ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 11 പ്രതികള്‍ക്ക് ജീവപര്യന്തം
12 പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവ് , ഒരു പ്രതിക്ക് പത്ത് വര്‍ഷം തടവ്
ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒരാള്‍ക്ക് പത്ത് വര്‍ഷവും, പന്ത്രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷവും തടവ് വിധിച്ചു. അഹമദാബാദിലെ പ്രത്യേക കോടതി ജഡ്ജ് പി ബി ദേശായിയാണ് വിധി പുറപ്പെടുവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. അതേസമയം വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സാകിയ ജഫ്രി പ്രതികരിച്ചു.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ 24 പേര്‍ക്കെതിരായ ശിക്ഷ വിധിയാണ് അഹമദാബാദിലെ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പതിനൊന്ന് പേര്‍ക്കാണ് ജിവപര്യന്തം തടവ്. അന്യായമായി സംഘം ചേരല്‍, കലാപം, തീവെപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 13 പ്രതികളില്‍ പന്ത്രണ്ട് പേര്‍ക്ക് 7 വര്‍ഷം വീതം തടവും, ഒരാള്‍ക്ക് പത്ത് വര്‍ഷം തടവും കോടതി വിധിച്ചു.
പൌര സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ് കൂട്ടക്കൊലദിനമെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് കോടതി പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ഇത് കൊലപാതക്കുറ്റം ചുമത്തപ്പെടാത്ത ബാക്കി പ്രതികള്‍ക്ക് നിസ്സാരമായ ശിക്ഷ ലഭിക്കുന്നതിനിടയാക്കി. വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നായിരുന്നു ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയടക്കമുള്ള ഇരകളുടെ പ്രതികരണം. വിധി ദുര്‍ബലമാണെന്ന് സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ് പറഞ്ഞു. കേസില്‍ അപ്പീല്‍ പോകുമെന്നും അവര്‍ പ്രതികരിച്ചു
2002 ഫെബ്രവരി 28 നാണ്, മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്സാന്‍ ജാഫ്രിയടക്കം 66 പേരെ കൊലക്ക് കാരണമായ കൂട്ടക്കൊല അരങ്ങേറിയത്. ആകെയുള്ള 66 പ്രതികളില്‍, ബിജെപി നേതാവ് ബിപിന്‍ പട്ടേലുള്‍പ്പെടേ 36 പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.