പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി കേന്ദ്രം; കന്നുകാലി കശാപ്പ് നിരോധ വിജ്ഞാപനം പിന്‍വലിക്കും

Update: 2018-05-14 21:41 GMT
Editor : Sithara
പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി കേന്ദ്രം; കന്നുകാലി കശാപ്പ് നിരോധ വിജ്ഞാപനം പിന്‍വലിക്കും
Advertising

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഫയല്‍ വനം, പരിസ്ഥിതി മന്ത്രാലയം നിയമ വകുപ്പിന് കൈമാറി. എന്നാല്‍ കശാപ്പ് നിരോധം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് എന്ന് പുറത്തിറങ്ങുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

മെയ് 23നാണ് വനം, പരിസ്ഥിതി മന്ത്രാലയം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് കശാപ്പ് നിരോധ വിജ്ഞാപനം പുറത്തിറക്കിയത്. കന്നുകാലികളെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. വിജ്ഞാപന പ്രകാരം കാര്‍ഷികാവശ്യത്തിന് മാത്രമേ കന്നുകാലി ചന്തകള്‍ നടത്താന്‍ പാടുള്ളൂ.

കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയുണ്ടായി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ ഗോരക്ഷകര്‍ പശു സംരക്ഷണമെന്ന പേരില്‍ വ്യാപകമായ അക്രമവും അഴിച്ചുവിട്ടു.

ജൂലൈയില്‍ കശാപ്പ് നിരോധ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. അതിശക്തമായ എതിര്‍പ്പിന്‍റെ പശ്ചാത്തലത്തിലാണ് കശാപ്പ് നിരോധ വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News