ഭൂമി തട്ടിയെടുക്കല്‍: സച്ചിന്റെ വീടിനു മുമ്പില്‍ നിരാഹാരമിരിക്കുമെന്ന് യുവാവ്
സച്ചിന്റെ വീടിനു മുമ്പില്‍ നിരാഹാരസമരം തുടങ്ങാന്‍ ഒരുങ്ങുകയാണ് യുവാവ്.
വന്‍കിട കമ്പനികള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പരസ്യ മോഡലാക്കാന്‍ കാരണം താരത്തിന്റെ പ്രതിഭ കണ്ടിട്ട് മാത്രമല്ല. സച്ചിനിലുള്ള വിശ്വാസവും താരത്തിന്റെ പ്രശസ്തിയുമൊക്കെയാണ് അതിന്റെ അടിസ്ഥാനം. എന്നാല്‍ 33 കാരനായ പൂനെ സ്വദേശി യുവാവിന് സച്ചിനുള്ള വിശ്വാസം ഏറെക്കുറെ നഷ്ടമായിരിക്കുന്നു. സച്ചിന്റെ വീടിനു മുമ്പില്‍ നിരാഹാരസമരം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്. ഈ മാസം 18 മുതല്‍ നിരാഹാരം തുടങ്ങും.
സന്ദീപ് ഖുറാഡേ എന്ന ലബോറട്ടറി ടെക്‌നീഷ്യനാണ് സമര പ്രഖ്യാപനവുമായി രംഗത്ത് വന്നത്. സന്ദീപിനെ ഇതിനു പ്രേരിപ്പിച്ചത്, സച്ചിന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന അമിത് എന്റര്‍പ്രൈസ് എന്ന കമ്പനി, തന്റെ കുടുംബ സ്വത്തായ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ച കത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് സന്ദീപ് വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപ ഖുറാഡേയുടെ പാരമ്പര്യ സ്വത്തായ ഭൂമി ബന്ധുവിനെ കബളിപ്പിച്ച് അമിത് എന്റര്‍പ്രൈസസ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. നാലു വര്‍ഷം മുമ്പാണ് ഭൂമി ഇടപാട് നടന്നത്. സന്ദീപിന്റെ അമ്മാവന്‍ ശിവാജി പിഞ്ചാന്‍ ഇടപെട്ടാണ് ഭൂമി അമിത് എന്റര്‍പ്രൈസസിന് കൈമാറിയത്. രണ്ടു കോടി രൂപ വില മതിക്കുന്ന ഭൂമി ഒന്നര കോടി രൂപക്കാണ് വിറ്റതെന്നും തനിക്ക് ലഭിച്ചത് വെറും 20 ലക്ഷം രൂപയാണെന്നും സന്ദീപ് പറയുന്നു. ഇതേത്തുടര്‍ന്നാണ് സച്ചിന്റെ വീടിനു മുമ്പില്‍ കുടുംബസമേതം നിരാഹാരസമരം ചെയ്ത് നീതിക്കായി പോരാടാന്‍ സന്ദീപ് തീരുമാനിച്ചത്. തന്റെ സമരം സച്ചിന് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും താരം തങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് പറയുന്നു.