ഗോവധ നിരോധം കാരണം പശുക്കളെ വില്‍ക്കാനാകുന്നില്ല; മകളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നാട്

Update: 2018-06-03 09:00 GMT
Editor : admin
ഗോവധ നിരോധം കാരണം പശുക്കളെ വില്‍ക്കാനാകുന്നില്ല; മകളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നാട്
Advertising

വരള്‍ച്ച നെഞ്ച് പിളര്‍ത്തിയ മഹാരാഷ്ട്രയില്‍, സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധന നിയമത്തിന്റെ ബലിയാടാവുകയാണ് ഒരുപറ്റം ഗ്രാമീണ സ്ത്രീകള്‍.

വരള്‍ച്ച നെഞ്ച് പിളര്‍ത്തിയ മഹാരാഷ്ട്രയില്‍, സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധന നിയമത്തിന്റെ ബലിയാടാവുകയാണ് ഒരുപറ്റം ഗ്രാമീണ കുടുംബങ്ങള്‍. അതികഠിനമായ വരള്‍ച്ചയും ജലക്ഷാമവും നേരിടുന്ന മഹാരാഷ്ട്രയില്‍ കൂനിന്മേല്‍ കുരു എന്നവണ്ണം കര്‍ഷക കുടുംബങ്ങളുടെ കണ്ണീരിന് കാരണമാകുകയാണ് ഗോവധ നിരോധം. പശുക്കളെ വില്‍ക്കാന്‍ കഴിയാതെ വന്നതോടെ ദാരിദ്ര്യം രൂക്ഷമായി. ഇതോടെ ഇന്ത്യയില്‍ നിരോധിച്ച ദേവദാസി സമ്പ്രദായം പിന്തുടരാന്‍ നിര്‍ബന്ധിതരാകുകയാണ് ഇവിടുത്തെ സ്ത്രീകള്‍. വരുമാനം വഴിമുട്ടിയതോടെ സ്വന്തം പെണ്‍മക്കളെ ദേവദാസികളായി വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് മറാത്ത ഗ്രാമങ്ങളിലെ കര്‍ഷകര്‍. മനുഷ്യന്‍ പട്ടിണി കിടക്കുമ്പോഴും മോദി സര്‍ക്കാര്‍ മുറുകെ പിടിക്കുന്ന മനുഷ്യത്വരഹിതമായ നയങ്ങളെ ഇവര്‍ ശപിക്കുകയാണ്.

'വളരെയധികം നന്ദിയുണ്ട്, ഗോവധ നിരോധം നടപ്പാക്കിയതില്‍. ഇപ്പോള്‍ ആര്‍ക്കും പശുക്കളെ വേണ്ട. ആരും പശുക്കളെ വാങ്ങാന്‍ തയാറാകുന്നില്ല. ദാരിദ്ര്യം കാല്‍ച്ചുവട്ടില്‍ തീകുണ്ഡം തീര്‍ത്തുകഴിഞ്ഞു. പശുക്കളെ വില്‍ക്കാന്‍ കഴിയാതെ വന്നതോടെ എനിക്ക് എന്റെ സ്വന്തം മകള്‍ കാവേരിയെ വില്‍ക്കേണ്ടി വന്നു' - പട്ടിണി സഹിക്കാന്‍ വയ്യാതെ സ്വന്തം മകളെ ദേവദാസി സമ്പ്രദായത്തിനു വിറ്റുകളയേണ്ടി വന്ന കമാലിഭായി എന്ന മറാത്തക്കാരിയായ അമ്മയുടെ വാക്കുകളാണിത്. കീഴ്‍ജാതിക്കാരായ പെണ്‍കുട്ടികളെ അടിമകളാക്കാനും വേശ്യവൃത്തിക്ക് അലങ്കാരം ചാര്‍ത്താനും വേണ്ടി മേല്‍ജാതിക്കാര്‍ സൃഷ്ടിച്ചതാണ് ദേവദാസി സമ്പ്രദായം. ദേവദാസിമാരാകാന്‍ നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികള്‍ പിന്നീട് സമ്പന്നരുടെ അടിമകളായോ വേശ്യകളായോ മാറുകയാണ് ചെയ്യപ്പെടുക. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നതോടെ ഉപജീവനത്തിന് യാചകവേഷം കേട്ടേണ്ടി വരുന്നവരാണ് ദേവദാസികള്‍. മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, സെല്‍ഫി വിത്ത് മോദി പ്രചരണങ്ങള്‍ക്ക് വന്‍പ്രാധാന്യം നല്‍കുന്ന കാലത്താണ് നഗ്നമായ മാംസക്കച്ചവടത്തിലേക്ക് നിരാലംബരായ കര്‍ഷകര്‍ക്ക് തിരിയേണ്ടിവരുന്നത്. 1984 മുതല്‍ ദേവദാസി സമ്പ്രദായം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കൂടിയും മറാത്താ ഗ്രാമങ്ങളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ ദേവദാസികളാക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News