കോണ്‍ഗ്രസില്‍ അഴിച്ചുപണി: ഗുലാം നബിയും കമല്‍നാഥും ജനറല്‍ സെക്രട്ടറിമാര്‍
ഗുലാം നബി ആസാദിനെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയോഗിച്ചു. പഞ്ചാബിന്‍റെ ചുമതല നല്‍കി കമല്‍നാഥിനെയും ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്.
ഗുലാം നബി ആസാദിനെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയോഗിച്ചു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. ഇതോടെ രാജ്യസഭ പ്രതിപക്ഷ സ്ഥാനത്ത് ഗുലാം നബി ആസാദിന് പകരം പി ചിദംബരത്തെ കൊണ്ട് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബിന്‍റെ ചുമതല നല്‍കി കമല്‍നാഥിനെയും ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ദേശീയ അധ്യക്ഷനാകുന്നതിന് മുന്നോടിയായി മുതിര്‍ന്ന നേക്കാളെ മാറ്റി യുവ നേതാക്കളെ എഐസിസി ജനറല്‍ സെക്രട്ടറിമാരാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രണ്ട് മുതിര്‍ന്ന നേതാക്കളെ ജനറല്‍ സെക്രട്ടറിമാരാക്കി നിര്‍ണ്ണായകമായ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. യുപി ചുമതലയുള്ള ജനറല്‍സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയെ മാറ്റിയാണ് നിയമനം. യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കാന്‍ ഗുലാം നബി രാജ്യസഭ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറും. പകരം പി ചിദംബരം പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.
കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. തെരഞ്ഞെടുപ്പിന് മുന്നോടിയായ പഞ്ചാബിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് കമല്‍നാഥിനെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്. എന്നാല്‍ സിഖ് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം പേറുന്ന കമല്‍നാഥിന് പഞ്ചാബിന്‍റെ ചുമതല നല്‍കിയതിനെതിരെ ആം ആദ്മി പാര്‍ട്ടിയും ആകാലിദളും രംഗത്തെത്തി. പഞ്ചാബിലെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും നിയമനത്തില്‍ അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.