ങനെ അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ ഒന്ന് എലിസബത്തിന്റെ രക്തസമ്മര്‍ദം വളരെ താഴ്ന്നിരുന്നു എന്നതാണ്. ഹൈപ്പോഗ്ലൈസിമിയ എന്ന അവസ്ഥയിലേക്ക് ഉള്ള നിഗമനത്തില്‍ ഡോക്ടര്‍ എത്തിച്ചേര്‍ന്നിരുന്നു. ഡയബറ്റിക് പേഷ്യന്റ് അല്ലാത്ത എലിസബത്തിന് എങ്ങനെയാണ് പെട്ടെന്ന് രക്തസമ്മര്‍ദം താഴ്ന്നതും വിയര്‍ക്കല്‍, കൃഷിമണിയുടെ വികാസം, ക്ഷീണം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുകയും ചെയ്തത് എന്നതാണ് ഡോക്ടറിനെ ചിന്തിപ്പിച്ചതും അതിന് പുറകെ അദ്ദേഹം അതിന്റെ ചരിത്രം തേടി ഇറങ്ങുകയും ചെയ്തു. അതിനിടയില്‍ ആശുപത്രിയില്‍ ഡയബറ്റിക്ക് പേഷ്യന്‍സിന് ഇന്‍സുലിന്‍ കുത്തിവയ്ക്കുന്ന ജോലിയാണ് കെന്നത്തിന് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആ ഡിപാര്‍ട്ട്‌മെന്റിലെ മരുന്നുകളുടെ സ്റ്റോക്ക് കെന്നത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.

കെന്നത്തിനെ സംബന്ധിച്ചുള്ള പൊലീസിന്റെ ഈ കണ്ടുപിടിത്തവും ഡോ. ഡേവിഡിന്റെ നിഗമനവും ചേര്‍ത്ത് വായിച്ചപ്പോള്‍ ഇരുവരും ഒരേ ദിശയിലേക്ക് വിരല്‍ ചൂണ്ടി. പിന്നീട് അന്വേഷത്തിന്റെ വഴി നെയ്‌ലറിന് വ്യക്തമായിരുന്നു. മെഡിസിന്‍ രംഗത്തെ വിദഗ്ധരുമായുള്ള ചര്‍ച്ചകളിലൂടെ അതിവിദഗ്ധമായ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു. എലിസബത്ത് മരിച്ചതിന് കാരണം ഇന്‍സുലിന്‍ ഷോക്ക് എന്ന അവസ്ഥയാണ് എന്നവര്‍ തെളിവുകള്‍ സഹിതം സ്ഥിതീകരിച്ചു.

എന്താണ് ഇന്‍സുലിന്‍ ഷോക്ക്?

നമ്മുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് പാന്‍ക്രിയാസ് ആണ്. ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എത്തുന്ന ഗ്ലൂക്കോസിനെ വലിച്ചെടുക്കാന്‍ ഈ ഇന്‍സുലിന്‍ കരളിനും മസിലുകള്‍ക്കും നിര്‍ദേശം കൊടുക്കുന്നു. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി കൂടാനോ കുറയാനോ പാടില്ല. രണ്ടായാലും മരണമാണ് സംഭവിക്കുക. ഇതില്‍ ഇന്‍സുലിന്‍ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ ഇന്‍സുലിന്‍ ഷോക്ക്. ശരീരത്തിലേക്ക് എത്തിച്ചേര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാതീതമാകുമ്പോള്‍ പാന്‍ക്രിയാസ് ക്രമേണ ഇന്‍സുലിന്‍ ഉല്‍പാദനം കുറക്കുന്നു. അങ്ങനെ ബാലന്‍സ് ചെയ്യുന്നു. ഗ്ലൂക്കോസാണ് ശരീരത്തിന് എനര്‍ജി പ്രദാനം ചെയ്യുന്നതും ചിന്തിക്കാനും പ്രവൃത്തിക്കാനും തലച്ചോറിനേയും മറ്റെല്ലാ അവയവങ്ങളേയും സഹായിക്കുന്നതും. എന്നാല്‍, ഗ്ലൂക്കോസ് ശരീരത്തില്‍ മിതാവസ്ഥയില്‍ ഇരിക്കുമ്പോഴും നമ്മുടെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ അമിതമായി കുത്തിവെച്ച് കൊണ്ടിരുന്നാല്‍ ശരീരത്തില്‍ ബാക്കിയുള്ള ഗ്ലൂക്കോസ് കൂടി രക്തത്തില്‍ നിന്ന് വലിച്ചെടുക്കുകയും എലിസബത്തിനുണ്ടായ ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകുകയും ചെയ്യുന്നു. 50% ഗ്ലൂക്കോസ് കുറയുന്നതോടെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങുകയും ചുണ്ടുകള്‍ കോടി സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍, വീണ്ടും 25% കൂടി കുറയുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുകയും ഹൃദയ സ്പന്ദനം അനിയന്ത്രിതമായി ഉയര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു.

കാര്യങ്ങള്‍ ഇന്‍സ്‌പെക്ടര്‍ നെയിലറിന് വ്യക്തമായി. ശരിയായ രീതിയിലുള്ള തെളിവുകളോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കേസ് തള്ളി പോവുകയും കുറ്റവാളി രക്ഷപ്പെടുകയും ചെയ്യും. ഇന്‍സുലിന്‍ ഓവര്‍ഡോസില്‍ ഇതുവരെയും കൊലപാതകങ്ങള്‍ എവിടേയും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റെഫറന്‍സ് പോലും അസാധ്യമാണ്. 'ഇന്‍സുലിന്‍ ഓവര്‍ ഡോസില്‍ എലിസബത്തില്‍ കുത്തിവെച്ചു എന്ന് എങ്ങനെ തെളിയിക്കാം?' ഇത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിച്ചു. ഇന്നത്തെ കാലത്താണെങ്കില്‍ ഇതെല്ലാം നിസ്സാരമായി തെളിയിക്കാനുള്ള ശാസ്ത്രീയ വശങ്ങള്‍ ഒരുപാടുണ്ട്. അവിടെയും നെയിലര്‍ തന്റെ ബുദ്ധി പരീക്ഷിച്ചു. അദ്ദേഹം ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ ബന്ധപ്പെടുകയും അവരെപ്രകാരമാണ് ഇന്‍സുലിന്റെ അളവുകള്‍ പരീക്ഷിക്കുന്നത് എന്നെല്ലാം ചോദിച്ച് മനസ്സിലാക്കി. അങ്ങനെ അവര്‍ നടത്തുന്നത് ഗിനിപന്നികളിലാണ് എന്ന് മനസ്സിലാക്കിയ ഇന്‍സ്‌പെക്ടര്‍ മൃതശരീരത്തില്‍ നിന്നും ശേഖരിച്ച ടിഷ്യൂ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൈമാറി. കമ്പനി തങ്ങളുടെ രീതിയില്‍ മൃഗങ്ങളില്‍ അത് പരീക്ഷിച്ചു നോക്കുകയും അതിലെ ഓവര്‍ഡോസ് കണ്ടെത്തി റിപ്പോര്‍ട്ട് അയക്കുകയും ചെയ്തു.


അങ്ങനെ 1957 ഡിസംബര്‍ മാസത്തില്‍ ഈ കേസ് കോടതിയുടെ പരിഗണനയില്‍ വന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദമുഖങ്ങള്‍ എന്തൊക്കെ തന്നെ ഉണ്ടായിരുന്നിട്ടും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറച്ച വാദത്തില്‍ തന്നെ നില്‍ക്കുകയാണ് കെന്നത്ത്. കെന്നത്ത് അമിതമായ അളവില്‍ ഇന്‍സുലിന്‍ ബലം പ്രയോഗിച്ച് കുത്തിവെച്ച് ബോധക്ഷയം വരികയും തന്മൂലം എലിസബത്ത് ബാത്ത്ടബില്‍ മുങ്ങിമരിക്കുകയും ചെയ്തു എന്നുള്ളതാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. എന്നാല്‍, ഈ വിഷപ്രയോഗം കണ്ടുപിടിക്കാന്‍ കോടതിക്ക് ആവില്ല എന്നുള്ള ഉറച്ച ആത്മവിശ്വാസം കെന്നത്തിന് ഉണ്ടായിരുന്നു. കാരണം, ഇത്തരത്തില്‍ ഒരു മരണം എവിടെയും അതുവരേക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ഒരു മരണം നടക്കുമോ എന്നുള്ള സന്ദേഹം എങ്കിലും കോടതിക്ക് കാണുമായിരിക്കും എന്നുള്ള ഉറച്ച വിശ്വാസത്തില്‍ തന്നെ അടിയുറച്ചു നിന്നു.

പക്ഷേ, ഇവിടെ തിരിച്ചടിയായത് സാക്ഷിമൊഴികള്‍ ആയിരുന്നു.

സാക്ഷി 1: കെന്നത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ഹാരിസ് സ്റ്റോര്‍ക്ക്. ഇന്‍സുലിന്‍ ഉപയോഗിച്ച് ഒരു പെര്‍ഫെക്റ്റ് മരണം നടപ്പാക്കാന്‍ പറ്റുമെന്ന് പറഞ്ഞിരുന്നു. വളരെ പെട്ടെന്ന് രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഇന്‍സുലിന്‍ ടെസ്റ്റുകളില്‍ കണ്ടെത്താനാകില്ലെന്ന് പറഞ്ഞതായി ഹാരിസ് സ്റ്റോര്‍ക്ക്.

സാക്ഷി 2 : മെഡിക്കല്‍ സ്റ്റുഡന്റ് ജോണ്‍ വാട്ടര്‍ ഹൗസ് ആളുകളെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിച്ച് തന്നെ ആളുകളെ മരണപ്പെടുത്താനും കൊല്ലാനും സാധിക്കുമെന്ന് തന്നോട് ഒരിക്കല്‍ പറഞ്ഞതായി മൊഴി കൊടുത്തു.

സാക്ഷി 3: ഹോസ്പിറ്റല്‍ ഉടമസ്ഥ സിംസണ്‍. കെന്നത്തിന്റെ ജോലി ഡയബറ്റിക്ക് പേഷ്യന്‍സിന് ഇന്‍സുലിന്‍ കുത്തിവെക്കുന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ മെഡിസിന്‍ സ്റ്റോക്ക് എല്ലാം കെന്നത്തിന്റെ കൈവശമാണ് ഉണ്ടായിരുന്നത് എന്ന് മൊഴി രേഖപ്പെടുത്തി.

- അത്തരത്തിലുള്ള ഒരാള്‍ക്ക് വളരെ എളുപ്പം തന്നെ അതില്‍ നിന്നും ആവശ്യപ്രകാരം ഇന്‍സുലിന്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നതും ആണ് എന്ന് കോടതി കണ്ടെത്തി.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍:

ഇയാന് പുറമേ മറ്റൊരു കുഞ്ഞിനെ കൂടി നോക്കി വളര്‍ത്താനുള്ള സാമ്പത്തിക ശേഷി കെന്നത്തിന് ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ആ കുഞ്ഞിന്റെ വരവ് ഇയാന് സന്തോഷമായിരിക്കില്ല എന്നും അയാള്‍ ഭയപ്പെട്ടിരുന്നു. ഒരു നേഴ്‌സ് ആയതിനാല്‍ ഇരു ചെവി അറിയാതെ അബോര്‍ഷന്‍ നടത്താന്‍ പറ്റുമെന്ന് കരുതി. തന്റെ ആഗ്രഹം ഭാര്യയോട് പറഞ്ഞെങ്കിലും എലിസബത്ത് അബോര്‍ഷനെ എതിര്‍ത്തപ്പോള്‍ എലിസബത്തിനെ കൊന്നാല്‍ പ്രശ്‌നം തീരും എന്ന് അയാള്‍ കരുതി. യാതൊരു വിധത്തിലും തന്നിലേക്ക് നീളാത്ത മര്‍ഡര്‍ വെപ്പണ്‍ കെന്നത്ത് കണ്ടെത്തി. താന്‍ ദിവസവും കൈകാര്യം ചെയ്യുന്ന ഇന്‍സുലിന്‍ ആയിരുന്നു ആ സൈലന്റ് ടൂള്‍. അബോര്‍ഷനുള്ള എര്‍ഗോമെട്രിന്‍ ആണെന്ന് ഭാര്യയെ വിശ്വസിപ്പിച്ചും നിര്‍ബന്ധിച്ചും എലിസബത്തിന്റെ ശരീരത്തില്‍ കുത്തിവെച്ചത് ഓവര്‍ഡോസ് ഇന്‍സുലിന്‍ ആയിരുന്നു.

