കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ തീരപ്രദേശത്തേക്ക് വ്യാപിപ്പിച്ചു
തെരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നപ്പോഴും വിമാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭ്യമായില്ല.
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തീരപ്രദേശത്തേക്ക് വ്യാപിപ്പിച്ചു. തെരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നപ്പോഴും വിമാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭ്യമായില്ല. ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഇപ്പോള്‍ വ്യോമ-നാവികസേനകളുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും സംയുക്ത തിരച്ചില്‍ പുരോഗമിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ സമുദ്രോപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇത് കാണാതായ വിമാനത്തിന്‍റെ ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ 8.46ഓടുകൂടി ചെന്നൈ താംബരം വ്യോമസേനാ ആസ്ഥാനത്തിന് 151 മൈല്‍ ദൂരത്തായാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.