വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ച പട്ടി ബിരിയാണി കള്ളകഥ; യുവാവ് അറസ്റ്റില്‍
ബിരിയാണിയില്‍ പട്ടി ഇറച്ചി ഉപയോഗിക്കുന്നതായി വാര്‍ത്ത പരന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും.....
ഹൈദരാബാദിലെ ഒരു ഹോട്ടില്‍ പട്ടി ബിരിയാണി നല്‍കുന്നതായി വാട്ട്സ് ആപ്പിലുടെ പ്രചരിപ്പിക്കപ്പെട്ടത് കള്ളക്കഥയാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട കോളെജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിയാണിയില്‍ പട്ടി ഇറച്ചി ഉപയോഗിക്കുന്നതായി വാര്‍ത്ത പരന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 14 നായിരുന്നു സംഭവം. വാട്ട്സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്ത ഏറ്റുപിടിച്ച ചില ചാനലുകളും ഇത് ഏറ്റെടുത്തിരുന്നു. ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണ വസ്തുക്കളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ കുഴപ്പമൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം നടത്തിയ പരിശോധനയിലാണ് വലഭോജു ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ഥി അറസ്റ്റിലായത്.
ചന്ദ്രമോഹന്‍റെ സുഹൃത്തുക്കള്‍ പതിവായി പോകുന്ന ബിരിയാണി പോയിന്‍റിനെതിരായിരുന്നു വാട്ട്സ് ആപ് സന്ദേശം. തന്‍റെ ഫോണില്‍ വാട്ട്സ് ആപ്പിലൂടെ ലഭിച്ച ഫോട്ടോ സഹിതമുള്ള സന്ദേശം ഇയാള്‍ സൂഹൃത്തുക്കള്‍ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കൂട്ടുകാരെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെങ്കിലും അവിചാരിതമായി ഇത് വൈറലായി മാറുകയായിരുന്നു.