കോണ്‍ഗ്രസിന് തിരിച്ചടിയായി വിവിധ സംസ്ഥാനങ്ങളില്‍ വിമത ഭീഷണി

Update: 2018-05-26 12:39 GMT
Editor : admin
കോണ്‍ഗ്രസിന് തിരിച്ചടിയായി വിവിധ സംസ്ഥാനങ്ങളില്‍ വിമത ഭീഷണി
Advertising

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അഴിച്ചുപണിയാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമതശല്യം തലവേദനയായിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ വിമത ഭീഷണി കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. ത്രുപുരയില്‍ ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഛത്തീസ്ഗഡില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് പിന്തുണയുമായി നാല് എംഎല്‍എമാര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അഴിച്ചുപണിയാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമതശല്യം തലവേദനയായിരിക്കുന്നത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ദേശീയതലത്തില്‍ സംഘടന സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനാക്കി കോണ്‍ഗ്രസ് അഴിച്ച് പണിക്കൊരുങ്ങുന്നത്. പക്ഷെ സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ സംഘടന സംവിധാനങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് കളിയും അധികാര വടംവലിയും മൂലം അരുണാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും, മേഘാലയിലുമെല്ലാം നിരവധി എംഎല്‍എമാര്‍ മറുകണ്ടം ചാടിയതിന് പിന്നാലെ തൃപുരയിലും ഛത്തീസ്ഗഡിലും നിരവധി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. തൃപുരയില്‍ ആകെയുള്ള 10 എംഎല്‍എമാരില്‍ ആറ് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരാള്‍ സിപിഎമ്മിലും. ഇതോടെ 18 വര്‍ഷത്തോളമായി സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമെന്ന പദവി പോലും പാര്‍ട്ടിക്ക് നഷ്ടമായി.

ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. പ്രഖ്യാപന സമ്മേളനത്തില്‍ പിന്തുണ അര്‍പ്പിച്ച് നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് എത്തിയത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എതിരാളി ആയി ഉയരാനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്കാണ് അജിത് ജോഗിയുടെ പുതിയ പാര്‍ട്ടി മങ്ങലേല്‍പ്പിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News