വീണ്ടും വിവാദത്തിൽ ചാടി കങ്കണ; മഹാത്മാ​ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം

ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തി.

Update: 2024-10-03 04:08 GMT
Advertising

ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ ​വിമർശനം. ​ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലായിരുന്നു ​ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.

'രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ'- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രം​ഗത്തെത്തി. 'മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു'- അവർ ട്വിറ്ററിൽ കുറിച്ചു.

ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തി. ​'ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്'- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ​ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു'- അദ്ദേഹം വ്യക്തമാക്കി.

വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രം​ഗത്തെത്തുകയും ചെയ്തു.

പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രം​ഗത്തെത്തിയിരുന്നു.

ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു. കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.

2020-21ല്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്‍ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ‌



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News