മൊഴി മാറ്റി; നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു
തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു പെൺകുട്ടി കൈമാറിയിരുന്നു
യു.പിയിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ ലഖ്‌നൗവിലെ പ്രത്യേക കോടതി വെറുതെ വിട്ടു. ഇര കോടതിയിൽ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പീഡനാരോപണം ഉന്നയിച്ചത്. ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാർഥിനിയായിരുന്ന പെൺകുട്ടി എൽ.എൽ.എം കോഴ്സിൽ പ്രവേശനം ലഭിച്ചതിനെ തുടർന്നു ചിന്മയാനന്ദിന്റെ ആൾക്കാർ അയാളുടെ വീട്ടിലേക്ക് തന്നെ വിളിപ്പിച്ചെന്നും പിന്നീട് കുളിക്കുന്ന വിഡിയോ കാണിച്ച് പീഡനം പതിവാക്കിയന്നുമാണ് അദ്യം മൊഴി നല്‍കിയത്. തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു പെൺകുട്ടി കൈമാറിയിരുന്നു. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായും പെൺകുട്ടി വീഡിയോയിൽ ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ കാണാതായ പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് കേസിൽ സുപ്രീംകോടതിയും ഇടപെട്ടു.
എന്നാൽ വിചാരണക്കിടെ പരാതിക്കാരി മൊഴിമാറ്റി. ചിലരുടെ സമ്മർദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു. ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും കേടതി വെറുതെ വിട്ടു.