വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹരജി: വാദം കേൾക്കുന്നത് മാറ്റി ചീഫ് ജസ്റ്റിസ്
ഹരജികൾ നാലാഴ്ചക്ക് ശേഷം മറ്റൊരു ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: വൈവാഹിക ബലാത്സംഗ കേസുകളിൽ ഭർത്താക്കൻമാർക്ക് അനുവദിച്ച ഇളവ് ചോദ്യം ചെയ്തുള്ള ഹരജികൾ വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്. നവംബർ പത്തിന് ഡി.വൈ ചന്ദ്രചൂഢ് സ്ഥാനമൊഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ മാറ്റിയത്.
ദീപാവലി അവധിക്ക് സുപ്രിംകോടതി അടക്കുന്നതിന് മുമ്പ് വാദം കേൾക്കൾ പൂർത്തിയായില്ലെങ്കിൽ വിധി പറയാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തിൽ വാദങ്ങൾ അവതരിപ്പിക്കാൻ എല്ലാ അഭിഭാഷകർക്കും സമയം അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. ഹരജികൾ നാലാഴ്ചക്ക് ശേഷം മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഒക്ടോബർ 17നാണ് വാദം കേൾക്കൽ ആരംഭിച്ചത്. പഴയ ഐപിസിയും പുതിയ ബിഎൻസും പ്രകാരം പ്രായപൂർത്തിയായ ഭാര്യയെ തന്റെ കൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ ബലാത്സംഗ കുറ്റത്തിന് ഭർത്താവിനെ ശിക്ഷിക്കാൻ സാധ്യമല്ല. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹരജികൾ സമർപ്പിച്ചിട്ടുള്ളത്.
അതേസമയം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, കുടുംബഘടനയിൽ ലൈംഗിക ബന്ധത്തിന് സമ്മതമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കൽ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നു. അതിനൽ തന്നെ നിയമം ഭേദഗതി ചെയ്താൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.