ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

വിഷയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാൻ നിലവിൽ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി

Update: 2024-10-03 16:32 GMT
Advertising

ന്യൂഡൽഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. നിയമവിഷയത്തേക്കാൾ ഇതൊരു സാമൂഹിക വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സമൂഹത്തിൽ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും വിശാലമായ കൂടിയാലോചനകൾ വേണമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാൻ നിലവിൽ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭാര്യ-ഭർതൃ ബന്ധത്തിൽ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നൽകുന്ന നിയമനടപടികളും ഇതിൽ ഉൾപ്പെടുന്നു. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005-ലെ ഗാർഹിക പീഡന നിരോധന നിയമം നിലവിലുള്ളതായും കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു.

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഉൾപ്പടെ നൽകിയ ഹരജികളിൽ സുപ്രിംകോടതി കേന്ദ്രത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിക്കെതിരായാണ് ഹരജിക്കാർ കോടതിയെ സമീപ്പിച്ചത്. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹരജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽനിന്ന് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News