മഹാരാഷ്ട്രയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം
റോഡുകളിലും റെയില്‍പാതകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തെയും ബാധിച്ചു
മഹാരാഷ്ട്രയില്‍ പെയ്യുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളിലും റെയില്‍പാതകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തെയും ബാധിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സ്കൂളുകളും കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിർദ്ദേശം നല്‍കി. ഈ സാഹചര്യത്തില്‍ അസ്സം ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴക്ക് ശമനമാകാത്ത മുംബൈയില്‍ ജനജീവിതം കുടൂതല്‍ ദുസ്സഹമാകുകയാണ്. വെള്ളക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങളായ പരേല്‍ , ധാരാവി. മാട്ടുങ്ക തുടങ്ങിയിടങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമാണ് പ്രധാനമായും വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നത്. മുംബൈയിലും താനെ പാല്‍ഗര്‍ തുടങ്ങിയിടങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴ കുടുതല്‍ കനക്കുമെന്ന് കാലാവസ്ഥനിരീക്ഷണവകുപ്പ് അറിയിച്ചു. റെയില്‍പാതകളിലും വെള്ളം കയറിയിരിക്കുന്നതിനാല്‍ ട്രെയിനുകളുടെ വേഗത നിയന്ത്രിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് കുര്‍ളയില്‍ കെട്ടിടം തകര്‍ന്ന് വീണിരുന്നു. ഞായറാഴ്ച മുംബൈ നഗരത്തില്‍ മാത്രം 13 വീടുകളും സംരക്ഷണഭിത്തികളും തകര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.