ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്തു; വരൻ അറസ്റ്റിൽ
സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്ത വരൻ അറസ്റ്റിൽ. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതാണ് കാരണം
സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്ത വരൻ അറസ്റ്റിൽ. കർണാടകയിലെ കോലാറിൽ കുരുഡുമാലെ ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരേ പന്തലിൽ സഹോദരിമാരായ ലളിതയെയും സുപ്രിയയെയും വിവാഹം ചെയ്ത് വരൻ ഉമാപതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതാണ് ഉമാപതിയുടെ അറസ്റ്റിൽ കലാശിച്ചത്.
ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹമാണ് ആദ്യം ഇരു കുടുംബങ്ങളുംതമ്മിൽ നിശ്ചയിച്ചത്. എന്നാൽ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന വധുവായ ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാൽ ലളിതയോടൊപ്പമായിരുന്നു സുപ്രിയ മുഴുവൻ സമയവും. ഈ ആത്മബന്ധം മൂലമാണ് ഉമാപതിയോട് സുപ്രിയയെ കൂടി വിവാഹം കഴിക്കാൻ ലളിത ആവശ്യപ്പെടുന്നത്.
ലളിതയുടെ ആവശ്യം വീട്ടിൽ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നൽകി. ശേഷം മെയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലിൽ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു. ഇതിനുപിന്നാലെ കല്യാണത്തിന്റെ വീഡിയോ വൈറലായതോടെ ഉമാപതിയെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ സമയം വധുവിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
അതേസമയം മറ്റൊരു കൗതുകപരമായ കാര്യം എന്തെന്ന് വെച്ചാൽ സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. റാണിയമ്മയെയും സുബ്ബമ്മയെയും, അതിൽ ഒരാൾ സംസാര ശേഷി ഇല്ലാത്തയാളും.