'ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം' -തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശവുമായി കെജ്രിവാള്‍

Update: 2018-05-14 16:29 GMT
Editor : Muhsina
'ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം' -തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശവുമായി കെജ്രിവാള്‍
Advertising

വികസിത രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ചതാണ് ഇലട്രോണിക്ക് വോട്ടിങ് യന്ത്രം. എന്നിട്ടും നാം അക്കാര്യം ചിന്തിക്കുന്നു പോലും ഇല്ല. എളുപ്പത്തില്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാവുന്നതാണ് ഇലക്രോണിക്ക് വോട്ടിങ് യന്ത്രമെന്ന് സുപ്രീംകോടതി പോലും..

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം തളളിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വികസിത രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ചതാണ് ഇലട്രോണിക്ക് വോട്ടിങ് യന്ത്രം. എന്നിട്ടും നാം അക്കാര്യം ചിന്തിക്കുന്നു പോലുമില്ല. എളുപ്പത്തില്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാവുന്നതാണ് ഇലക്രോണിക്ക് വോട്ടിങ് യന്ത്രമെന്ന് സുപ്രീംകോടതി പോലും പറഞ്ഞതാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അത്ഭുത വിജയത്തിന് പിന്നില്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണെന്നാരോപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയതിന് പിന്നാലെ നിരവധി നേതാക്കളും സമാന ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യമുന്നയിച്ച് അരവിന്ദ് കെജ്രിവാളും അജയ് മാക്കനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ഇരുവരുടെയും ആവശ്യം കമ്മീഷന്‍ തള്ളിയിരുന്നു.

'എളുപ്പത്തില്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാവുന്ന ഒന്നാണ് ഇലട്രോണിക്ക് വോട്ടിങ് യന്ത്രം. വികസിത രാജ്യങ്ങള്‍ പോലും ഇത് ഒഴിവാക്കിയതാണ്. എന്നിട്ടും നമ്മള്‍ അതേ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. അദ്വാനിയെപോലുള്ള ബിജെപി നേതാക്കള്‍ പോലും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. സുപ്രീം കോടതിയും ഇക്കാര്യം ശരിവച്ചതാണ്.' കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 22ന് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നടക്കുമെന്നും ഫലം 25ന് പ്രഖ്യാപിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെയും എഎപിയുടെയും കത്തിന് കമ്മീഷന്‍ നല്‍കിയ മറുപടി. വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് - എഎപി ആവശ്യത്തെ എതിര്‍ത്ത് ബിജെപിയും രംഗത്ത് വന്നിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News