ഉത്തര്‍പ്രദേശില്‍ 404 എംഎല്‍എമാര്‍; 60 ശതമാനവും സഭയില്‍ മിണ്ടാറില്ല
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ പഠന ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് പരിതാപകരമായ ഈ വിവരമുള്ളത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം അംഗങ്ങളും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിക്കാത്തവര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ പഠന ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് പരിതാപകരമായ ഈ വിവരമുള്ളത്. നിയമസഭാ രേഖകളനുസരിച്ച് നിലവിലുള്ള അംഗങ്ങളില്‍ അറുപത് ശതമാനത്തോളം പേരും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒറ്റ ചോദ്യം പോലും ചോദിക്കാത്തവരാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ സംസ്ഥാന നിയമസഭയാണ് ഉത്തര്‍പ്രദേശ് നിയമസഭ. 404 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. നിയമസഭയുടെ വലിപ്പത്തില്‍ തൊട്ടു പിറകിലുള്ള പശ്ചിമബംഗാളില്‍ പോലും എം.എല്‍.എമാരുടെ എണ്ണം 300ല്‍ താഴെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യ വേദിയിലെ ഇപെടലുകളിലും നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിലുമൊക്കെ ഉത്തര്‍പ്രദേശിലെ എം.എല്‍.മാര്‍ ഏറ്റവും പിറകിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പതിനാറാം നിയമസഭയിലെ 232 എം.എല്‍.എമാര്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. 90 ശതമാനം ചോദ്യങ്ങളും ചോദിച്ചതാവട്ടെ വിരലിലെണ്ണാവുന്ന എം.എല്‍.എ മാരാണ്. അതില്‍ത്തന്നെ 1500ധികം ചോദ്യങ്ങള്‍ ചോദിച്ചത് വെറും മൂന്നു പേര്‍. ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളാണ് ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും.
229 അംഗങ്ങളുള്ള ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ ശരാശരിക്കണക്കനുസരിച്ച് ഒരു എം.എല്‍.എ 4 ചോദ്യം വീതം മാത്രമാണ് 5 വര്‍ഷത്തിനിടെ ചോദിച്ചിട്ടുള്ളത്. ഭൂരിഭാഗം സിറ്റിങ്ങ് എം.എല്‍.എമാരെയും നിലനിര്‍ത്തിക്കൊണ്ട് പുതിയ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുന്നതാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതിവെന്നതാണ് പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്‍റെ പഠന റിപ്പോര്‍ട്ടിന്‍റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.