‘നിലംതൊട്ടപ്പോൾ ആകാശംമുട്ടെ നഷ്ടം’;വ്യാജ ബോംബ്ഭീഷണികളിൽ വിമാനക്കമ്പനികൾക്ക് നഷ്ടമായത് 600 കോടി
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 200 ഓളം വിമാനസർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ബാധിച്ചത്
ന്യൂഡൽഹി:കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തിന് തന്നെ വലിയ ഭീഷണിയുണ്ടാക്കിയതായിരുന്നു വിമാനങ്ങൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികൾ. യാത്രക്കാരെയും സുരക്ഷാസംവിധാനങ്ങളെയും വിമാനക്കമ്പനികളെയും ഭീഷണി സന്ദേശങ്ങൾ ചുറ്റിച്ചത് ചില്ലറയല്ല. ഇപ്പോഴിതാ വ്യാജബോംബ് ഭീഷണികൾ വിമാനക്കമ്പനികൾക്ക് വൻസാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പുറത്തുവന്ന കണക്കുകൾ പറയുന്നത്. വ്യാജബോംബ് ഭീഷണികളെത്തുടർന്ന് വിമാനങ്ങൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യേണ്ടിവന്നതിനാൽ വിമാനക്കമ്പനികൾക്ക് 600 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 200 ഓളം വിമാനസർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ബാധിച്ചത്. ബോംബ് ഭീഷണിയെ തുടർന്ന് നിരവധി വിമാനസർവീസുകൾ വഴിതിരിച്ചുവിടുകയും വിമാന ഷെഡ്യൂളുകളെ ബാധിക്കുകയും ചെയ്തതോടെയാണ് വിമാനക്കമ്പനികൾക്ക് 600 കോടി രൂപയുടെ നഷ്ടം ഉണ്ടായതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വിമാനങ്ങൾ വൈകുന്നതിനൊപ്പം വഴിതിരിച്ചുവിടുന്നതും മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി ഇറക്കുന്നതും വിവിധ അധികച്ചെലവുകളുണ്ടാക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഫ്ലൈറ്റ് വഴിതിരിച്ചുവിടുന്ന സന്ദർഭങ്ങളിൽ ഷെഡ്യൂൾ ചെയ്ത ലക്ഷ്യസ്ഥാനത്തിന് പകരം വിമാനം അടുത്തുള്ള വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിവരും. ഇത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുന്നു.
വിമാനം വീണ്ടും പൂർണമായി പരിശോധിക്കുന്നതിനും യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യമൊരുക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടിവരും.ഇതിന് പുറമെ വിമാനം അടിയന്തര ലാൻഡിങ് നടത്തുമ്പോൾ ബന്ധപ്പെട്ട വിമാനത്താവളത്തിന് ഭീമമായ തുക പാർക്കിങ് ചാർജായും നൽകണം. ഓരോ തവണ വിമാനം വഴിതിരിച്ചുവിടുന്നത് മൂലം 13 മുതൽ 17 ലക്ഷം രൂപ വരെ അധിക ചെലവുണ്ടാകുന്നുവെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദൂരം, ഇന്ധനം, യാത്രക്കാർ, ലഗേജുകൾ, എയർപോർട്ട് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ചെലവുകൾ കൂടുകുയും കുറയുകയും ചെയ്യാം. ഓരോ വഴിതിരിച്ചുവിടലിനും വരുന്ന ചെലവ് കൃത്യമായി കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു ആഭ്യന്തരവിമാന സർവീസ് വഴിതിരിച്ചുവിടുന്നതോടെ മണിക്കൂറിന് 13 മുതൽ 17 ലക്ഷം രൂപവരെ ചെലവാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഇതിന്റെ മൂന്നോ അഞ്ചോ ഇരട്ടിയാകുമെന്ന് വ്യോമയാന വിദഗ്ധൻ പറഞ്ഞതായി ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ടുള്ള ചെലവുകൾ മാത്രമാണിത്. ഇതിന് പുറമെ വിമാനക്കമ്പനികളുടെ ഷെഡ്യൂൾ വൈകുന്നത് മറ്റ് സാമ്പത്തിക ചെലവുകളും ഉണ്ടാക്കും. വിമാനങ്ങൾ വൈകുന്നത് കമ്പനികളിൽ യാത്രക്കാർക്കുള്ള വിശ്വാസ്യത നഷ്ടപ്പെടാനും കാരണമാകും. ഇത് ഗുഡ്‍ വില്ലിനെ ബാധിക്കും.
വിമാനം പുറപ്പെടുന്നതിന് മുമ്പാണ് ഭീഷണി സന്ദേശം ലഭിക്കുന്നതെങ്കിൽ വിമാനം ഉടനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റും. തുടർന്ന് വിമാനത്തിനുള്ളിലെ സംശയാസ്പദമായ സാധനങ്ങൾ പരിശോധനക്ക് വിധേയമാക്കും. അത്തരം സന്ദർഭങ്ങളിൽ വിമാന യാത്രക്കാർക്ക് ചായയും വെള്ളവും ഉൾപ്പെടെയുള്ള ലഘു ഭക്ഷണത്തിനുള്ള ക്രമീകരണം വിമാനക്കമ്പനികൾ ഒരുക്കണം. ഫ്ലൈറ്റ് ക്രൂ അംഗങ്ങൾക്കും പൈലറ്റുമാർക്കും അവർ ഓവർ ഡ്യൂട്ടി ചാർജും നൽകേണ്ടിവരും.
ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഇന്ത്യൻ എയർലൈനുകൾക്കും നേരെ വ്യാജ ഭീഷണികളുണ്ടായിരുന്നു. ഭീഷണിസന്ദേശങ്ങൾ വ്യാപകമാവുകയും ആകാശയാത്ര പ്രതിസന്ധിയിലാവുകയും ചെയ്തതതോടെ കേന്ദ്രസർക്കാർ കനത്തനടപടിക്കൊരുങ്ങിയിരുന്നു. വ്യാജഭീഷണികൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും കുറ്റവാളികൾക്ക് ആജീവാനന്ത വിമാനവിലക്കേർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.