മോദിക്ക് വലിയ നെഞ്ചും ചെറിയ മനസ്സുമെന്ന് രാഹുല്‍
നോട്ട് നിരോധം എന്നാല്‍ മോദീ നിര്‍മ്മിത ദുരന്തമാണെന്നും നികുതി ഭീകരതയുടെ സുനാമിയാണ് ജിഎസ്ടിയെന്നും രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ കള്ളന്‍മാരായാണ് പ്രധാനമന്ത്രി ചിത്രീകരിക്കുന്നത്. വലിയ നെഞ്ചും ചെറിയ മനസ്സുമാണ് പ്രധാനമന്ത്രിയുടേതെന്നും രാഹുല്‍ പറഞ്ഞു. നോട്ട്നിരോധം, ജിഎസ്ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് രാഹുലിന്‍റെ വിമര്‍ശം.
ഡല്‍ഹിയില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. നോട്ട് നിരോധം എന്നാല്‍ മോദീ നിര്‍മ്മിത ദുരന്തമാണെന്നും നികുതി ഭീകരതയുടെ സുനാമിയാണ് ജിഎസ്ടിയെന്നും രാഹുല്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് മോദീ സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതായെന്ന് പറഞ്ഞ രാഹുല്‍, താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങളെയും വിമര്‍ശിച്ചു. താജ് ആര് നിര്‍മ്മിച്ചു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ ലോകം നമ്മെ നോക്കി ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.