സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
പാസ്പോര്‍ട്ട് പുതുക്കാന്‍ വന്ന മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന് മന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം.
പാസ്പോര്‍ട്ട് പുതുക്കാന്‍ വന്ന മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത മന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. "ജൂണ്‍ 17 മുതല്‍ 23 വരെ ഞാന്‍ നാട്ടിലില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തായാലും ചില ട്വീറ്റുകളിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്", സുഷമ സ്വരാജ് പറഞ്ഞു.
ലക്നൌവില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ചെന്ന അനസ് സിദ്ദിഖി - തന്‍വി സേഥ് ദമ്പതികളോട് മതംമാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെതിരെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. പാസ്പോര്‍ട്ട് പുതുക്കിനല്‍കണമെങ്കില്‍ അനസ് സിദ്ദിഖി ഹിന്ദുമതം സ്വീകരിക്കണമെന്നാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര പറഞ്ഞത്. ഇക്കാര്യം ദമ്പതികള്‍ ട്വീറ്റിലൂടെ സുഷമ സ്വരാജിനെ അറിയിച്ചതോടെ സംഭവം പുറത്തായി. പ്രതിഷേധം ശക്തമായതോടെ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
ഇതോടെയാണ് തീവ്ര ഹിന്ദുവാദികള്‍ സുഷമ സ്വരാജിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഉദ്യോഗസ്ഥനെതിരായ നടപടി പക്ഷപാതപരമാണെന്നും ഇസ്‍ലാം അനുകൂല നിലപാടാണ് മന്ത്രിയുടേതെന്നുമാണ് ഇവരുടെ അധിക്ഷേപം. സുഷമാ സ്വരാജ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും മന്ത്രിയെ പുറത്താക്കണമെന്നും ചിലര്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് നീതി ലഭിക്കണമെന്ന് ആര്‍എസ്എസ് വക്താവ് രാജീവ് തുളി ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.