2019ല്‍ വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം
ബിജെപിക്കെതിരെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കും: രാജ്യം ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങിപ്പോകണം
2019ല്‍ വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. സമാന മനസ്കരുമായി പൊതു പ്രവര്‍ത്തന പരിപാടി ഉണ്ടാക്കി നീങ്ങുമെന്ന് കോണ്‍ഗ്രസ് പ്ലീനറിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നുവെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ രാജ്യം ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങിപ്പോകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു
രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയില്‍ ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തുന്നതാണ് 84ആമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം. 2019 ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് അജണ്ടയെ പരാജയപ്പെടുത്താന്‍ സമാന മനസ്കരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രമേയം പറയുന്നു.
പ്രതിപക്ഷ ഐക്യ നീക്കത്തിനായി പൊതു പ്രവര്‍ത്തന പരിപാടി ഉണ്ടാകാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കും. ലോക്‍സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര നീക്കം അംഗീകരിക്കാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ബലപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സുതാര്യമാക്കാന്‍ പഴയ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ആന്ധ്രാ പ്രദേശത്തിന് പ്രത്യേകം പദവി അനുവദിക്കണം. റാഫേല്‍ വിമാനകരാറില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന നടപടി അപലപനീയമാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.