മൃഗങ്ങളെ കൊന്നുതിന്നേണ്ട; ‘അഹിംസ ഇറച്ചി’ വിപണിയിലെത്തിക്കുമെന്ന് മനേക ഗാന്ധി
വൈദ്യുതിക്കും വിവര സാങ്കേതികവിദ്യയ്ക്കും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ക്ലീന്‍ മീറ്റെന്ന് മനേക ഗാന്ധി
മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ നിര്‍മ്മിക്കുന്ന ക്ലീന്‍ മീറ്റ് (അഹിംസാ ഇറച്ചി) ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. വൈദ്യുതിക്കും വിവര സാങ്കേതികവിദ്യയ്ക്കും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ഇതെന്നും മനേക ഗാന്ധി പറഞ്ഞു. ഭക്ഷണ സാങ്കേതിക വിപ്ലവത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മനേക ഗാന്ധി.
66 ശതമാനം ജനങ്ങളും ക്ലീന്‍മീറ്റ് സ്വാഗതം ചെയ്യുന്നുവെന്ന് സര്‍വെയില്‍ നിന്ന് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. നിരവധി കമ്പനികള്‍ ക്ലീന്‍മീറ്റ് സാങ്കേതികവിദ്യയ്ക്കായി പണം നിക്ഷേപിക്കാന്‍ തയ്യാറായി രംഗത്തുവരുന്നുണ്ടെന്നും മനേക പറഞ്ഞു. മൃഗങ്ങളെ അറുക്കുന്നത് ഒഴിവാക്കി ലാബുകളില്‍ മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ക്ലീന്‍മീറ്റ്. കള്‍ച്ചേര്‍ഡ് മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ക്ലീന്‍ മീറ്റ് അറിയപ്പെടുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നും ക്ലീന്‍ മീറ്റ് ഇറക്കുമതി ചെയ്യുന്നത് ഏറെ ചെലവേറിയതാണ്. അതുകൊണ്ട് രാജ്യത്തിനുള്ളില്‍ തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് നീക്കം. അഞ്ച് വര്‍ഷം കൊണ്ട് ക്ലീന്‍ മീറ്റ് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനേക പറഞ്ഞു.