പ്രമുഖ ചരിത്രകാരന്‍ മുശീറുല്‍ ഹസന്‍ അന്തരിച്ചു
സാംസ്കാരിക-അക്കാദമിക-രാഷ്ട്രീയ മേഖലയിലെ നിരവധി പേർ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു
പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്‍ലാമിയ കേന്ദ്രസർവകലാശാല മുൻ വെെസ് ചാൻസലറുമായ മുശീറുൽ ഹസൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവശേപ്പിച്ചിരുന്നുവെങ്കിലും, പുലർച്ചെ നാലു മണിക്ക് മരണം സംഭവിക്കുകയായിരുന്നു. സർവകലാശാല ഖബർസ്ഥാനിൽ മൃതദേഹം മറമാടുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
2004 മുതൽ 2009 വരെ ജാമിഅ മില്ലിയയുടെ വി.സിയായി സേവനമനുഷ്ടിച്ചിരുന്ന മുശീറുൽ ഹസൻ, ഇന്ത്യയുടെ വിഭജനാന്തര ചരിത്രത്തിലും, ദക്ഷിണേഷ്യയിലെ മുസ്‍ലിം ചരിത്രത്തിലും, ആധികാരികമായ അറവിന്നുടമയായിരുന്നു. അലീഗഡ്, കേംബ്രിജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയാക്കി. ‘ഇന്ത്യ പാർട്ടീഷൻ: ദ അദർ ഫേസ് ഓഫ് ഫ്രീഡം’, ‘വെൻ സ്റ്റോൺ വാൾസ് ക്രെെ’ ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാഷണൽ ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് അദ്ധ്യക്ഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‍വാൻസ്ഡ് സ്റ്റഡീസ് വെെസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ബട്ട്‍ല ഹൌസ് ഏറ്റുമുട്ടലിന് ശേഷമുള്ള കലുഷിതമായ കാലഘട്ടത്തില്‍, സര്‍വകലാശാലക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം നിന്നു കൊണ്ട് അവകാശ പോരാട്ടത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു മുശീറുല്‍ ഹസന്‍. രണ്ടു വർഷം മുമ്പ് മേവാത്തിലുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തന്റെ ആരോഗ്യസ്ഥിതി പിന്നീട് വഷളാവുകയായിരുന്നു. സാംസ്കാരിക-അക്കാദമിക-രാഷ്ട്രീയ മേഖലയിലെ നിരവധി പേർ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.