മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന് ബി.എസ്.പി പിന്മാറിയതോ കോണ്‍ഗ്രസ് ഒഴിവാക്കിയതോ?
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് ബി.എസ്.പി പിന്‍മാറിയത് കോണ്‍ഗ്രസിന്‍റെ സാധ്യതകളെ ബാധിക്കുമോ? കൂട്ടിയും കിഴിച്ചും വിലയിരുത്തുകയാണ് പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും. എന്നാല്‍ ബി.എസ്.പിയെ കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2013ല്‍ മധ്യപ്രദേശില്‍ 227 സീറ്റില്‍ മത്സരിച്ച ബി.എസ്.പിക്ക് കിട്ടിയത് നാല് സീറ്റ്. 194 സീറ്റില്‍ കെട്ടിവെച്ച പണം നഷ്ടമായി. പതിനായിരത്തിലേറെ വോട്ട് നേടിയത് 64 മണ്ഡലങ്ങളില്‍. 21 എണ്ണത്തില്‍ മുപ്പതിനായിരത്തിലേറെ വോട്ടും കിട്ടി. ആകെ നേടിയത് ആറര ശതമാനത്തോളം വോട്ട്. അധികാരം നിലനിര്‍ത്തിയ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിനെ അപേക്ഷിച്ച് അധികം കിട്ടിയത് ഒന്പത് ശതമാനം വോട്ടാണ്. ബി.എസ്.പി, കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാമെന്ന വാദത്തിന്റെ അടിസ്ഥാനം ഇതാണ്.
എന്നാല്‍ ബി.എസ്.പിയ്ക്ക് സ്വാധീനം കുറഞ്ഞുവരികയാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. 1993ല്‍ 10 സീറ്റില്‍ ജയിച്ച ബി.എസ്.പി, 98ല്‍ നേടിയത് 8 സീറ്റ്. 2003ല്‍ രണ്ട് സീറ്റിലേക്ക് ചുരുങ്ങി. 2008ല്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചെങ്കിലും 2013ല്‍ നാല് സീറ്റിലേക്ക് താഴ്ന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് കിട്ടിയത് നാല് ശതമാനത്തില്‍ താഴെ വോട്ട് മാത്രം. ബി.എസ്.പിയുടെ സ്വാധീനം കുറയുന്നതിന് ഈ കണക്കുകള്‍ തെളിവെന്ന് പി.സി.സി നേതൃത്വം. അതുകൊണ്ടുതന്നെ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ താത്പര്യം കാട്ടിയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മായാവതി ആരോപണവിധേയയായ ഷുഗര്‍ മില്‍ അഴിമതിക്കേസ്, ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടത് 2018 മെയിലാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് തടയാനുള്ള ബ്ലാക്ക്മെയിലിങ്ങായിരുന്നു ഇതെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.