ജിഎസ്‍ടി ബിസിനസ് തകര്‍ത്തു; ഇത്തവണ വോട്ട് കോണ്‍ഗ്രസിനെന്ന് ഒരു വിഭാഗം വ്യാപാരികള്‍
യാതൊരു മുന്‍കരുതലുകളുമില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് സാധാരണ ലഭിക്കുന്ന കച്ചടവത്തിന്‍റെ 50 ശതമാനവും ഇല്ലാതാക്കിയെന്ന് അഹമ്മദാബാദിലെ ഹോള്‍സെയില്‍ വസ്ത്ര വ്യാപാരികള്‍
യാതൊരു മുന്‍കരുതലുകളുമില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് സാധാരണ ലഭിക്കുന്ന കച്ചടവത്തിന്‍റെ 50 ശതമാനവും ഇല്ലാതാക്കിയെന്ന് അഹമ്മദാബാദിലെ ഹോള്‍സെയില്‍ വസ്ത്ര വ്യാപാരികള്‍. ഇത്രയും കാലം ബിജെപിക്ക് വോട്ട് ചെയ്ത തങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് അനീതിയാണെന്നും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ചില വ്യാപാരികള്‍ മീഡിയവണിനോട് പറഞ്ഞു.
അഹ്മദാബാദിലെ പ്രശസ്തമായ ഗീഖാട്ട മാര്‍ക്കറ്റാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന നൂറിലധികം ഹോള്‍സെയില്‍ കടകളുണ്ടിവിടെ. ആശിശ് എന്ന ചെറുപ്പക്കാരന്‍ 10 വര്‍ഷമായി ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആശിശ് ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ജിഎസ്ടി തന്നെ.
"ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കാരണം ജിഎസ്ടി തന്നെ. ഒരു പുരോഗതിയും കാണുന്നില്ല. ദിവസം കഴിയും തോറും കാര്യങ്ങള്‍ മോശമാവുകയാണ്. ഞങ്ങള്‍ സാധനം കൊടുത്തിരുന്നത് അംസഘടിത മേഖലയിലാണ്. ജിഎസ്ടി വന്നതോടെ അവിടെ രജിസ്ട്രേഷന്‍ പ്രശ്നം വന്നു. അവരുടെ ബിസിനസ്സ് കുറഞ്ഞു. ഇതോടെ ഞങ്ങള്‍ക്കും തിരിച്ചടിയായി", ആശിശ് പറഞ്ഞു.
ദീപാവലിക്ക് ശേഷം കച്ചവടം ഏതാണ്ട് നിലച്ച മട്ടാണ്. കച്ചവടം സാധാരണ നടക്കുന്നതിന്റെ പകുതിയായി കുറഞ്ഞു. കാലക്രമേണ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പറയുന്നുണ്ടെങ്കില്‍ അതിന്റെ സൂചനകളൊന്നും കാണുന്നില്ലെന്നും ഇവര്‍ പറയുന്നു.