മോദിയുടെ വായ‌്പാ പദ്ധതി: ഗുജറാത്തിലെ കമ്പനി കൊയ‌്തത് കോടികള്‍
2014ൽ മോദിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് നേതൃത്വം നൽകിയ അഖിൽ ഹണ്ഡ ഡയറക്ടറായ ക്യാപിറ്റൽ വേൾഡ‌് എന്ന കമ്പനിയാണ‌് വായ‌്പാ പദ്ധതി വഴി കോടികളുടെ നേട്ടമുണ്ടാക്കിയത‌്.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക‌് 59 മിനിട്ടില്‍ ഒരു കോടി രൂപ വരെ വായ‌്പയെന്ന മോദി സർക്കാരിന്റെ പദ്ധതിയുടെ മറവിൽ ഗുജറാത്തിലെ സ്വകാര്യ കമ്പനി കോടികള്‍ കൊയ്തു. 2014ൽ മോദിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് നേതൃത്വം നൽകിയ അഖിൽ ഹണ്ഡ ഡയറക്ടറായ ക്യാപിറ്റ വേൾഡ‌് എന്ന കമ്പനിയാണ‌് വായ‌്പാ പദ്ധതി വഴി കോടികളുടെ നേട്ടമുണ്ടാക്കിയത‌്. അഹമ്മദാബാദ‌് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യാപിറ്റ വേൾഡ‌്.
നവംബർ രണ്ടിനാണ‌് പ്രധാനമന്ത്രി വായ‌്പാ പദ്ധതി പ്രഖ്യാപിച്ചത‌്. ക്യാപിറ്റ വേൾഡിനായിരുന്നു വെബ് സൈറ്റ‌് നടത്തിപ്പിന്റെ ചുമതല. വായ‌്പയ‌്ക്ക് അപേക്ഷിക്കുന്നവര്‍ ഫീസായി 1180 രൂപ നൽകണം. വായ‌്പ ലഭിച്ചാൽ 0.35 ശതമാനം പ്രോസസിങ‌് ഫീസായും നൽകണം. സ്ഥാപനത്തിന്റെ വരുമാനം വിലയിരുത്തിയാണ് വായ‌്പാതുക നിശ്ചയിക്കുന്നത്. വായ‌്പ നൽകാന്‍ സാധ്യതയുള്ള ബാങ്കുമായി ബന്ധിപ്പിക്കുന്നതും ഇതേ കമ്പനിയാണ്. 1.69 ലക്ഷം അപേക്ഷകളാണ് രണ്ട് ദിവസം കൊണ്ട് എത്തിയത്. പ്രോസസിങ‌് ഫീസായി മാത്രം 82.53 കോടി രൂപ ക്യാപിറ്റ വേൾഡ‌് സ്വന്തമാക്കി. അപേക്ഷാ ഫീസിന് 20 കോടി രൂപ വേറെ ലഭിച്ചു.
സർക്കാർ സംരംഭമായ സിഡ‌്ബിയാണ‌് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക‌് വായ‌്പ നല്‍കാന്‍ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത‌്. സിഡ‌്ബിയെ ഒഴിവാക്കിയാണ് സ്വകാര്യ കമ്പനിക്ക് ഈ ചുമതല നല്‍കിയത്. പദ്ധതി നടത്തിപ്പ‌് വിവാദമായതോടെ ലഭിച്ച അപേക്ഷകളുടെ എണ്ണവും വിതരണം ചെയ‌്ത തുകയും സൈറ്റിൽ നിന്ന‌് നീക്കി. അഹമ്മദാബാദ‌് കേന്ദ്രീകരിച്ചാണ‌് മൂന്ന് വര്‍ഷം മുന്‍പ് ക്യാപിറ്റ വേൾഡ‌് സ്ഥാപിതമായത‌്. മോദിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു ഈ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അഖിൽ ഹണ്ഡ.