റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം

ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരം കവരാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നതിനെത്തുടര്‍ന്നാണ് ആചാര്യക്കെതിരായ നീക്കം.

Update: 2018-11-14 08:46 GMT
Advertising

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരം കവരാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നതിനെത്തുടര്‍ന്നാണ് ആചാര്യക്കെതിരായ നീക്കം. അടുത്ത ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവിശ്വാസം കൊണ്ടുവരാനാണ് ശ്രമം.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തില്‍ കൈ കടത്തുന്ന സര്‍ക്കാരിന് വിപണിയുടെ രോഷം ഏറ്റുവാങ്ങേണ്ടിവരുമെന്ന പരാമര്‍ശമാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യക്കെതിരെ സര്‍ക്കാരിന്റെ രോഷത്തിന് കാരണമായത്.

ആര്‍.ബി.ഐക്ക് മുന്നില്‍ സര്‍ക്കാര്‍ വെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തന്നെ ആചാര്യക്കെതിരായ നീക്കത്തിന് തുടക്കമിടാനാണ് പദ്ധതി. പൊതുമേഖലാ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും വായ്പ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന വ്യവസ്ഥകള്‍ ഇളവ് ചെയ്യുക, കരുതല്‍ ധനത്തില്‍ നിന്ന് കൂടുതല്‍ പണം സര്‍ക്കാരിന് നല്‍കുക തുടങ്ങിയവയാണ് ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് ആര്‍.ബി.ഐ വഴങ്ങിയില്ലെങ്കില്‍ പ്രത്യേകാധികാരം ഉപയോഗിച്ച് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ നിര്‍ദേശങ്ങള്‍ പാസാക്കും. ഒപ്പം ആചാര്യക്കെതിരായ അവിശ്വാസപ്രമേയവും അവതരിപ്പിക്കാനാണ് നീക്കം.

ബോര്‍ഡ് അംഗങ്ങളില്‍ പത്ത് പേരും സര്‍ക്കാര്‍ നിയമിച്ചവരാണ്. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമാണ് റിസര്‍വ് ബാങ്കിന്റെ ഒഫീഷ്യല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ഇതോടെ നവംബര്‍ 19ലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഏറെ നിര്‍ണായകമായിരിക്കുകയാണ്.

Tags:    

Similar News