ബിജെപിക്ക് മുന്നറിയിപ്പ്; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് ദലിതര്‍
അടുത്തിടെ വരെ ജാതീയതയുടെ ഇരകളായിരുന്നെങ്കിലും പ്രതിഷേധിക്കാതെ എല്ലാം സഹിക്കുകയായിരുന്നു ഗുജറാത്തിലെ ദലിതര്‍.
അടുത്തിടെ വരെ ജാതീയതയുടെ ഇരകളായിരുന്നെങ്കിലും പ്രതിഷേധിക്കാതെ എല്ലാം സഹിക്കുകയായിരുന്നു ഗുജറാത്തിലെ ദലിതര്‍. എന്നാല്‍ ഇന്ന് ഗുജറാത്തിലെ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ ദലിതരുടെ കൂട്ടായ്മയും ശക്തിയും കണ്ടുതുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ശക്തി പ്രകടനം ബിജെപിക്കൊരു കരുത്തുറ്റ താക്കീത് കൂടിയാണ്.
ഇന്ന് ആയിരക്കണക്കിന് ദലിതരാണ് ഗുജറാത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. 2017 തെരഞ്ഞെടുപ്പില്‍ ദലിതരുടെ ശക്തിയെന്താണെന്ന് മുഖ്യ പാര്‍ട്ടിയായ ബിജെപി അറിയുമെന്ന് ദലിത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെ പിടിച്ചുകെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആയിരക്കണക്കിന് ദലിതരെ അണിനിരത്തി ഉന നഗരത്തിലേക്ക് വമ്പന്‍ മാര്‍ച്ച് നടത്താനും പദ്ധതിയിടുന്നുണ്ട്. ജൂലൈ 11 ന് പശുത്തോല്‍ കടത്തുന്നുവെന്ന് ആരോപിച്ച് ദലിത് സംഘത്തെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തോടെയാണ് ദലിതര്‍ ഉണര്‍ന്നത്. ആഗസ്റ്റ് അഞ്ചിനാണ് സംഭവസ്ഥലമായ ഉനയിലേക്ക് ദലിതര്‍ ശക്തി പ്രകടനം നടത്തുക.
പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഇനി മുതല്‍ സംസ്ഥാനത്ത് ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പണിയെടുക്കില്ലെന്ന് ദലിതര്‍ പ്രഖ്യാപിച്ചിരുന്നു. പശുവിനെ ഗോമാതാവായി കാണുന്നവര്‍ തന്നെ ഈ പണിയെടുക്കട്ടേയെന്നായിരുന്നു ദലിത് സംഘത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം അലയടിച്ചുതുടങ്ങിയത്. ഇതിനു പുറമെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ദലിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദലിതര്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനിയും തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തിയെന്താണെന്ന് ബിജെപി അറിയുമെന്നും ദലിത് നേതാവ് ജിഗ്നേഷ് മേവാനി മുന്നറിയിപ്പ് നല്‍കി.