വിധിന്യായം:

അഞ്ചുദിവസം തുടര്‍ച്ചയായ വാദപ്രതിവാദങ്ങളിലൂടെ നിരത്തി വച്ചിരിക്കുന്ന തെളിവുകള്‍ കോടതി പരിശോധിച്ചു. പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും എലിസബത്തിന്റെ മരണം ഇന്‍സുലിന്റെ അധികപ്രസരം കൊണ്ടുതന്നെയാണെന്നും അത്തരത്തിലുള്ള ഇഞ്ചക്ഷന്‍ എലിസബത്തില്‍ കുത്തി വച്ചിട്ടുണ്ട് എന്നുമുള്ള കണ്ടെത്തലില്‍ കോടതി എത്തിച്ചേര്‍ന്നു. 27 വര്‍ഷത്തേക്ക് കെന്നത്തിന് ജയില്‍ ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചത്. അബോര്‍ഷന്‍ നടത്താന്‍ പ്രേരിപ്പിച്ചു എന്നും അതിന് സമ്മതിക്കാതെ വന്നപ്പോള്‍ കുഞ്ഞിനൊപ്പം തന്നെ അമ്മയെയും കൊല്ലാനുള്ള പക ഉണ്ടായി എന്നതുമായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവം നടന്ന രാത്രി ബലംപ്രയോഗിച്ച് ഇന്‍സുലിന്‍ കുത്തിവെക്കുകയോ അബോഷന്‍ നടത്താനുള്ള എര്‍ഗോമെട്രിന്‍ ആണെന്ന വ്യാജേന ഇന്‍സുലിന്‍ കുത്തിവെക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ഇതിന്റെ ഓവര്‍ ഡോസിലൂടെ കോമ സ്റ്റേജില്‍ എത്തിച്ചേര്‍ന്ന എലിസബത്തിനെ കെന്നത്ത് ബാത്ത് ടബില്‍ കിടത്തി വെള്ളം തുറന്നു വിട്ടു. വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന എലിസബത്തിന് പ്രതികരിക്കാനുള്ള ബോധമോ ശേഷിയോ അപ്പോള്‍ ഉണ്ടായിരുന്നില്ല. തന്‍മൂലം അബോധാവസ്ഥയില്‍ ശ്വാസംമുട്ടി മരിച്ചു. എളുപ്പത്തില്‍ രക്തത്തില്‍ ലയിച്ചു ചേരുന്ന ഇന്‍സുലിന്‍ ഉപയോഗിച്ചാല്‍ അത് ഒരു ലാബ് ടെസ്റ്റിലും കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നുള്ളതായിരുന്നു പ്രതിയുടെ ആത്മവിശ്വാസം. പക്ഷേ വ്യക്തമായ തെളിവുകളിലൂടെ വിദഗ്ധമായ പ്ലാനിംഗിലൂടെ നടന്ന കൊലപാതകം തെളിയിച്ചതിന് കോടതി പൊലീസിനെ പ്രത്യേകം അഭിനന്ദിച്ചു.

27 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 1983 ല്‍ തന്റെ 66 ആം വയസില്‍ ജയില്‍ മോചിതനായ ശേഷവും കെന്നത്ത് പത്രക്കാരോട് താന്‍ കൊലപാതകം ചെയ്തിട്ടില്ല എന്ന് ആവര്‍ത്തിച്ചു.

ലോകത്തില്‍ ആദ്യമായി തെളിയിക്കപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഇന്‍സുലിന്‍ മര്‍ഡര്‍ വെപ്പണ്‍ ആക്കിയ കൊലപാതകം ആയിരുന്നു നടന്നത്. നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് തന്നെ നമ്മുടെ ജീവന്‍ എടുക്കുന്നതിനും ഉപയോഗിക്കാമെന്ന് ഓര്‍മിപ്പിക്കുന്ന ഈ സംഭവം അത്രമേല്‍ ഞെട്ടലും ഭീതിയും ഉളവാക്കുന്നതാണ്.

Data & Images courtesy :

https://www.researchgate.net/publication/5588057_Kenneth_Barlow_The_first_documented_case_of_murder_by_insulin

https://www.ncbi.nlm.nih.gov/pmc/articles/PMC2235920/

https://www.nydailynews.com/news/crime/ny-insulin-murders-justice-story-20200130-u7shz2z2nvasfkqfjozt6e2pdq-story.html

https://murderpedia.org/male.B/b/barlow-kenneth.htm

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News