ഇടക്കാല തെരഞ്ഞെടുപ്പിന് ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍
ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ ബീഹാര്‍, ഉത്തര്‍പ്രദേശിലും ഒരുമിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തട്ടെ. ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല
ബീഹാറിലും ഉത്തര്‍പ്രദേശിലും ഒരുമിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് താന്‍ ഒരുക്കമാണെന്നും നിതീഷ് പറഞ്ഞു. കര്‍ഷകരുടെ നിലവിലുള്ള ദുരിതത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്രത്തിന് ഒളിച്ചോടാനാകില്ല. കേന്ദ്രത്തിന്‍റെ നയങ്ങള്‍ മാത്രമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്നും നിതീഷ് ആരോപിച്ചു.
ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ ബീഹാര്‍, ഉത്തര്‍പ്രദേശിലും ഒരുമിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തട്ടെ. ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. നാളെ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ഒരുക്കമാണെങ്കിലും ഞാന്‍ തയ്യാറാണ്. ഇരു സംസ്ഥാനങ്ങളിലെയും എന്‍ഡിഎ ജയിച്ച പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ കൂടി ഇടക്കാല തെരഞ്ഞെടുപ്പ് ഒപ്പം നടക്കണമെന്ന് മാത്രം - ബീഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ കടുത്ത ദുരതത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അവരോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ച് വരുന്നതെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയില്ലെന്നതാണ് യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. അടിസ്ഥാന താങ്ങുവില പോലും നടപ്പിലാക്കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. വായ്പ എഴുതിതള്ളല്‍ മാത്രമല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പോംവഴി. കാര്യങ്ങള്‍ ഇത്തരത്തില്‍ പുരോഗമിക്കുകയാണെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഇരട്ടിക്കാനാണ് സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.