ഡ്രോണിനെ കണ്ടെന്ന് പൈലറ്റ്: ഡല്‍ഹി വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടാനും വൈകി.
ആകാശത്ത് ഡ്രോണിന്‍റെ സാന്നിധ്യം കണ്ടെന്ന് പൈലറ്റ് പറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടാനും വൈകി.
രാത്രി 7.10ന് ഗോവയില്‍ നിന്നെത്തിയ എയര്‍ ഏഷ്യാ വിമാനത്തിന്‍റെ പൈലറ്റാണ് ആകാശത്ത് ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ സിഐഎസ്എഫ്, ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂന്ന് റണ്‍വേകളും ഉടന്‍ തന്നെ അടച്ചു.
എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ലഖ്‌നൗവിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു. ഗോ എയറിന്റേയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റേയും ഓരോ വിമാനങ്ങള്‍ ജയ്പുരിലേക്ക് അയച്ചെങ്കിലും പിന്നീട് ഡല്‍ഹിയില്‍ തന്നെ ഇറക്കി. 7.55ഓടെയാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. ഡ്രോണിന്‍റെ സാന്നിധ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.