ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടന്ന അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു 

മധ്യപ്രദേശ്, ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപ്പന്‍നഗര്‍ റയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്

Update: 2018-06-25 04:00 GMT
Advertising

ആത്മഹത്യ ചെയ്യാനായി റയില്‍വേ ട്രാക്കില്‍ കിടന്ന അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. പാളങ്ങള്‍ക്കിടയില്‍ കിടന്ന ഇവരുടെ മുകളിലൂടെ ട്രയിന്‍ പാഞ്ഞുപോയെങ്കിലും നിസാര പരിക്കുകള്‍ പോലും ഉണ്ടായില്ല. മധ്യപ്രദേശ്, ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപ്പന്‍നഗര്‍ റയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കാശി എക്സ്പ്രസില് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന താബുസം എന്ന യുവതിയാണ് ജീവനൊടുക്കാനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ട്രാക്കില്‍ കിടന്നത്. എന്നാല്‍ ആ സമയം വന്ന പുഷ്പക് എക്സപ്രസ് ഒരു പോറലുമേല്‍പ്പിക്കാതെ ഇരുവരുടെയും മുകളിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് കാന്ദ്‍വ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ എസ്.കെ ഗുര്‍ജ്ജാര്‍ പറഞ്ഞു. യുവതിക്കും കുഞ്ഞിനും പരിക്കൊന്നുമുണ്ടായില്ലെങ്കിലും അവിടെകൂടിയുണ്ടായിരുന്ന ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ആത്മഹത്യക്കൊരുങ്ങിയതെന്നായിരുന്നു ചോദ്യം ചെയ്യലില്‍ യുവതിയുടെ വെളിപ്പെടുത്തല്‍. മുംബൈയിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. രണ്ടാനമ്മയാണ് തന്നെ സാജിദ് എന്നയാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തതെന്നും ഗര്‍ഭിണിയായപ്പോള്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോള്‍ വനിതാ ശിശു വിഭാഗത്തിന്റെ കീഴിലുള്ള സഖി സെന്ററിന്റെ സംരക്ഷണയിലാണ്. തിങ്കളാഴ്ച മുംബൈയിലുള്ള യുവതിയുടെ ബന്ധുക്കളെത്തുമെന്നും ഗുര്‍ജാര്‍ വ്യക്തമാക്കി.

Tags:    

Similar News