ബജറ്റ് 11 മണിക്ക് അവതരിപ്പിക്കുമെന്ന് ധനമന്ത്രി; പ്രതിഷേധവുമായി പ്രതിപക്ഷം

Update: 2018-03-24 00:20 GMT
ബജറ്റ് 11 മണിക്ക് അവതരിപ്പിക്കുമെന്ന് ധനമന്ത്രി; പ്രതിഷേധവുമായി പ്രതിപക്ഷം
Advertising

എന്ത് സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ കീഴ്​വഴക്കം തുടരണമെന്നും കേന്ദ്ര ധനമന്ത്രി

മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദ് മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. ബജറ്റ് അവതരണം നേരത്തെ തീരുമാനിച്ച പോലെ രാവിലെ 11 മണിക്ക് തന്നെ നടക്കും. എല്ലാവരും ബജറ്റിനായി കാതോര്ക്കൂ എന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. ലോക്‍സഭ സ്‍പീക്കര്‍ സ്പീക്കർ സുമിത്ര മഹാജനും രാഷ്ട്രപതിയും ബജറ്റ് അവതരണത്തിന് അനുമതി നല്കുകയായിരുന്നു.

ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് സ്പീക്കറോട് ശിപാർശ ചെയ്തിരുന്നു.

ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം. ബജറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് അവതരണ നീക്കം ഇ അഹമ്മദിനോടുള്ള അവഹേളനമെന്ന് സിപിഎം പറഞ്ഞു. ബജറ്റവതരണവുമായി മുന്നോട്ടുപോയാല്‍ പ്രതിഷേധിക്കുമെന്ന് പി കരുണാകരന്‍ എം പിയും ബജറ്റ് അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം ഇ അഹമ്മദിനോടുള്ള അനാദരവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും പ്രതികരിച്ചു. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത് ഇ അഹമ്മദിനോടുള്ള അനാദരവാകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിപ്രായപ്പെട്ടു.

എന്ത് സാഹചര്യം വന്നാലും ബജറ്റ് ​മാറ്റി വെക്കാറില്ലെന്നും ആ കീഴ്​വഴക്കം തുടരണമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ബജറ്റ് ​അവതരണവുമായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇനി അവതരണം മാറ്റി വെക്കുന്നത് ​ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ആദ്യം അനുശോചനയോഗം ചേര്‍ന്ന ശേഷം ബജറ്റ്​ അവതരണം നടത്താമെന്നാണ്​ ധനമന്ത്രി മുന്നോട്ട് വെക്കുന്ന നിര്‍ദേശം. അതിനായി അംഗീകാരം വാങ്ങുന്നതിനായി രാഷ്ട്രപതിയുമായി ജെയ്‍റ്റ്‍ലി ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റ് അവതരണത്തില് സമവായം തേടി മന്ത്രി വെങ്കയ്യ നായിഡു കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റ് അവതരണം മാറ്റിവെക്കുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൌഡയും പ്രതികരിച്ചു.

ലോക്‍സഭയുടെ കീഴ്‍വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിംഗ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. ഇത് പരിഗണിച്ചാൽ അഹമ്മദിന് ആദരവ് രേഖപ്പെടുത്തി ലോക്സഭ ഇന്നത്തേക്കു പിരിയണം. രാവിലെ അന്തരിച്ച എം പിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ പിരിയുകയും വൈകിട്ട് ബജറ്റ് അവതരിപ്പിക്കുകയും ചെയ്യാവുന്നതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്..

എന്നാല് ബജറ്റ് അവതരണം നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News