ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയതായി സംശയം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാകേഷ് അസ്താനയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
അധികാര കേന്ദ്രങ്ങളെ സംശയ നിഴലില്‍ നിര്‍ത്തി സി.ബി.ഐക്കുള്ളിലെ പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക്. തര്‍ക്കങ്ങളുടെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കം ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പുതുതായി ബലപ്പെടുന്ന സംശയം. സി.ബി.ഐ ഡി.ഐ.ജി മനീഷ് സിന്‍ഹ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. വിഷയത്തില്‍ പരിശോധന ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സി.ബി.ഐ ഡി.ഐ.ജി മനീഷ് സിന്‍ഹ അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റം ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സൂചനയുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അഴിമതി ആരോപണത്തില്‍ ചുമതലയില്‍ നിന്ന് നീക്കപ്പെട്ട സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും നടത്തിയ ഫോണ്‍ സംഭാഷണം ഈ ഹരജിയില്‍ സിന്‍ഹ വിശദീകരിച്ചിട്ടുണ്ട്.
അസ്താനക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ഡോവല്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു എന്ന് സിന്‍ഹ പറയുന്നു. ഇതാണ് ഡോവല്‍ ഉള്‍പ്പെടെ ഉന്നതരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കാനുള്ള ഒരു കാരണം. നേരത്തെ ചില കേസുകളില്‍ ഉള്‍പ്പെട്ട ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ രാകേഷ് അസ്താന കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്രയെ അദ്ദേഹത്തിന്‍റെ ലണ്ടന്‍ ഫോണ്‍ നമ്പറില്‍ ഈ മാസം 8ന് വിളിച്ചെന്ന കാര്യവും സിന്‍ഹ ഹരജിയില്‍ പറയുന്നു.
എന്നാല്‍ താന്‍ അന്ന് ലണ്ടനിലുണ്ടായിരുന്നില്ല എന്നാണ് നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര മാധ്യങ്ങളോട് ഇന്നലെ വിശദീകരിച്ചത്. ഇതും ഫോണ്‍ ചോര്‍ത്തല്‍ ബലപ്പെടാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൌരവത്തിലെടുത്തിരിക്കുന്നത്. ചോര്‍ത്തലിനായി വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിമ്മുകള്‍ എടുത്തിരിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ സി.ബി.ഐ കേസ് സുപ്രീംകോടതി ഈ മാസം 29ന് പരഗിണിക്കാനായി മാറ്റി വച്ചിരിക്കുകയാണ്. ഇതിനടെ സിന്‍ഹ സമര്‍പ്പിച്ച ഹരജിയിലെ വിവിരങ്ങള്‍ പരസ്യമായതില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു.